ലഹരിയുടെ വ്യാപനം തടയുന്നതിന് കായിക കേന്ദ്രങ്ങൾ വഴിയൊരുക്കുമെന്ന് പി.രാജീവ്
text_fieldsകോഴിക്കോട്: ലഹരിയുടെ വ്യാപനം തടയുന്നതിനുള്ള കൂട്ടായ്മ ഒരുക്കാൻ കായിക കേന്ദ്രങ്ങൾ വഴിയൊരുക്കുമെന്ന് മന്ത്രി പി. രാജീവ്. സഹകരണ മേഖലയിൽ ജില്ലയിലെ ആദ്യ ടർഫ് ''കോ ഓപ്പ് അറീന 3131'' പറവൂർ വടക്കേക്കര സർവീസ് സഹകരണ ബാങ്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ലഹരിക്കെതിരായ പോരാട്ടത്തിൽ സർക്കാർ ഉറച്ച മനസോടെയാണ് മുന്നോട്ട് പോകുന്നത്. സഹകരണ മേഖല നടത്തുന്ന ഇത്തരം സംരംഭങ്ങൾ ഇതിന് മുതൽക്കൂട്ടാവുമെന്നും മന്ത്രി പറഞ്ഞു. പരാപാടിയിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ അധ്യക്ഷത വഹിച്ചു.
സർക്കാരിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന, സഹകരണ മേഖലയിൽ സംസ്ഥാനത്തെ അഞ്ചാമത്തേയും, ജില്ലയിലെ ആദ്യത്തേയും ടർഫാണിത്. 50 ലക്ഷം രൂപ ചിലവിട്ട് നിർമിച്ച ടർഫിൽ ഫുട്ബോൾ, ക്രിക്കറ്റ് എന്നിവ രാത്രിയും പകലും കളിക്കാനുള്ള സൗകര്യമുണ്ട്.
ബാങ്കിന്റെ എ.ടി.എം കാർഡ് വിതരണം കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ നിർവ്വഹിച്ചു. സഹകരണ ജില്ല ജോയിൻന്റ് രജിസ്ട്രാർ കെ. സജീവ് കർത്ത ലോഗോ പ്രകാശിപ്പിച്ചു. സന്തോഷ് ട്രോഫി ടീമിൻ്റെ കോച്ച് സജി ജോയ് മുഖ്യാതിഥിയായി.
പറവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സിംന സന്തോഷ്, ചിറ്റാറ്റുകര പഞ്ചായത്ത് പ്രസിഡൻറ് ശാന്തിനി ഗോപകുമാർ, ജില്ല പഞ്ചായത്തംഗം എ.എസ് അനിൽകുമാർ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ പി.പി അജിത്ത്കുമാർ, ബാങ്ക് പ്രസിഡൻറ് എ.ബി മനോജ്, ടി.ആർ ബോസ്, പഞ്ചായത്തംഗം ഗിരിജ അജിത്ത് കുമാർ, ബാങ്ക് സെക്രട്ടറി കെ.എസ് ജെയ്സി എന്നിവർ സംസാരിച്ചു. ടർഫ് സന്ദർശിച്ച മന്ത്രിയും പ്രതിപക്ഷ നേതാവും പോസ്റ്റിലേക്ക് ഗോളടിച്ചാണ് മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.