കരുമാല്ലൂർ-കുന്നുകര കുടിവെള്ള പദ്ധതി തുക 51.30 കോടി രൂപയായി ഉയർത്തിയെന്ന് പി.രാജീവ്
text_fieldsകൊച്ചി : കുന്നുകര - കരുമാല്ലൂർ പഞ്ചായത്തുകളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്ന കുടിവെള്ള പദ്ധതിയുടെ അടങ്കൽ തുക 51.30 കോടി രൂപയായി ഉയർത്തിയെന്ന് മന്ത്രി പി.രാജീവ്. പദ്ധതിയുമായി ബന്ധപ്പെട്ട് കരുമാല്ലൂർ പഞ്ചായത്തിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒന്നര വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കും. പദ്ധതിയുടെ വിശദ പദ്ധതി റിപ്പോർട്ട് (ഡി.പി. ആർ) തയാറാക്കാൻ വാട്ടർ അതോറിറ്റിക്ക് സർക്കാർ നിർദ്ദേശം നൽകി. 36.50 കോടി രൂപയാണ് പദ്ധതിക്കായി നിർദ്ദേശിച്ചിരുന്ന അടങ്കൽ തുക. പദ്ധതി ശേഷി ഒൻപത് ദശലക്ഷം ലിറ്ററിൽ നിന്ന് 20 ദശലക്ഷം ലിറ്ററായി ഉയർത്തിയതിനാലാണ് പദ്ധതി തുക വർധിപ്പിച്ചത്. രണ്ടുകോടി ലിറ്റർ വെള്ളം പ്രതിദിനം പമ്പ് ചെയ്യാൻ ഇതിലൂടെ സാധിക്കും.
കഴിഞ്ഞവർഷം ജൂൺ 27 ന് ആരംഭിച്ച മണ്ണ് പരിശോധന മൂന്നുമാസത്തിനുള്ളിൽ പൂർത്തിയാക്കി സർവ്വേ ആരംഭിച്ചു. തുടർന്ന് പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കൽ പൂർത്തിയാക്കി, കിഫ്ബി തഹസിൽദാർ വാട്ടർ അതോറിറ്റിക്ക് ഭൂമി കൈമാറി. കുന്നുകര പഞ്ചായത്തിലെ 86.5 സെന്റ് ഭൂമിയും കരുമാല്ലൂർ പഞ്ചായത്തിലെ 12 സെന്റ് സ്ഥലവുമാണ് പദ്ധതിക്കായി ഏറ്റെടുത്തത്.
സ്ഥലമേറ്റടുപ്പിന് മാത്രമായി കിഫ്ബി അനുവദിച്ച 2.40 കോടി രൂപ ആദ്യ ഘട്ടത്തിലും 57.95 ലക്ഷം രൂപ പിന്നീടും നൽകി. പദ്ധതിക്കായി കിണർ, ജല ശുദ്ധീകരണശാല, ജലസംഭരണികൾ എന്നിവ നിർമ്മിക്കുന്നതിനായാണ് സ്വകാര്യ ഭൂമി ഏറ്റെടുത്തത്. പദ്ധതിയിലൂടെ മേഖലയിലെ കുടിവെള്ള പ്രശ്നത്തിന് 50 വർഷത്തേക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു. 20 എം. എൽ.ഡി ജലവിതരണശേഷിയുള്ള സമാനമായ പദ്ധതി ആലങ്ങാട് ഗ്രാമപഞ്ചായത്തിലും നടപ്പിലാക്കും.
കളമശ്ശേരി നിയോജകമണ്ഡലത്തിലെ കുടിവെള്ള വിതരണം മെച്ചപ്പെടുത്തുന്നതിനും വിപുലപ്പെടുത്തുന്നതിനുമായി ജൽ ജീവൻ മിഷൻ പദ്ധതിയുടെ ടെണ്ടർ നടപടികൾ ആരംഭിച്ചു. കടുങ്ങല്ലൂരിൽ 32.58 കോടി രൂപയുടെയും ആലങ്ങാട് 18.51 കോടി രൂപയുടെയും ടെണ്ടർ നടപടികളാണ് ആരംഭിച്ചത്. 134.07 കോടി രൂപയുടെ ജല്‍ ജീവൻ മിഷൻ പദ്ധതിക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ജൽ ജീവൻ മിഷനിലൂടെ കരുമാലൂർ - കുന്നുകര പഞ്ചായത്തുകളിൽ അനുമതി നൽകിയ 43 കോടി രൂപയുടെ പദ്ധതി പ്രവൃത്തികളും പുരോഗമിക്കുന്നു. 60 കി.മീ പൈപ്പ് മാറ്റി സ്ഥാപിക്കൽ പൂർത്തിയായി.
കടുങ്ങല്ലൂർ പഞ്ചായത്തിൽ 72.4 8 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചു. 9200 കുടുംബങ്ങൾക്ക് ഗാർഹിക കണക്ഷൻ നൽകാൻ സാധിക്കും. മുപ്പത്തടം ജല ശുദ്ധീകരണശാലയിലേക്കുള്ള പമ്പിങ് സംവിധാനം മാറ്റി സ്ഥാപിക്കുക,ഉളിയന്നൂർ കുഞ്ഞുണ്ണിക്കര പൈപ്പ് ലൈൻ സ്ഥാപിക്കുക തുടങ്ങിയ പ്രവൃത്തികളും കടുങ്ങല്ലൂർ പഞ്ചായത്തിൽ പൂർത്തിയാക്കും.
61.59 ലക്ഷം രൂപയുടെ പദ്ധതിക്ക് ആലങ്ങാട് പഞ്ചായത്തിൽ ഭരണാനുമതി നൽകിയിട്ടുണ്ട്. 4000 ഗാർഹിക കണക്ഷനുകൾ പഞ്ചായത്തിൽ നൽകാൻ ഇതിലൂടെ സാധിക്കും. മുപ്പത്തടത്ത് നിന്നും മാഞ്ഞാലി, ആലങ്ങാട്, യു.സി കോളേജ് എന്നിവിടങ്ങളിലേക്കുള്ള പമ്പിംഗ് സംവിധാനങ്ങൾ മാറ്റി സ്ഥാപിക്കൽ എന്നീ പ്രവൃത്തികളും ആലങ്ങാട് പഞ്ചായത്തിൽ പൂർത്തിയാക്കും. മണ്ഡലത്തിലെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിൽ നിർണ്ണായക ചുവട് വയ്പാണ് ജൽ ജീവൻ മിഷൻ പദ്ധതിയെന്നും രണ്ടു പദ്ധതികളുംപൂർത്തിയാകുന്നതോടെ കളമശ്ശേരി മണ്ഡലത്തിന്റെ കുടിവെള്ള പ്രശ്നത്തിന് പ പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.
കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലതാ ലാലു, വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി, പഞ്ചായത്ത് അംഗം എ.എം അലി തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.