സംരംഭ വർഷത്തിന്റെ ഭാഗമായി വ്യവസായ മേഖലയിൽ സംഭവിച്ചത് വലിയ മാറ്റങ്ങളെന്ന് പി. രാജീവ്
text_fieldsകൊച്ചി: സംരംഭക വർഷത്തിന്റെ ഭാഗമായി കേരളത്തിലെ വ്യവസായികാന്തരീക്ഷത്തിൽ വലിയ മാറ്റങ്ങൾ സംഭവിച്ചുവെന്ന് മന്ത്രി പി. രാജീവ്. വ്യവസായ വാണിജ്യ വകുപ്പും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയും ചേര്‍ന്ന് ആരംഭിച്ച എം.എസ്.എം.ഇ ഹെല്‍പ് ഡെസ്‌ക്കിൻ്റെയും ടാക്സ് ഓഡിറ്റ് സംബന്ധിച്ച ഏകദിന സെമിനാറിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേരളത്തിലുണ്ടായ ഈ മാറ്റം നിലനിർത്താനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. സംരംഭക വർഷത്തിന്റെ ഭാഗമായി ഇതുവരെ 1,39,000 സംരംഭങ്ങൾ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു. 45,000 സ്ത്രീ സംരംഭങ്ങളും ആരംഭിച്ചു. സംരംഭകർക്ക് മികച്ച അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി പദ്ധതിയുടെ ഭാഗമായി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് നാല് ശതമാനം പലിശക്ക് വായ്പ ലഭ്യമാക്കുന്നതിനുള്ള പ്രത്യേക പദ്ധതിയും നടപ്പിലാക്കി.
മറ്റ് സംസ്ഥാനങ്ങളിലെ വ്യവസായ സ്ഥാപനങ്ങൾക്ക് വെല്ലുവിളിയായി കേരളത്തിലെ വ്യവസായിക മേഖല മാറുകയാണ്. ഇതിന് ഉദാഹരണമാണ് പുതിയതായി 1026 വെളിച്ചെണ്ണ മില്ലുകൾ ഇവിടെ ആരംഭിച്ചത്. കുറഞ്ഞ ചെലവിൽ ആരംഭിച്ച ഇത്തരം വ്യവസായ സംരംഭങ്ങൾ വഴി ഗുണനിലവാരമുള്ള ഉൽപ്പന്നങ്ങളാണ് ജനങ്ങൾക്ക് ലഭിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരള വ്യവസായ നയം 2023 ന്റെ ഭാഗമായി വ്യവസായങ്ങളുടെ വളർച്ച സാധ്യമാക്കുന്നതിനായി എയ്‌റോസ്‌പേസ് ആൻഡ് ഡിഫൻസ് നിർമിത ബുദ്ധി, റോബോട്ടിക്‌സ്, ഇലക്ട്രോണിക്‌സ് സിസ്റ്റം, ഭക്ഷ്യ സാങ്കേതിക വിദ്യകൾ, ലോജിസ്റ്റിക്‌സ് ആൻഡ് പാക്കേജിങ്ങ് എന്നിങ്ങനെ 22 മുൻഗണനാ മേഖലകൾ കണ്ടെത്തി. ഇതിലൂടെ ഇത്തരം മേഖലകളിൽ ഉയർന്ന തൊഴിൽ വൈദഗ്ധ്യമുള്ളവർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ സാധിക്കും.
പുതിയ സംരംഭങ്ങൾ കേരളത്തിലേക്ക് കടന്നുവരുന്നത് അഭിമാനമാണ്. ഇത്തരം സംരംഭങ്ങൾ മുന്നോട്ട് പോകാൻ സർക്കാർ മാത്രമല്ല എല്ലാവരുടെയും കൂട്ടായ പിന്തുണ വേണമെന്നും മന്ത്രി പറഞ്ഞു. ടാക്സ് ഓഡിറ്റ് സംബന്ധമായ വിഷയങ്ങളെ കുറിച്ച് ചാർട്ടേഡ് അക്കൗണ്ടൻ്റുമാരായ വി രാമനാഥ്, കെ ചൈതന്യ എന്നിവർ ക്ലാസുകൾ നയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.