കുന്നുകര, കരുമാലൂർ കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് പി.രാജീവ്
text_fieldsകൊച്ചി :കളമശ്ശേരി മണ്ഡലത്തിലെ കുന്നുകര, കരുമാലൂർ പഞ്ചായത്തുകളിലെ കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമായി കുടിവെള്ള പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മന്ത്രി പി. രാജീവ്. കുന്നുകര മലായികുന്നിലെ നിർദിഷ്ട ജലസംഭരണ പദ്ധതി പ്രദേശം സന്ദർശിക്കുകയായിരുന്നു അദ്ദേഹം.
ഭാവിയിൽ 50 വർഷക്കാലം രണ്ടു പഞ്ചായത്തിലും കുടിവെള്ളക്ഷാമം ഉണ്ടാകാത്ത തരത്തിൽ 20 ദശലക്ഷം ലിറ്റർ വെള്ളം പ്രതിദിനം പമ്പ് ചെയ്യാൻ കഴിയുന്ന ശുദ്ധീകരണശാലയാണ് കുന്നുകര പഞ്ചായത്തിലെ മലായികുന്നിൽ നിർമ്മിക്കുന്നത്.
കോവിഡിന്റെ പ്രതിസന്ധികൾക്കിടയിലും രണ്ട് പഞ്ചായത്തുകളിലും പദ്ധതിക്കുള്ള സ്ഥലം ഏറ്റെടുപ്പ് മൂന്നു മാസത്തിനുള്ളിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. കിഫ്ബിയിൽ നിന്ന് തുക അനുവദിച്ചാണ് സ്ഥലമേറ്റെടുപ്പ് പൂർത്തിയായത്. ജലജീവൻ മിഷന്റെ ഭാഗമായി കുടവെള്ള പൈപ്പ് ഇടുന്ന പ്രവർത്തനങ്ങളും ആരംഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.
കുന്നുകര പഞ്ചായത്തിൽ 86.5 സെന്റ് ഭൂമിയും കരുമാല്ലൂർ പഞ്ചായത്തിൽ 12 സെന്റ് ഭൂമിയുമാണ് പദ്ധതിക്കായി ഏറ്റെടുത്തിരിക്കുന്നത്. സ്ഥലമേറ്റെടുപ്പിനായി കിഫ്ബിയിൽ നിന്ന് 2.40 കോടി രൂപ ആദ്യം അനുവദിച്ചിരുന്നു.
ഇതു മതിയാകാതെ വന്നതിനെത്തുടർന്ന് 57.95 ലക്ഷം രൂപ കൂടി അനുവദിച്ചാണ് സ്ഥലം ഏറ്റെടുപ്പ് പൂർത്തിയായത്. ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കി കിഫ്ബി സ്പെഷ്യൽ തഹസിൽദാർ വാട്ടർ അതോറിറ്റിക്ക് ഭൂമി കൈമാറി. കുടിവെള്ള പദ്ധതിയുടെ ഉൽപ്പാദന ഘടകങ്ങളായ കിണർ, ജല ശുദ്ധീകരണ ശാല, ജലസംഭരണികൾ എന്നിവ നിർമ്മിക്കുന്നതിനാണ് ഭൂമി ഏറ്റെടുത്തിരിക്കുന്നത്.
കുന്നുകര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു, വൈസ് പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, കരുമാലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, വാട്ടർ അതോറിറ്റി പ്രൊജക്റ്റ് ഡിവിഷൻ പെരുമ്പാവൂർ എക്സിക്യൂട്ടീവ് എൻജിനീയർ വി.കെ ജയശ്രീ, കിഫ്‌ബി ഉദ്യോഗസ്ഥർ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവരും മന്ത്രിയോടൊപ്പം സ്ഥലം സന്ദർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.