തീക്ഷ്ണ പാതകൾ പിന്നിട്ട് പി. രാജീവ്
text_fieldsകൂത്തുപറമ്പ് വെടിവെപ്പിൽ അഞ്ചുപേർ മരിച്ച 1994 നവംബർ 25. സമരം തിളച്ചുനിന്ന ആ പകലിൽ എറണാകുളം അബാദ് പ്ലാസയിലെ പരിപാടിക്കെത്തിയ മുഖ്യമന്ത്രി കെ. കരുണാകരനെ കരിങ്കൊടി കാണിച്ചവരെ തിരഞ്ഞുപിടിച്ചായിരുന്നു പൊലീസിെൻറ ക്രൂരമർദനം. അസിസ്റ്റൻറ് കമീഷണറുടെ നേതൃത്വത്തിൽ എട്ടോളം പൊലീസുകാരായിരുന്നു തല്ലുകാർ. സമരക്കാരെ ഇടിവണ്ടിയിൽ കയറ്റി നഗരം ചുറ്റിയായിരുന്നു മർദനം. തല്ലുകൊണ്ടത് എസ്.എഫ്.ഐ ജില്ല സെക്രട്ടറി പി. രാജീവ്, ലോ അക്കാദമി വിദ്യാർഥിയും ഇപ്പോൾ അഭിഭാഷകനുമായ എൻ. സതീശ്, ഇപ്പോൾ കെ.എസ്.ഇ.ബി ജീവനക്കാരനായ പുഷ്പാകരൻ, ചുമട്ടുതൊഴിലാളികളായ അബു, നാസർ എന്നിവർ. പിന്നീട് കോടതിയിൽ നിന്ന് കൊണ്ടുപോയത് ആശുപത്രിയിലേക്ക്. 30 വർഷത്തെ രാഷ്ട്രീയജീവിതത്തിെൻറ മറ്റൊരു അധ്യായമായി പി. രാജീവ് മന്ത്രിപദത്തിലേക്ക് എത്തുേമ്പാൾ പിന്നിട്ടത് കാലംതീർത്ത അനേകം കനൽപ്പാതകൾ.
തൃശൂർ മേലഡൂർ സ്വദേശിയായ പി. രാജീവ് പരേതനായ റവന്യൂ ഇൻസ്പെക്ടർ പി. വാസുദേവെൻറയും രാധയുടെയും മകനാണ്. മേലഡൂർ ഗവ. സമിതി ഹൈസ്കൂൾ, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനുശേഷം കളമശ്ശേരി സെൻറ് പോൾസിൽനിന്ന് ഇക്കണോമിക്സ് ബിരുദവും എറണാകുളം ലോ കോളജിൽനിന്ന് എൽഎൽ.ബിയും നേടി. കളമശ്ശേരി ഗവ. പോളിടെക്നിക്കിൽനിന്ന് കെമിക്കൽ എൻജിനീയറിങ്ങിൽ ഡിേപ്ലാമയും കരസ്ഥമാക്കി. ഹൈകോടതിയിൽ അഭിഭാഷകനുമായിരുന്നു. എസ്.എഫ്.ഐ സംസ്ഥാന പ്രസിഡൻറും സെക്രട്ടറിയുമായി. കേന്ദ്ര കമ്മിറ്റി ജോയൻറ് സെക്രട്ടറി, വൈസ് പ്രസിഡൻറ് സ്ഥാനങ്ങളും വഹിച്ചു. ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയായിരുന്നു. 2015 മുതല്‍ 2018 വരെ സി.പി.എം എറണാകുളം ജില്ല സെക്രട്ടറിയായി. സി.ഐ.ടി.യു നേതൃത്വത്തിലും പ്രവർത്തിച്ചിട്ടുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കാർബോറാണ്ടം യൂനിവേഴ്സൽ കമ്പനി എന്നിവിടങ്ങളിലെ ട്രേഡ് യൂനിയൻ നേതാവായി. 2009 മുതല്‍ 2015 വരെ കേരളത്തില്‍നിന്നുള്ള രാജ്യസഭാംഗമായിരുന്നു. നിലവില്‍ 'ദേശാഭിമാനി'യുടെ മുഖ്യപത്രാധിപരും സി.പി.എം സംസ്ഥാന സെക്രേട്ടറിയറ്റ് അംഗവുമാണ്.
മികച്ച പാർലമെേൻററിയനെന്ന് എതിർ കക്ഷികൾ പോലും സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. രാജ്യസഭ എം.പി സ്ഥാനത്തുനിന്ന് രാജീവ് ഒഴിവാകുന്നതോടെ തങ്ങളുടെ ജോലി എളുപ്പമാകുമെന്നായിരുന്നു ബി.ജെ.പി നേതാവും ധനമന്ത്രിയുമായ അരുണ്‍ ജയ്റ്റ്ലി പോലും വിശേഷിപ്പിച്ചത്. രാജീവ് ഒരു ടേംകൂടി പാര്‍ലമെൻറിൽ വേണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് രാജീവിനെ വിശേഷിപ്പിച്ചത് സഭാചട്ടങ്ങളുടെ വിജ്ഞാനകോശമെന്നാണ്. മായാവതി, ശരദ് യാദവ്, ഡെറിക് ഒബ്രിയന്‍ തുടങ്ങിയവരും അതുതന്നെ പറഞ്ഞു. 2013ല്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസഭയില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്യാനും രാജീവിന് കഴിഞ്ഞു.
കുസാറ്റിൽ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ അധ്യാപികയും ഡയറക്ടറുമായ എ. വാണി കേസരിയാണ് ഭാര്യ. സ്കൂൾ വിദ്യാർഥികളായ ഹൃദയ, ഹരിത എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.