സംരംഭങ്ങൾക്ക് സഹായങ്ങൾ നൽകുന്ന മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് പുരസ്കാരങ്ങൾ നൽകുമെന്ന് പി. രാജീവ്
text_fieldsകൊച്ചി: സംരംഭങ്ങൾക്ക് സഹായങ്ങൾ നൽകുന്ന മികച്ച തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ തിരഞ്ഞെടുത്ത് പുരസ്കാരങ്ങൾ നൽകുമെന്ന് മന്ത്രി പി രാജീവ്. വ്യവസായ വകുപ്പിന് കീഴിലുള്ള പൊതു മേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തന മികവിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ അവാർഡുകൾ പ്രഖ്യാപിക്കുകയായിരുന്നു അദ്ദേഹം.
സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ മികച്ച എം.എസ്.എം.ഇ, മികച്ച എക്സ്പോർട്ടിങ് ഇൻഡസ്ട്രി തുടങ്ങി സംരംഭക മേഖലയിൽ വിവിധ പുരസ്കാരങ്ങൾ ഏർപ്പെടുത്തും. പൊതുമേഖലാ സ്ഥാപനങ്ങളുടെ പ്രവർത്തനം കൂടുതൽ മികവുറ്റതാക്കുന്നതിനായി ആവിഷ്കരിച്ച വിവിധ പദ്ധതികളുടെ ഭാഗമായാണ് അവാർഡുകൾ ഏർപ്പെടുത്തിയത്. സംസ്ഥാനത്തെ മികച്ച പൊതു മേഖലാ സ്ഥാപനം, മികച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ എന്നീ പുരസ്കാരങ്ങൾക്കൊപ്പം വ്യവസായ മേഖലയെക്കുറിച്ചുള്ള മികച്ച റിപ്പോർട്ടിംഗിനായി ഏർപ്പെടുത്തിയ മാധ്യമ അവാർഡുകളും പ്രഖ്യാപിച്ചു.
നാല് വിഭാഗങ്ങളിലായാണ് മികച്ച പൊതു മേഖലാ സ്ഥാപനങ്ങൾക്കുള്ള അവാർഡുകൾ. മാനുഫാക്ചറിംഗ് മേഖലയിൽ 100 കോടി രൂപക്ക് മുകളിൽ വിറ്റുവരവുള്ള സ്ഥാപനം, 25 കോടി രൂപക്ക് മുകളിലും 100 കോടി രൂപക്ക് താഴെയും വിറ്റുവരവുള്ള സ്ഥാപനം, 25 കോടി രൂപക്ക് താഴെ വിറ്റുവരവുള്ള സ്ഥാപനം, മാനുഫാക്ചറിംഗ് ഇതര മേഖലയിലെ മികച്ച പൊതുമേഖലാ സ്ഥാപനം എന്നീ വിഭാഗങ്ങളിലാണ് അവാർഡുകൾ. കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ രേഖപ്പെടുത്തിയ വാർഷിക വളർച്ചാനിരക്ക് ഉൾപ്പെടെയുള്ള ഘടകങ്ങൾ പരിഗണിച്ചാണ് അവാർഡ് നിർണ്ണയിച്ചത്.
മികച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ/മാനേജിംഗ് ഡയറക്ടർക്കുള്ള പുരസ്കാരത്തിനായി സ്ഥാപനത്തിന്റെ പ്രകടനവും നേതൃപാടവവും കൈവരിച്ച പ്രത്യേക നേട്ടങ്ങളും പരിഗണിച്ചതായി അവാർഡ് നിർണ്ണയ സമിതി അറിയിച്ചു. ഇത്തവണ രണ്ട് പേർ ഈ അവാർഡ് പങ്കിട്ടു. സംസ്ഥാനത്തിന്റെ വ്യവസായ വളർച്ചക്ക് സഹായകരമായ മാധ്യമറിപ്പോർട്ടുകൾക്ക് ഏർപ്പെടുത്തിയ പുരസ്കാരങ്ങൾ അച്ചടി-ദൃശ്യ മാധ്യമങ്ങൾക്കാണ് നൽകുന്നത്. അഞ്ച് ലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് മികച്ച പൊതുമേഖലാ സ്ഥാപനത്തിനുള്ള പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിഫലകവുമാണ് മികച്ച മാനേജിംഗ് ഡയറക്ടർക്കുള്ള പുരസ്കാരം. അച്ചടി-ദൃശ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കുള്ള ആദ്യ മൂന്ന് അവാർഡുകൾക്ക് യഥാക്രമം 50000, 25000, 10000 രൂപ വീതവും പ്രശസ്തിഫലകവും ലഭിക്കും.
കെ.എസ്.ഐ.ഡി.സി ചെയർമാൻ പോൾ ആന്റണി, വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ബി.പി.സി.എൽ - കൊച്ചി റിഫൈനറി മുൻ എക്സിക്യൂട്ടിവ് ഡയറക്റ്റർ ഇ. നന്ദകുമാർ എന്നിവരടങ്ങിയ സമിതിയാണ് പൊതുമേഖലാ അവാർഡുകൾ നിർണയിച്ചത്. വ്യവസായ വകുപ്പ് ഡയറക്ടർ എസ്. ഹരികിഷോർ, മീഡിയ അക്കാദമി ചെയർമാൻ ആർ.എസ്.ബാബു, ദി ഹിന്ദു ഡെപ്യൂട്ടി എഡിറ്റർ എ.എം. ജിഗീഷ് എന്നിവരടങ്ങിയ സമിതിയാണ് മാധ്യമ അവാർഡുകൾ നിശ്ചയിച്ചത്.
പുരസ്കാര ജേതാക്കൾ
മികച്ച പൊതുമേഖലാ സ്ഥാപനം (മാനുഫാക്ചറിംഗ് -100 കോടി രൂപക്ക് മുകളിൽ വിറ്റുവരവുള്ള വിഭാഗം) - ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, (മാനുഫാക്ചറിംഗ് -100 കോടി രൂപക്ക് താഴെയും 25 കോടി രൂപക്ക് മുകളിലും വിറ്റുവരവുള്ള വിഭാഗം) - മലപ്പുറം കോ- ഓപ്പറേറ്റീവ് സ്പിന്നിങ് മിൽസ്, (മാനുഫാക്ചറിംഗ് - 25 കോടി രൂപക്ക് താഴെ വിറ്റുവരവുള്ള വിഭാഗം) - കേരളാ സിറാമിക്സ് ലിമിറ്റഡ്, (മാനുഫാക്ചറിംഗ് ഇതര മേഖല) -കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപ്പറേഷൻ,
മികച്ച ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ / മാനേജിംഗ് ഡയറക്ടർ- കെ. ഹരികുമാർ (എം.ഡി, ട്രാവൻകൂർ കൊച്ചിൻ ലിമിറ്റഡ്) പി. സതീഷ്കുമാർ (എം.ഡി, കേരളാ സിറാമിക്സ് ലിമിറ്റഡ്)
മാധ്യമ പുരസ്കാരങ്ങൾ (അച്ചടി വിഭാഗം)
ഒന്നാം സ്ഥാനം- എം.ബി. സന്തോഷ്, മെട്രോ വാർത്ത. ('ദാക്ഷായണി ബിസ്കറ്റും സംരംഭക വർഷവും), രണ്ടാം സ്ഥാനം- എ. സുൾഫിക്കർ, ദേശാഭിമാനി (കേരളാ പേപ്പർ പ്രോഡക്ട്സിനെക്കുറിച്ച് തയ്യാറാക്കിയ ഫീനിക്സ് എന്ന റിപ്പോർട്ട്), മൂന്നാം സ്ഥാനം-ആർ. അശോക് കുമാർ, ബിസിനസ് പ്ളസ് (കേരളം നിക്ഷേപ സൗഹൃദമാണ്).,
ദൃശ്യ മാധ്യമ വിഭാഗം
ഒന്നാം സ്ഥാനം - ഡോ.ജി.പ്രസാദ് കുമാർ, മാതൃഭൂമി ന്യൂസ് (പവർ ടില്ലർ കയറ്റുമതിയെക്കുറിച്ചുള്ള റിപ്പോർട്ട്), രണ്ടാം സ്ഥാനം - എസ്. ശ്യാംകുമാർ, ഏഷ്യാനെറ്റ് (കേരളാ പേപ്പർ പ്രോഡക്ട്സിനെക്കുറിച്ചുള്ള റിപ്പോർട്ട്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.