മൂല്യവർധിത ഉത്‌പന്നങ്ങൾക്കായി സഹകരണ ബാങ്കുകൾ പ്രത്യേക പദ്ധതി നടപ്പിലാക്കുമെന്ന് പി. രാജീവ്
text_fieldsകൊച്ചി: മൂല്യ വർധിത ഉത്പന്നങ്ങൾക്കായി സഹകരണ ബാങ്കുകൾ പ്രത്യേക പദ്ധതി നടപ്പിലാക്കുന്നുണ്ടെന്നും ഇതിനായി ഒരു ശതമാനം പലിശയിൽ രണ്ട് കോടി വരെ വായ്പ നൽകുമെന്നും മന്ത്രി പി രാജീവ്. കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ ഭാഗമായി കടുങ്ങല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച നടീൽ ഉത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിക്കൊപ്പം കളമശേരി പദ്ധതിയുടെ നാലാമത്തെ നടീൽ ആണിത്. വിഷു, ഓണം, ഈസ്റ്റർ തുടങ്ങിയ വിശേഷദിവസങ്ങളെ മുൻനിർത്തി അല്ലാതെ എല്ലാകാലത്തും കാലത്തിനനുസരിചുള്ള പച്ചക്കറികൾ കൃഷി ചെയ്യണമെന്നും കൃഷിയുടെ കാര്യത്തിൽ നാട്ടിൽ നല്ല മാറ്റം പ്രകടമാണെന്നും മന്ത്രി പറഞ്ഞു.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകശ്രീ കേന്ദ്രം ഉദ്ഘാടനം ചെയ്തു. അടുത്തവർഷം ആലങ്ങാട് ശർക്കര യാഥാർഥ്യമാകും. സംരംഭക വർഷത്തിന്റെ ഭാഗമായി 1026 വെളിച്ചെണ്ണ മില്ലുകളും 1260 കൊപ്ര ഡ്രൈയറുകളും കേരളത്തിൽ ആരംഭിച്ചു. മായം ചേർക്കാതെ മുളക്, മല്ലി, മഞ്ഞൾ എന്നിവ തൽസമയം പൊടിച്ച് നൽകുന്ന യൂണിറ്റുകൾക്കും തുടക്കമായെന്ന് മന്ത്രി പറഞ്ഞു.
സഹകരണ ബാങ്കിന്റെ കീഴിൽ കൃഷി ചെയ്യുന്നതിനായി രൂപീകരിച്ചിട്ടുള്ള സ്വാശ്രയ ഗ്രൂപ്പുകളുടെ വാർഡുതല നടീൽ ഉദ്ഘാടനമാണ് പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നടന്നത്. സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒരേക്കർ തരിശു സ്ഥലത്തെ പച്ചക്കറി കൃഷിക്കാണ് ഇന്ന് മന്ത്രിയുടെ നേതൃത്വത്തിൽ തുടക്കമിട്ടത്. പച്ചക്കറി, കപ്പ, നെൽ, വാഴ, പൂവ് തുടങ്ങി വിവിധ കൃഷികൾ സഹകരണ ബാങ്കിന്റെ ധനസഹായത്തോടെ പഞ്ചായത്തിൽ നടന്നുവരുന്നു. കൃഷി ചെയ്യാൻ താല്പര്യമുള്ളവരെ കണ്ടെത്തി ഗ്രൂപ്പുകൾ രൂപീകരിച്ചാണ് ബാങ്ക് ധനസഹായം നൽകുന്നത്.
കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കടങ്ങല്ലൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എസ്.കെ സജിവ്, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ആർ രാമചന്ദ്രൻ, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ചീഫ് കോ - ഓഡിനേറ്റർ എം.പി വിജയൻ, ബാങ്ക് ഭരണസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.