കെ ഫോൺ കളമശ്ശേരിയിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പി. രാജീവ്
text_fieldsതിരുവനന്തപുരം: കെ ഫോൺ പദ്ധതി വഴി കളമശ്ശേരി നിയോജക മണ്ഡലത്തിൽ വലിയ മാറ്റങ്ങൾ സാധ്യമാകുമെന്ന് മന്ത്രി പി. രാജീവ്. കെ ഫോൺ പദ്ധതിയുടെ കളമശ്ശേരി നിയോജക മണ്ഡലതല ഉദ്ഘാടന ചടങ്ങിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സംസ്ഥാനം ആദ്യമായാണ് ഇന്റർനെറ്റ് ജനങ്ങളുടെ അവകാശമായി പ്രഖ്യാപിക്കുന്നത്. പദ്ധതിയെ പ്രഖ്യാപനമായി മാത്രം നിർത്താതെ പ്രായോഗികമാക്കുകയാണ് സർക്കാർ. ഇതൊരു ചരിത്ര മുഹൂർത്തമാണെന്നും മന്ത്രി പറഞ്ഞു.
വീടുകൾക്ക് പുറമെ സർക്കാർ ഓഫീസുകളിലും അതിവേഗ ഇന്റർറ്റനെറ്റ് എത്തുന്നത് വഴി സേവനങ്ങൾ കൂടുതൽ വേഗത്തിലും കാര്യക്ഷമമായും പൊതുജനങ്ങൾക്ക് ലഭ്യമാക്കാൻ കഴിയും. അതുപോലെ വിദ്യാലയങ്ങളിലെ പഠന നിലവാരം ഉയർത്തുന്നതിനും പദ്ധതി സഹായകരമാകും. പാവപ്പെട്ടവർക്ക് സൗജന്യമായി ഇൻറ്റർനെറ്റ് സേവനം ലഭ്യമാകുന്നതോടെ അവരുടെ ജീവിതത്തിലും മാറ്റം വരും. അങ്ങനെ സമസ്ത മേഖലയെയും പുരോഗമനപരമായി സ്വാധീനിക്കുന്ന പദ്ധതിയാണ് കെ ഫോൺ എന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തെ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ച്ചർ ശക്തവും കാര്യക്ഷമമാക്കുന്നതിനായി സർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോൺ. സുശക്തമായ ഒപ്റ്റിക്കൽ ഫൈബർ ശൃംഖല സംസ്ഥാനത്തുടനീളം സ്ഥാപിച്ച് അതിവേഗ ഇന്റർനെറ്റ് കണക്ഷൻ എല്ലാവർക്കും ഉറപ്പാക്കുകയാണ് ഉദ്ദേശം. പാവപ്പെട്ട ജനങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും പദ്ധതി വഴി ഇന്റർനെറ്റ് സേവനം ലഭ്യമാകും.
കുസാറ്റ് ഓപ്പൺ ഓപ്പൺ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ കലക്ടർ എൻ.എസ്. കെ ഉമേഷ്, ഏലൂർ നഗരസഭ ചെയർമാൻ എ.ഡി സുജിൽ, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, കരുമാലൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീലത ലാലു, കളമശ്ശേരി നഗരസഭ വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കെ.എച്ച് സുബൈർ, കൗൺസിലർ ടി.എ അസൈനാർ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.