പരിമിതികളെ അതിജീവിച്ച് തീരസംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് പി. രാജീവ്
text_fieldsകൊച്ചി: സാമ്പത്തിക പരിമിതികളെ അതിജീവിച്ച് വൈപ്പിന്‍ മുതല്‍ മുനമ്പം വരെയുള്ള തീര സംരക്ഷണ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി പി. രാജീവ്. വൈപ്പിന്‍ മുതല്‍ മുനമ്പം വരെയുള്ള തീര സംരക്ഷണത്തിനായി മദ്രാസ് ഐ.ഐ.ടി തയാറാക്കിയ പഠന റിപ്പോര്‍ട്ടിന്റെ അവതരണ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. 2021 മെയ് മാസത്തിലാണ് ഐ.ഐ.ടി അന്തിമ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പദ്ധതി എല്ലാവരുംകൂടി മുന്നോട്ട് കൊണ്ടുപോകണം. കിഫ്ബിയുടെ ഭാഗമായി പണം നീക്കിവക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കും. നബാര്‍ഡിന്റെ പദ്ധതിയില്‍ ഉള്‍പ്പെടുത്താനാകുമോ എന്നതും പരിശോധിക്കണം. സാമ്പത്തിക പരിമിതികളുണ്ടെങ്കിലും സര്‍ക്കാര്‍ അത് നേരിടുന്നുണ്ട്. തീരസംരക്ഷണത്തിന്റെ പൂർണ ഉത്തരവാദിത്തം ഇപ്പോള്‍ സംസ്ഥാന സര്‍ക്കാരിനാണ്. ബജറ്റ് ചര്‍ച്ച തുടങ്ങുന്ന ഘട്ടത്തില്‍ തന്നെ പദ്ധതി സമര്‍പ്പിക്കാന്‍ കഴിഞ്ഞത് ഏറെ ഗുണകരമായി.
തീരസംരക്ഷണത്തിനുള്ള ശക്തമായ ഇടപെടലായിരുന്നു ചെല്ലാനത്തേത്. അത് സമയബന്ധിതമായി പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞു. ടെട്രാപോഡുകളാണ് അവിടെ ഉപയോഗിച്ചത്. പൂന്തുറയില്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത ജിയോ ട്യൂബുകളാണ് ഉപയോഗിച്ചത്. കടുത്ത കടലാക്രണമുള്ള തീരങ്ങളില്‍ ഇത് ഫലപ്രദമാണ്. ഓഫ് ഷോര്‍ ബ്രേക്കിംഗ് വാട്ടര്‍ എന്ന സംവിധാനമാണ് വൈപ്പിനില്‍ ഉപയോഗിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വൈപ്പിന്‍ കരയിലെ തീരപ്രദേശത്തെ കടലാക്രമണത്തെ ചെറുക്കാനും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികള്‍ സംരക്ഷിക്കാനും വിപുലപ്പെടുത്താനും അനന്തമായ ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താനും കഴിയുന്ന സമഗ്രമായ റിപ്പോര്‍ട്ടാണ് ഐ.ഐ.ടി തയാറാക്കിയിരിക്കുന്നതെന്നാണ് പ്രാഥമിക വിലയിരുത്തലെന്ന് കെ.എന്‍. ഉണ്ണികൃഷ്ണന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു.
കൊച്ചിന്‍ യൂണിവേഴ്സിറ്റി സെമിനാര്‍ കോംപ്ലക്സില്‍ നടന്ന പരിപാടിയില്‍ ചെന്നൈ ഐ.ഐ.ടി.യിലെ പ്രഫ. വി. സുന്ദര്‍ പഠന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്‍, വൈസ് പ്രസിഡന്റ് കെ.എ. സാജിത്ത്, തീരദേശ വികസന കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ പി.എ. ഷെയ്ക്ക് പരീത്, ജില്ലാ വികസന കമ്മീഷണര്‍ ചേതന്‍ കുമാര്‍ മീണ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.