സർക്കാരിന്റെ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ജനകീയമായെന്ന് പി. രാജീവ്
text_fieldsകൊച്ചി : ലഹരിക്കെതിരായി അതിവിപുലമായ ക്യാമ്പയിനാണ് സർക്കാർ നേതൃത്വം നൽകുന്നതെന്നും മുഴുവൻ വകുപ്പുകളും വിവിധ രാഷ്ട്രീയപാർട്ടികളും സംഘടനകളും ചേർന്ന് ഏറെ ജനകീയമായാണ് പ്രവർത്തനങ്ങൾ ഏറ്റെടുത്തിട്ടുള്ളതെന്നും മന്ത്രി പി. രാജീവ്. സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരായുള്ള നവകേരള മുന്നേറ്റം ക്യാംപയിനിന്റെ ഭാഗമായി കളമശേരിയിൽ ലഹരി വിരുദ്ധ ജാഗ്രത ദീപം തെളിയിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പയിന്റെ ഭാഗമായി വിവിധതരത്തിലുള്ള പരിപാടികളാണ് സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്നത്. ശനിയാഴ്ച വൈകിട്ട് മുഴുവൻ മണ്ഡലങ്ങളിലും നടന്ന ജാഗ്രതാ ദീപം തെളിയിക്കലിന് പിന്നാലെ തിങ്കളാഴ്ച എല്ലാ വീടുകളിലും ,ചൊവ്വാഴ്ച മുഴുവൻ ഓഫീസുകളിലും ദീപം തെളിയിക്കും. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് കേരളത്തിലുടനീളം മനുഷ്യചങ്ങല തീർത്തു കൊണ്ട് ലഹരിക്കെതിരായ പ്രതീകാത്മകമായ പ്രഖ്യാപനം നടത്തും.
കളമശേരി എച്ച്.എം.ടി ജംഗ്ഷനിൽ നടന്ന ചടങ്ങിൽ നഗരസഭാ അധ്യക്ഷ സീമാ കണ്ണൻ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ചടങ്ങിൽ അതിഥി തൊഴിലാളികളുടെ ക്യാമ്പുകളിലും തൊഴിലിടങ്ങളിലും വാസസ്ഥലങ്ങളിലും പ്രദർശിപ്പിക്കുന്നതിനായി വിവിധ ഭാഷകളിൽ എറണാകുളം ജില്ലാ തൊഴിൽ വകുപ്പ് തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രകാശനം മന്ത്രി നിർവഹിച്ചു.
കളമശേരി നഗരസഭാ സ്ഥിരം സമിതി അധ്യക്ഷരായ എ.കെ നിഷാദ്, കെ.എച്ച് സുബൈർ, കൗൺസിലർമാരായ സലീം പതുവന, റഫീഖ് മരക്കാർ, ബിജു ഉണ്ണി, എറണാകുളം എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ ആർ. രാമചന്ദ്രൻ, ജില്ലാ ലേബർ ഓഫീസർ പി.ജി വിനോദ് കുമാർ, എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രിൻസ് ബാബു തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.