മാമ്പ്ര കോളനിയുടെ മുഖം മാറ്റിയ പദ്ധതി സംസ്ഥാന തലത്തിൽ പുതിയ മാതൃക സൃഷ്ടിക്കുന്നതാണെന്ന് പി. രാജീവ്
text_fieldsകൊച്ചി: പൊതുസ്ഥാപനങ്ങൾ ആധുനീകരിച്ചും വ്യക്തികളുടെ ജീവിത ഗുണമേൻമ വർധിപ്പിച്ചും മാമ്പ്ര കോളനിയുടെ മുഖം മാറ്റിയ പദ്ധതി സംസ്ഥാന തലത്തിൽ തന്നെ പുതിയ മാതൃക സൃഷ്ടിക്കുന്നതാണെന്ന് മന്ത്രി പി.രാജീവ്. നന്മ ഗ്രാമം പദ്ധതി വഴി മുഖം മാറി കരുമാലൂർ മാമ്പ്ര നാല് സെൻറ് കോളനി. സമഗ്ര നവീകരണ പദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കോളനിയിൽ ആകെയുള്ള 42 കുടുംബങ്ങൾക്കും പ്രയോജനം ലഭിക്കും വിധമാണ് പദ്ധതി നടപ്പാക്കിയത്. ശുചിത്വ പരിപാലനം, കക്കൂസുകളുടെ നവീകരണം, റോഡ് കോൺക്രീറ്റിംഗ്, തോട് ആഴം കൂട്ടി വൃത്തിയാക്കൽ, വീടുകൾക്ക് കമ്പിവേലി സ്ഥാപിച്ച് മനോഹരമാക്കൽ, സ്മാർട്ട് അങ്കണവാടിയായി വികസിപ്പിക്കൽ, വിജ്ഞാന കേന്ദ്രം നവീകരണം, പ്രളയ പ്രതിരോധ സൗകര്യങ്ങൾ ഏർപ്പെടുത്തൽ എന്നിവയാണ് മാമ്പ്രയിൽ നടപ്പാക്കിയത്.
മാമ്പ്ര കോളനിയിൽ ആകെയുള്ള 42 കുടുംബങ്ങളിൽ രണ്ട് പേരാണ് ഭവനരഹിതരായി ഉണ്ടായിരുന്നത്. ഇവർക്ക് പുതിയ വീടുകൾ നിർമ്മിച്ച് നൽകി. 29 വീടുകളിൽ പുതിയ സെപ്റ്റിക് ടാങ്കുകൾ സ്ഥാപിച്ചു. നാലു വീടുകളിൽ പുതിയ ശുചിമുറി സ്ഥാപിച്ചു. 24 വീടുകളുടെ ശുചിമുറികൾ നവീകരിച്ചു. 39 വീടുകൾക്ക് പ്ലംബിംഗ്, ഫിൽറ്റർ സൗകര്യങ്ങൾ ഏർപ്പെടുത്തി, 29 വീടുകളിൽ ഇഷ്ടിക വിരിക്കലും പ്ളാസ്റ്ററിംഗും നടത്തി. റോഡുകൾ കോൺക്രീറ്റ് ചെയ്തു. വീടുകളുടെ കാലപ്പഴക്കം ചെന്ന വേലികൾ മാറ്റി ചെയിൻ ലിങ്ക് വേലികൾ സ്ഥാപിച്ചു. കുടുംബങ്ങൾക്ക് വ്യക്തിഗത പ്രയോജനം ലഭിക്കുന്ന ഈ പ്രവർത്തനങ്ങൾക്കൊപ്പമാണ് പൊതു സ്ഥാപനങ്ങളുടെ നവീകരണവും ഏറ്റെടുത്തത്.
മാമ്പ്ര തോട് 27 ലക്ഷം രൂപ ചെലവഴിച്ച് നവീകരിക്കുകയും ആഴം കൂട്ടി വൃത്തിയാക്കുകയും ചെയ്തു. പ്രളയ സാധ്യത ഇതോടെ ഒഴിവാക്കാനാകും. കോളനിയിലെ അങ്കണവാടി സ്മാർട്ടായി. വിജ്ഞാന കേന്ദ്രം നവീകരിച്ചു. കൊച്ചി ഷിപ്പ് യാർഡ്, സിയാൽ, പ്രവാസി സംഘടനയായ അല എന്നിവരുടേയും തദ്ദേശ സ്ഥാപനങ്ങളുടേയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയതെന്ന് പി.രാജീവ് പറഞ്ഞു. കൊച്ചിയിലെ സെൻ്റർ ഫോർ സോഷ്യോ ഇക്കണോമിക് സ്റ്റഡീസ്, സി.ഡി.ഡി എന്നിവരും നിർവഹണത്തിൽ പങ്കാളികളായി.
പൂർത്തീകരണ പ്രഖ്യാപന ചടങ്ങിൽ കരുമാലൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ് മേനാച്ചേരി അധ്യക്ഷത വഹിച്ചു, ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ് സംസാരിച്ചു. ജനപ്രതിനിധികൾ, രാഷ്ട്രീയ നേതാക്കൾ തുടങ്ങിയവർ പങ്കെടുത്തു. 'നന്മഗ്രാമം' പദ്ധതിയിലൂടെ ഒരു കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കരുമാല്ലൂർ പഞ്ചായത്തിലെ പിന്നാക്ക പ്രദേശങ്ങളിലൊന്നായിരുന്ന മാമ്പ്ര നാല് സെന്റ് കോളനിയിൽ രണ്ടുവർഷത്തിനുള്ളിൽ പൂർത്തിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.