നവകേരള സദസ് ജനകീയമായി സംഘടിപ്പിക്കണമെന്ന് പി. രാജീവ്
text_fieldsകൊച്ചി: എല്ലാ ജനവിഭാഗങ്ങളുടെയും പങ്കാളിത്തം ഉറപ്പാക്കി ആലുവയിലെ നവകേരള സദസ് ജനകീയമായി സംഘടിപ്പിക്കണമെന്ന് മന്ത്രി പി. രാജീവ്. നവകേരള സദസ് ആലുവ മണ്ഡലതല സംഘാടകസമിതിയുടെ ആദ്യ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനായി പ്രാദേശിക തലങ്ങളില്‍ പ്രചാരണം ശക്തിപ്പെടുത്തണം. ജനങ്ങള്‍ക്കിടയില്‍ ഇറങ്ങിച്ചെന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ കേള്‍ക്കാനും അതോടൊപ്പം തന്നെ നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടപ്പിലാക്കുന്നത്. ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നതിന് പ്രത്യേക സൗകര്യം വേദിയില്‍ ഒരുക്കും.
മന്ത്രിമാരുടെ നേതൃത്വത്തില്‍ താലൂക്ക് തലത്തില്‍ നടത്തിയ അദാലത്തുകള്‍ വഴി നിരവധി പരാതികള്‍ പരിഹരിക്കാന്‍ കഴിഞ്ഞു. ഇത് എത്രമാത്രം നടപ്പാക്കി എന്ന് അറിയാന്‍ റിവ്യൂ യോഗം നടത്തി. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മന്ത്രിമാര്‍ മുഴുവന്‍ പങ്കെടുത്ത് മേഖലതല അവലോകന യോഗങ്ങളും വിജയകരമായി നടപ്പിലാക്കി. കേരളത്തിനെ ലോകത്തിനു മുമ്പില്‍ അവതരിപ്പിക്കുക ലക്ഷ്യത്തോടെ കേരളീയം പരിപാടി നവംബര്‍ ഒന്ന് മുതല്‍ ഒരാഴ്ചക്കാലം നടക്കും. ഇതിന് തുടര്‍ച്ചയാണ് നവകേരള സദസ്.
കുടുംബശ്രീ, റസിഡന്റ്‌സ് അസോസിയേഷനുകള്‍, ആരാധനാലയങ്ങള്‍, സാമുദായിക സംഘടനകള്‍, വ്യാപാര വ്യവസായി സംഘടനകള്‍, വിദ്യാലയങ്ങള്‍, കോളേജുകള്‍, ലൈബ്രറികള്‍, സാംസ്‌കാരിക സംഘടനകള്‍ എന്നിവരുടെ പങ്കാളിത്തം ഉറപ്പുവരുത്തണം. ഇതിനായി ഇവരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗങ്ങള്‍ ചേരണം. വിദ്യാലയങ്ങളിലെയും കോളേജുകളിലെയും അധ്യാപക രക്ഷകര്‍തൃ സംഘടനകളെയും കോളേജ് യൂണിയന്‍ ഭാരവാഹികളെയും അധ്യാപകരെയും പ്രിന്‍സിപ്പല്‍, മാനേജര്‍മാര്‍ എന്നിവരെയും പങ്കെടുപ്പിച്ചു യോഗങ്ങള്‍ ചേരാന്‍ മന്ത്രി നിര്‍ദ്ദേശിച്ചു.
പരിപാടിയിലേക്ക് ജനങ്ങളെ എത്തിക്കുന്നതിന് വാഹന സൗകര്യങ്ങള്‍ ഉറപ്പാക്കും
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസിന്റെ ഭാഗമായി ആലുവ മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും സംഘാടകസമിതി രൂപീകരണം പൂര്‍ത്തിയായി. ഡിസംബര്‍ ഏഴിന് വൈകിട്ട് നാലിന് ആലുവ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡിലാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്.
ആലുവ പാലസില്‍ നടന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ എന്‍.എസ്.കെ ഉമേഷ്, ആലുവ നിയോജകമണ്ഡലതല സംഘാടകസമിതി ചെയര്‍മാനും മുന്‍ ജി.സി.ഡി. എ ചെയര്‍മാനുമായ അഡ്വ. വി. സലീം, കണ്‍വീനറും ഡെപ്യൂട്ടി കളക്ടറുമായ വി.എ അബ്ബാസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ്, ആലുവ തഹസില്‍ദാര്‍ സുനില്‍ മാത്യു, നവ കേരള സദസ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയ പ്രമുഖര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.