സരിനെ നേരിടാനുറച്ച് കോൺഗ്രസ്
text_fieldsതിരുവനന്തപുരം: സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ ഇടഞ്ഞ് മറുപക്ഷം ചേർന്ന പി. സരിനെ നേരിടാനുറച്ച് കോൺഗ്രസ്. അതേസമയം, സരിന്റെ പേര് ഇടതു സ്ഥാനാർഥി ചർച്ചകളിലേക്ക് നീളുമെന്ന് കോൺഗ്രസ് ഒട്ടും പ്രതീക്ഷിച്ചതല്ല.
തെരഞ്ഞെടുപ്പിലേക്ക് ഒറ്റക്കെട്ടായി നീങ്ങുന്നതിനിടെ ഉയർന്ന വിമത സ്വരം കല്ലുകടിയാണെന്ന് ബോധ്യമുള്ളപ്പോഴും പ്രശ്നങ്ങൾ പറഞ്ഞുതീർത്തും ഒറ്റപ്പാലം സീറ്റ് വാഗ്ദാനം ചെയ്തും ഒപ്പം നിർത്താൻ നേതൃത്വം തയാറായിരുന്നു. ആദ്യ വാർത്തസമ്മേളത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ തോറ്റാൽ, രാഹുൽ ഗാന്ധിയാണ് തോറ്റുപോകുന്നതെന്നതടക്കം സരിന്റെ പരാമർശങ്ങളാണ് ഈ ആത്മവിശ്വാസത്തിന് പിന്നിൽ. എന്നാൽ, സി.പി.എം ജില്ല നേതൃത്വത്തിന്റെ അപ്രതീക്ഷിത നീക്കത്തോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞതും അസാധാരണ രാഷ്ട്രീയ ചലനങ്ങൾക്ക് വേഗമേറിയതും. രണ്ട് ഉപതെരഞ്ഞെടുപ്പുകളിലും ലോക്സഭ തെരഞ്ഞെടുപ്പിലും വിജയിച്ചതിന്റെ ആത്മവിശ്വാസവുമായാണ് പാലക്കാട്ടും ചേലക്കരയിലും കോൺഗ്രസ് ഉപതെരഞ്ഞെടുപ്പിനെ നേരിടാനിറങ്ങുന്നത്. വയനാട്ടിൽ പ്രിയങ്ക ഗാന്ധി എത്തുന്നതിന്റെ സ്വാഭാവിക ആനുകൂല്യങ്ങൾ ഈ മണ്ഡലങ്ങളിലുണ്ടാകും.
ഭരണവിരുദ്ധ വികാരത്തിനൊപ്പം എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയും എ.ഡി.എമ്മിന്റെ ആത്മഹത്യയുമടക്കം സി.പി.എമ്മിനെതിരെ വിവാദങ്ങൾ കത്തിയാളുന്ന സാഹചര്യത്തിൽ രാഷ്ട്രീയ മേൽക്കൈ കിട്ടുമെന്നുതന്നെയാണ് കോൺഗ്രസ് പ്രതീക്ഷ. ഇതിനിടയിലും പാളയത്തിലുണ്ടായ പട, എതിർ ക്യാമ്പിന്റെ സ്ഥാനാർഥിത്വത്തിലേക്ക് വളർന്ന അപ്രതീക്ഷിത രാഷ്ട്രീയ സാഹചര്യങ്ങൾ പാർട്ടിയിൽ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ സരിനെ പ്രതിരോധിച്ച് മുന്നോട്ടു പോകാനാണ് കോൺഗ്രസ് തീരുമാനം.
സി.പി.എമ്മില്‍ പോകാന്‍ തീരുമാനിച്ചതുകൊണ്ടാണ് ആദ്യം നടപടി എടുക്കാതിരുന്നതെന്നാണ് നേതൃത്വം പറയുന്നത്. നേരത്തേ പുറത്താക്കിയിരുന്നെങ്കിൽ ഇക്കാരണത്താലാണ് സി.പി.എമ്മില്‍ പോകുന്നതെന്ന് വരുത്തിത്തീർക്കുമായിരുന്നു. ബി.ജെ.പിയുമായും സി.പി.എമ്മുമായും ചര്‍ച്ച നടത്തുന്ന ആളെ എങ്ങനെ സ്ഥാനാർഥിയാക്കുമെന്നാണ് ഇനി യു.ഡി.എഫ് വാദിക്കുക. തൃക്കാക്കര തെരഞ്ഞെടുപ്പ് കാലത്ത് കെ.വി. തോമസ് പാർട്ടി വിട്ടിട്ടും പി.ടി. തോമസിനേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ഉമ തോമസ് വിജയിച്ചതും കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.