‘മത്സരത്തിൽനിന്ന് പിൻമാറാൻ സവിനയം അഭ്യർഥിക്കുന്നു’ -ഷാനിബിനോട് പി. സരിൻ; ഇന്ന് പത്രിക നൽകുമെന്ന് ഷാനിബ്
text_fieldsപാലക്കാട്: പാർട്ടി വിട്ട യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബിനോട് പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കരുതെന്ന് കോൺഗ്രസ് വിട്ട് എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർഥിയായ ഡോ. പി. സരിൻ. ‘ഷാനിബ്, താങ്കൾ ഈ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപ്പിക്കാൻ ഉദ്ദേശിക്കുന്നു എങ്കിൽ സവിനയം പിൻമാറണമെന്ന് അഭ്യർഥിക്കുന്നു’ -സരിൻ ആവശ്യപ്പെട്ടു. എന്നാൽ, മത്സരത്തിൽനിന്ന് പിന്മാറില്ലെന്നും ഇന്ന് ഉച്ചക്ക് രണ്ടരക്ക് പത്രിക സമർപ്പിക്കുമെന്നും ഷാനിബ് വ്യക്തമാക്കി.
കോൺഗ്രസ് നേതൃത്വത്തിനെതിരെ വാർത്താ സമ്മേളനം നടത്തി ആരോപണമുന്നയിച്ചാണ് ആദ്യം സരിനും പിന്നാലെ ഷാനിബും പാർട്ടിവിട്ടത്. ഇതിൽ സരിൻ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരരംഗത്തെത്തി. ഷാനിബ് പൂർണ സ്വതന്ത്രനായി മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. സ്വതന്ത്ര സ്ഥാനാർഥിയായിട്ടാണ് മത്സരമെന്നും ആരുടെയെങ്കിലും പിന്തുണയെക്കുറിച്ച് പിന്നീട് പറയാമെന്നും ഷാനിബ് പറഞ്ഞു. ഷാഫി പറമ്പിലിന്‍റെയും വി.ഡി സതീശന്‍റെയും കോക്കസിനെതിരെയെന്ന് പോരാട്ടം. ഇത്രയും കാലത്തെ പ്രവർത്തനത്തിൽ പാർട്ടിക്കകത്ത് ഉണ്ടാക്കിയെടുത്ത സ്വാധീനം അടിസ്ഥാനമാക്കിയാണ് താൻ യുദ്ധം ചെയ്യുന്നതെന്നും ഷാനിബ് പറഞ്ഞു.
കഴിഞ്ഞ ദിവസം പാർട്ടി വിടാനുള്ള കാരണങ്ങൾ വിവരിച്ച് ഷാനിബ് വാർത്താ സമ്മേളനം നടത്തുകയും ചെയ്തിരുന്നു. സി.പി.എം തുടർ ഭരണം നേടിയിട്ടും കോൺഗ്രസ് തിരുത്താൻ തയാറാവുന്നില്ലെന്നും ഉമ്മൻ ചാണ്ടി സാറ് പോയ ശേഷം തങ്ങളെ കേൾക്കാൻ ആരുമില്ലെന്നും വിതുമ്പിക്കരഞ്ഞ് എ.കെ. ഷാനിബ് പറഞ്ഞിരുന്നു. രാഷ്ട്രീയ വഞ്ചനയുടെ നിരവധി കഥകളാണ് ഷാഫി പറമ്പിലിന്‍റെയും വി.ഡി. സതീശന്‍റെയും നേതൃത്വത്തിൽ പാർട്ടിയിൽ നടന്നുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.