‘സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തു, പാർട്ടിയെ ദുർബലപ്പെടുത്തി’; രൂക്ഷ വിമർശനവുമായി പി. സരിൻ
text_fieldsപാലക്കാട്: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി ഡിജിറ്റൽ മീഡിയ കൺവീനർ പി. സരിൻ. വി.ഡി. സതീശൻ കോൺഗ്രസിനെ ഹൈജാക്ക് ചെയ്തെന്നും പാർട്ടിയെ ദുർബലപ്പെടുത്തിയെന്നും സരിൻ ആരോപിച്ചു. പാർട്ടിയിൽ ഉടമ -കീഴാള ബന്ധമാണുള്ളത്. സതീശന് പരസ്പര ബഹുമാനമില്ല. പ്രതിപക്ഷ നേതാവായത് അട്ടിമറിയിലൂടെയാണ്. ഇങ്ങനെ പോയാൽ 2026ൽ പാർട്ടി പച്ചപിടിക്കില്ലെന്നും സരിൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
“പരസ്പര ബഹുമാനമില്ലാതെ ഉടമയും അടിമയുമായുള്ള ബന്ധമാണ് ഇപ്പോള്‍ കോണ്‍ഗ്രസിലുള്ളത്. കേട്ടുകേള്‍വി പോലുമില്ലാത്ത വിധം കോണ്‍ഗ്രസിനെ ഒരു വ്യക്തി ഹൈജാക്ക് ചെയ്യുകയാണ്. ഞാനാണ് പാര്‍ട്ടി എന്ന നിലയിലേക്ക് കോണ്‍ഗ്രസിനെ മാറ്റാനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ഇങ്ങനെ പോയാല്‍ 2026ല്‍ പച്ചതൊടാന്‍ സാധിക്കില്ല. ശരിയാക്കാന്‍ ഇറങ്ങേണ്ടവര്‍ക്ക് അതിന് താൽപര്യമില്ലാത്ത സ്ഥിതിയാണ്. ഏകീകൃത സിവില്‍കോഡ് വിഷയത്തില്‍ പ്രതിപക്ഷ-ഭരണപക്ഷ ഐക്യം നിലവിലുണ്ടായിരുന്നു. അത് തകര്‍ത്തത് സതീശനാണ്. സി.പി.എമ്മുമായി ചേര്‍ന്ന് ബി.ജെ.പിയെ എതിര്‍ക്കാന്‍ അദ്ദേഹം ഒരിക്കലും തയ്യാറല്ല. സി.പി.എമ്മാണ് ബി.ജെ.പിയേക്കാള്‍ വലിയ ശത്രു എന്ന ബോധം അദ്ദേഹം പാര്‍ട്ടിയില്‍ അടിച്ചേല്‍പ്പിച്ചു.
ഞാനാണ് രാജ്യമെന്ന് വിളിച്ചുപറഞ്ഞ ചക്രവർത്തിയെപ്പോലെയാണ് സതീശൻ. ഞാനാണ് പാർട്ടിയെന്ന രീതിയിലേക്ക് പാർട്ടിയെ മാറ്റിയെടുത്ത് കോൺഗ്രസിലെ ജനാധിപത്യം തകർത്തു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം വി.ഡി.സതീശൻ പ്രതിപക്ഷ നേതാവായതിന് പിന്നിലെ കഥകൾ മാധ്യമങ്ങൾ ഇനിയെങ്കിലും അന്വേഷിക്കണം. അതൊരു അട്ടിമറി ആയിരുന്നെന്നും അത് എങ്ങനെ നടപ്പിലായതെന്നും മനസിലാക്കാതെ പോയതിന്റെ ഫലമാണ് ഇത്. പുതിയമുഖം കടന്നുവരുന്നതിന്റെ ആവേശത്തിൽ ആയിരുന്ന കോൺഗ്രസ് അതിൽ അസ്വാഭാവികത കണ്ടില്ല. എന്നാൽ അത് നല്ല മാറ്റമല്ലെന്ന് വൈകാതെ കോൺഗ്രസ് പ്രവർത്തകർ തിരിച്ചറിഞ്ഞു” -സരിൻ പറഞ്ഞു.
പരാതി പറയാൻ പാർട്ടി ഫോറമെന്നൊരു സംവിധാനം കോൺഗ്രസിലില്ല. നേതാക്കൾക്ക് തോന്നിയ പോലെയാണ് പ്രവർത്തിക്കുന്നത്. സതീശന് ബി.ജെ.പിയോട് മൃദുസമീപനമാണ്. 13ന് തെരഞ്ഞെടുപ്പ് നടന്നാൽ ചിലർക്ക് അനുകൂലമായി വോട്ടുവീഴും. പാലക്കാട്ടെ ജനം ആഗ്രഹിക്കാത്ത ഫലം വരും. എല്ലാവരെയും എല്ലായ്പ്പോഴും വിഡ്ഡികളാക്കാൻ പറ്റില്ല. വളർന്നുവരുന്ന കുട്ടി സതീശനാണ് രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസ് സർക്കിളിൽ തന്നെ അന്വേഷിച്ചാൽ ഇക്കാര്യം മനസ്സിലാകുമെന്നും സരിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.