'സഖാവേ എന്ന വിളി കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു, ചെങ്കൊടിയോട് മരണം വരെ കൂറുള്ളവനായിരിക്കും'; പിണറായിയെ 'ട്രോളി'യതിന് കുറ്റസമ്മതവുമായി സരിൻ
text_fieldsപാലക്കാട്: കോൺഗ്രസ് പാർട്ടിയുടെ ഭാഗമായിരിക്കുമ്പോൾ താൻ നടത്തിയ രാഷ്ട്രീയ വിമർശനങ്ങൾ ഒഴിവാക്കേണ്ടതായിരുന്നെന്ന കുറ്റസമ്മതവുമായി പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ എൽ.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി പി.സരിൻ.
കോൺഗ്രസ് രാഷ്ട്രീയത്തിന്റെ ഭാഗമായി നിന്ന് കൊണ്ട് നടത്തിയ രാഷ്ട്രീയ വിമർശനങ്ങളും ചില പരാമർശങ്ങളും പൂർണമായും ഒഴിവാക്കേണ്ടതായിരുന്നു എന്ന തിരിച്ചറിവ് കുറച്ചു ദിവസങ്ങളായി തനിക്കുണ്ടെന്നും സഖാക്കളുടെ സ്നേഹവായ്പ്പ് ആ തിരിച്ചറിവിനെ അരക്കിട്ടുറപ്പിക്കുന്നതാണെന്നും സരിൻ ഫേസ്ബുക്കിൽ കുറിച്ചു. 'പ്രിയപ്പെട്ട സഖാക്കളെ' എന്ന് അഭിസംബോധന ചെയ്തുള്ള പോസ്റ്റിൽ പല വിമര്‍ശനങ്ങളും തന്‍റെ വ്യക്തിപരമായ തീരുമാനങ്ങള്‍ ആയിരുന്നില്ലെന്നും പാർട്ടി ചുമതലയുടെ ഭാഗമായിട്ടായിരുന്നെന്നും അദ്ദേഹം പറയുന്നു.
വിശ്വസിച്ച ഒരു പ്രസ്ഥാനം എന്നെ തെരുവിലുപേക്ഷിച്ചപ്പോൾ എന്നെ അനാഥമാക്കില്ല എന്ന് വാക്ക് നൽകിയ ഇടതുപക്ഷത്തോടും സഖാക്കളോടും ചെങ്കൊടിയോടും താൻ മരണംവരെ കൂറുള്ളവനായിരിക്കുമെന്നും പി.സരിൻ ഉറപ്പുനൽകുന്നു.
ഇടതുപക്ഷത്തേക്ക് കടന്നു വരുന്നൊരാൾക്ക് മറ്റുള്ള പാർട്ടികളിലേതു പോലെ പെട്ടെന്ന് പാർട്ടി അംഗത്വം ലഭിക്കില്ലെന്നും 'സഖാവേ' എന്നാരും പെട്ടെന്ന് കയറി വിളിക്കില്ലെന്നും അറിയാമെങ്കിലും 'സഖാവേ'എന്ന വിളി കേൾക്കാൻ ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ടെന്നും സരിൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.