മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായി പി. ശശി
text_fieldsതിരുവനന്തപുരം: പി. ശശിയെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാക്കാൻ സി.പി.എം സംസ്ഥാന കമ്മിറ്റി തീരുമാനം. നിലവിലെ പൊളിറ്റിക്കൽ സെക്രട്ടറി പുത്തലത്ത് ദിനേശൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായ ഒഴിവിലാണ് പി. ശശിയുടെ നിയമനം. രണ്ടാം തവണയാണ് പി.ശശി പൊളിറ്റിക്കൽ സെക്രട്ടറി പദവിയിൽ എത്തുന്നത്. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരുന്നപ്പോൾ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്നു പി. ശശി.
പുത്തലത്ത് ദിനേശനായിരിക്കും ദേശാഭിമാനി ചീഫ് എഡിറ്റർ. കൈരളി ചാനലിന്‍റെ ചുമതല കോടിയേരി ബാലകൃഷ്ണനാണ്. പൊളിറ്റ് ബ്യൂറോയില്‍ നിന്ന് ഒഴിവായ എസ്.രാമചന്ദ്രന്‍ പിള്ളയ്ക്ക് എ.കെ.ജി പഠന ഗവേഷണ കേന്ദ്രത്തിന്‍റെയും ഇ.എം.എസ് അക്കാദമിയുടെയും ചുമതല നല്‍കി. ഇ.പി ജയരാജൻ എൽ.ഡി.എഫ് കൺവീനർ ആകും. സി.പി.എം സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന സമിതി അംഗീകരിച്ചു.
പൊളിറ്റ് ബ്യൂറോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട എ.വിജയരാഘവന്‍റെ പകരക്കാരനായി മുന്നണിയെ നയിക്കാന്‍ ഇ.പി ജയരാജനെ സി.പി.എം സെക്രട്ടറിയേറ്റ് ഇന്നലെ തീരുമാനിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ വിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് പി. ശശി.
കണ്ണൂർ ജില്ലാ സെക്രട്ടറിയായിരുന്ന പി. ശശിയെ ലൈംഗിക പീഡന ആരോപണത്തെ തുടര്‍ന്ന് 2011ൽ പാർട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു. ഈ കേസില്‍ 2016ൽ കോടതി കുറ്റവിമുക്തനാക്കി. 2018 ജൂലൈയിലാണ് പാർട്ടിയിൽ തിരിച്ചെത്തിയത്. 2019ൽ കണ്ണൂർ ജില്ലാ കമ്മിറ്റിയിലും ഈ സമ്മേളന കാലത്ത് സംസ്ഥാന കമ്മിറ്റിയിലും തിരിച്ചെത്തി. പി. ശശി പുറത്തായപ്പോഴാണ് പി. ജയരാജൻ കണ്ണൂർ ജില്ലാ സെക്രട്ടറിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.