Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസിനിമ മേഖലയിൽ സമഗ്ര...

സിനിമ മേഖലയിൽ സമഗ്ര വനിതാനയം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന് പി. സതീദേവി

text_fields
bookmark_border
സിനിമ മേഖലയിൽ സമഗ്ര വനിതാനയം ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന് പി. സതീദേവി
cancel

തിരുവനന്തപുരം: മലയാള സിനിമ മേഖലയിൽ സമഗ്ര വനിതാനയം ഉണ്ടാക്കിയെടുക്കാനുള്ള നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷയുള്ളതായി സംസ്ഥാന വനിത കമീഷൻ അധ്യക്ഷ അഡ്വ പി സതീദേവി. മറ്റ് ഭാഷകളിലെ സിനിമാലോകം ഇക്കാര്യത്തിൽ നമ്മളെ ഉറ്റുനോക്കുകയാണ്. വനിത കമീഷൻ സംഘടിപ്പിച്ച സംസ്ഥാന സെമിനാർ, 'തൊഴിലിടത്തിലെ സ്ത്രീ' കോഴിക്കോട് ടൗൺഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അധ്യക്ഷ.

ജസ്റ്റിസ് ഹേമ കമീഷൻ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാൻ സർക്കാരിന് നിർദേശം നൽകണമെന്ന പൊതുതാൽപര്യഹർജിയിൽ ഹൈക്കോടതി വനിത കമീഷനെയും കക്ഷി ചേർത്തിട്ടുണ്ട്. ഒരു സമഗ്ര വനിതാനയം നമ്മുടെ സിനിമ മേഖലയിൽ ഉണ്ടാക്കിയെടുക്കാനുള്ള നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയുണ്ടെന്ന് സതീദേവി പറഞ്ഞു.

28 വർഷമായി വിവിധ മേഖലകളിലുള്ള സ്ത്രീകളുടെ തുല്യപദവിക്ക് വേണ്ടിയും ശാക്തീകരണത്തിന് വേണ്ടിയും പ്രവർത്തിച്ചുവരികയാണ് സംസ്ഥാന വനിത കമീഷൻ. 28 വർഷം മുമ്പ് ഉണ്ടായിരുന്ന സ്ത്രീയുടെ പദവി ഇന്നുള്ള പദവിയോട് താരതമ്യപ്പെടുത്തിയാൽ ഈ മാറ്റം മനസിലാകും. ആ പരിശോധന നടത്തേണ്ട സാഹചര്യത്തിലാണ് നാം ഇന്നുള്ളത്. സിനിമ എന്ന കലയുടെ ഉള്ളടക്കത്തെ സ്ത്രീവിരുദ്ധത കീഴ്പ്പെടുത്തുന്നുണ്ടോ എന്ന ചർച്ചകൾ ഉയരുന്നു.

പ്രശസ്ത നടി അതിക്രൂരമായ അതിക്രമത്തിന് ഇരയായപ്പോൾ, അതിന് പിന്നിൽ പ്രമുഖർ ഉണ്ടെന്ന് വാർത്ത വന്നപ്പോൾ സംസ്ഥാന ആഭ്യന്തര വകുപ്പ് ഉടനടി അന്വേഷണം നടത്തി. പ്രമുഖ നടൻ അറസ്റ്റ് ചെയ്യപ്പെട്ട് ജയിലിലായി. ആ ഘട്ടത്തിലാണ് ചില കലാകാരികൾ നിർഭയം മുന്നോട്ടുവന്ന് വിമൻ ഇൻ സിനിമ കലക്ടീവ് എന്ന സംഘടന രൂപീകരിക്കുന്നത്. സിനിമ എന്ന തൊഴിലിടത്തിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാൻ സൗകര്യമൊരുക്കണമെന്ന കലക്ടീവിന്റെ ആവശ്യത്തിൻമേലാണ് സർക്കാർ ജസ്റ്റിസ് ഹേമ അധ്യക്ഷയായ കമ്മിറ്റിയെ വെച്ചത്, സതീദേവി ചൂണ്ടിക്കാട്ടി.

സിനിമ മേഖലയിൽ ഇന്റെണൽ കമ്മിറ്റി (ഐ.സി) രൂപീകരിക്കാൻ മുൻകൈയെടുത്തത് സാംസ്കാരിക വകുപ്പാണ്. പക്ഷേ സിനിമ മേഖലയിലെ എല്ലാ സംഘടനകളും ചേർന്ന് ഐ.സി നടപ്പാക്കാൻ പറ്റില്ല എന്നായിരുന്നു ആദ്യം പറഞ്ഞത്. പക്ഷേ പിന്നീട് തുടർയോഗങ്ങൾക്ക് ശേഷം സിനിമ മേഖലയിൽ ഐ.സി നടപ്പാക്കി. സിനിമയുടെ പൂജാവേളയിൽ തന്നെ ഐ.സി രൂപീകരിച്ചിട്ടില്ലെങ്കിൽ രജിസ്ട്രേഷൻ പറ്റില്ല എന്നായിരുന്നു കമീഷൻ മുന്നോട്ടുവച്ച നിലപാടെന്ന് വനിത കമീഷൻ അധ്യക്ഷ പറഞ്ഞു.

ഐസി രൂപീകരിക്കാതെ ഷൂട്ടിംഗ് തുടങ്ങി എന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കമീഷൻ ലൊക്കേഷനിൽ പോയി സത്യാവസ്ഥ മനസിലാക്കി ഇന്റെണൽ കമ്മിറ്റി ഉണ്ടാക്കിയ സംഭവമുണ്ട്. തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ നിഷേധിക്കപ്പെടുമ്പോൾ തുല്യത എന്ന അവകാശത്തെയാണ് നാം നിഷേധിക്കുന്നതെന്നും ഇത് ലജ്ജാകരമായ സ്ഥിതിയാണെന്നും മുഖ്യാതിഥിയായ കലക്ടർ സ്നേഹിൽ കുമാർ സിങ് ചൂണ്ടികാട്ടി. ഒരുപാട് കാര്യങ്ങളിൽ കേരളം പുരോഗമിച്ച സമൂഹമാണ്. അതുകൊണ്ടുതന്നെ നമ്മൾ നേരിടുന്ന പ്രശ്നങ്ങളും ആ തരത്തിലുള്ളതാണ്.

സ്ത്രീകൾക്കെതിരായ 10 അതിക്രമങ്ങൾ നടക്കുമ്പോൾ രണ്ടെണ്ണം മാത്രമേ പരാതി ആകുന്നുള്ളൂ എന്ന് കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടാതെ പോകുന്നത് ഭർത്താവ് ഭാര്യയെ അതിക്രമത്തിന് വിധേയമാക്കുന്ന സംഭവങ്ങളാണ്. സെമിനാറിൽ കമ്മിഷൻ അംഗം അഡ്വ പി കുഞ്ഞായിഷ അധ്യക്ഷത വഹിച്ചു.

അസി.ഗവ. പ്ലീഡർ കെ.കെ പ്രീത വിഷയം അവതരിപ്പിച്ചു. ദീദി ദാമോദരൻ (വിമൻ ഇൻ സിനിമ കലക്ടീവ്), കെ. അജിത (അന്വേഷി), ടി.കെ. ആനന്ദി (ജൻഡർ അഡ്വൈസർ), വിജി (പെൺകൂട്ട്), വി.പി. സുഹറ, അഡ്വ. പി.എം. ആതിര എന്നിവർ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:P SathideviHema Committee
News Summary - P Sathidevi hopes that there will be a comprehensive women's policy in the film industry.
Next Story