നോർക്കയുടെ പുനരധിവാസ പദ്ധതികൾ രാജ്യത്തിന് മാതൃകയെന്ന് പി.ശ്രീരാമകൃഷ്ണൻ
text_fieldsചെറുതോണി: തിരിച്ചെത്തുന്ന പ്രവാസികള്‍ക്കായി നോർക്ക റൂട്ട്സ് നടപ്പാക്കുന്നതുപോലെയുള്ള പദ്ധതികൾ മറ്റൊരു സംസ്ഥാനങ്ങളിലുമില്ലെന്നും നോർക്കയുടെ പുനരധിവാസ പദ്ധതികൾ രാജ്യത്തിന് തന്നെ മാതൃകയാണെന്നും നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണന്‍. നോർക്ക റൂട്ട്സും കേരള ബാങ്കും സംയുക്തമായി ചെറുതോണിയിൽ സംഘടിപ്പിച്ച പ്രവാസി ലോൺ മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നോർക്കയുടെ സംരംഭകത്വ പദ്ധതികൾ കേരളത്തിലെ പ്രവാസികള്‍ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നുണ്ട്. സംരംഭങ്ങള്‍ തുടങ്ങാന്‍ വായ്പ ആവശ്യമുള്ളവരെയും വായ്പ നല്‍കാന്‍ തയ്യാറുള്ള ധനകാര്യ സ്ഥാപനങ്ങളേയും പരസ്പരം ബന്ധിപ്പിച്ച് സംരംഭകര്‍ക്ക് പിന്തുണ നല്‍കുക എന്നതാണ് പ്രവാസി ലോണ്‍ മേളകൊണ്ട് ഉദ്ദേശിക്കുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന പുനരധിവാസ പദ്ധതികളിലൂടെ പന്ത്രണ്ടായിരത്തോളം പ്രവാസി സംരംഭങ്ങള്‍ ആരംഭിച്ചതായും സംരംഭത്തിന്റെ പ്രധാന്യവും സംരംഭകരുടെ പ്രായോഗികാനുഭവങ്ങളും പ്രചരിപ്പിക്കുന്നതിനായി സംരംഭകത്വ സന്ദേശയാത്ര നടത്തുമെന്നും പി.ശ്രീരാമകൃഷ്ണൻ അറിയിച്ചു.
ചടങ്ങിൽ കേരളാ ബാങ്ക് ഡയറക്ടർ കെ.വി. ശശി അധ്യക്ഷത വഹിച്ചു. നോർക്ക റൂട്ട്സിന്റെ പുനരധിവാസപദ്ധതികളെ സംബന്ധിച്ച് സി. ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരി വിശദീകരിച്ചു. നോർക്ക എറണാകുളം സെൻറർ മാനേജർ കെ.ആർ രജീഷ്, കേരള ബാങ്ക് റീജിയണൽ ജനറൽ മാനേജർ പ്രിൻസ് ജോർജ്, ഡെപ്യൂട്ടി ജനറൽ മാനേജർ കെ.എസ് സജിത്ത്, സീനിയർ മാനേജർ പി.എസ് വിജയൻ എന്നിവർ സംസാരിച്ചു. ചെറുതോണി കേരളാ ബാങ്ക് ക്രെഡിറ്റ് പ്രോസസിങ് സെന്ററിൽ നടന്ന മേളയിൽ 236 പേർ പങ്കെടുത്തു.
ഇതിൽ 196 പേർക്ക് വായ്പക്കായുള്ള പ്രധമികാനുമതി ലഭിച്ചു.180 പേർക്ക് കേരള ബാങ്ക് വഴിയും 16 പേർക്ക് മറ്റ് ധനകാര്യങ്ങൾ വഴിയും വായ്പ ലഭ്യമാകും. തിരിച്ചെത്തിയ പ്രവാസികളുടെ പുനരധിവാസത്തിനായി സംസ്ഥാന സർക്കാർ നോർക്ക റൂട്ടസ് വഴി നടപ്പിലാക്കുന്ന നോർക്ക ഡിപ്പാർട്ട്മെൻറ് പ്രോജക്ട് ഫോർ റീട്ടേൻഡ് എമിഗ്രൻറ്സ് പദ്ധതി പ്രകാരമാണ് ലോൺ മേള നടത്തിയത്. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്പകളാണ് എന്‍.ഡി.പി. ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക. കൃത്യമായ വായ്പാ തിരിച്ചടവിന് 15 ശതമാനം മൂലധന സബ്‌സിഡിയും (പരമാവധി മൂന്നു ലക്ഷം രൂപ വരെ) മൂന്ന് ശതമാനം പലിശ സബ്‌സിഡിയും (ആദ്യത്തെ നാലു വര്‍ഷം) പദ്ധതി വഴി സംരംഭകര്‍ക്ക് ലഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.