ദിലീപിന് വേണ്ടി ഇടത് സഹയാത്രികർ; മുഖ്യമന്ത്രിയും സി.പി.എമ്മും ഉത്തരം പറയണമെന്ന് പി.ടി തോമസ്
text_fieldsകൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന ദിലീപിനെ പിന്തുണച്ച് കെ.ബി.ഗണേഷ്കുമാറും സെബാസ്റ്റ്യൻ പോളും രംഗത്തെത്തിയിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നുവെന്ന വിമർശനവുമായി പി.ടി തോമസ്. കേസ് അന്വേഷണത്തിൽ പൊലീസിനെ വിമർശിച്ച് ഗണേഷ്കുമാർ ഉന്നയിച്ച കാര്യങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയാൻ തയാറാകണമെന്നും പി.ടി തോമസ് ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ സഹയാത്രികരെ സി.പി.എം കയറൂരി വിട്ടിരിക്കുകയാണോയെന്നും പി.ടി.തോമസ് ചോദിച്ചു.
കേസിൽ ദിലീപിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഉൾവലിഞ്ഞവരൊക്കെ ഇപ്പോൾ ദിലീപിനെ അനുകൂലിച്ച് രംഗത്തുവരികയാണ്. ഇടതു സഹയാത്രികനായ സെബാസ്റ്റ്യൻ പോൾ ദിലീപിനെ അനുകൂലിച്ചത് ഞെട്ടിക്കുന്നതാണ്. നവമാധ്യമങ്ങളിൽ ദിലീപിന് വേണ്ടി സൂപ്പർ പി.ആർ.ഒ വർക്കാണ് നടക്കുന്നത്. ഇതിന്‍റെ അവസാനത്തെ ഇരയാണ് സെബാസ്റ്റ്യൻ പോൾ. സോഷ്യൽ മീഡിയയിൽ ദിലീപിന് പിന്തുണയേറിവരുന്നതിനെക്കുറിച്ച് അന്വേഷണം നടത്തണം. ഇരയായ പെണ്‍കുട്ടിയുടെ ജീവൻ വച്ച് ചിലർ പന്താടുകയാണ്. ഇതിന്‍റെ പിന്നിൽ ആരാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസിന്‍റെ വിശദാംശങ്ങൾ ഹൈകോടതിയെ ബോധിപ്പിക്കുന്നത് ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ഓഫീസിന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കണം. കേസ് പഴുതടച്ച് മുന്നോട്ടുകൊണ്ടുപോകാൻ പ്രോസിക്യൂഷൻ കണ്ണിൽ എണ്ണയൊഴിച്ച് കാത്തിരിക്കണം. കേസ് അന്വേഷണം ദുർബലപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമായി തുടങ്ങിയിട്ടുണ്ട്. ആരോപണ വിധേയർ കുറ്റക്കാരാണോ എന്ന് തീരുമാനിക്കേണ്ടത് കോടതിയാണെന്നും കേസിൽ ദിലീപിനെ അനുകൂലിച്ച് ചിലർ ജഡ്ജിമാർ ചമയുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.