പി. വിജയൻ സംസ്ഥാന ഇന്‍റലിജന്‍സ് മേധാവി
text_fieldsതിരുവനന്തപുരം: എ.ഡി.ജി.പി പി. വിജയനെ സംസ്ഥാന ഇന്‍റലിജൻസ് വിഭാഗം മേധാവിയായി നിയമിച്ചു. ഇന്‍റലിജൻസ് വിഭാഗം മേധാവി മനോജ് എബ്രഹാം ക്രമസമാധാന ചുമതലയിലേക്ക് മാറിയതോടെയാണ് പകരം പി. വിജയനെ നിയമിച്ചത്. ഇതുസംബന്ധിച്ച് ആഭ്യന്തരവകുപ്പിന്‍റെ ഉത്തരവ് പുറത്തിറങ്ങി. എ.ഡി.ജി.പി എം.ആർ. അജിത് കുമാറിന്‍റെ റിപ്പോർട്ടിനെ തുടർന്ന് മുമ്പ് സസ്‌പെൻഡ് ചെയ്ത ഉദ്യോഗസ്ഥനാണ് പി. വിജയൻ. നിലവിൽ പൊലീസ് അക്കാദമി ഡയറക്ടറാണ്. എറണാകുളം റേഞ്ച് ഐ.ജി എ. അക്ബറിനാണ് പകരം ചുമതല.
എലത്തൂർ ട്രെയിൻ തീവെപ്പ് കേസിലെ പ്രതിയുടെ യാത്രാവിവരം മാധ്യമപ്രവർത്തകർക്ക് ചോർത്തിയെന്നാരോപിച്ച് ക്രമസമാധാന ചുമതലയുണ്ടായിരുന്ന എം.ആർ. അജിത് കുമാറിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് പി. വിജയനെ കഴിഞ്ഞ വർഷം മേയ് 18ന് സസ്പെൻഡ് ചെയ്തത്. വിശദീകരണം തേടാതെയായിരുന്നു നടപടി.
ഒടുവിൽ നവംബർ 13ന് ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിനെ തുടർന്നാണ് മുഖ്യമന്ത്രി സസ്പെൻഷൻ റദ്ദാക്കി വിജയനെ സർവിസിൽ തിരിച്ചെടുത്തത്. 1999 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയൻ തീവ്രവാദവിരുദ്ധ സേനയുടെ തലവനായിരുന്നു. ബുക്ക് ആൻഡ് പബ്ലിക്കേഷൻ സൊസൈറ്റിയുടെ ചുമതലയും സ്റ്റുഡൻഡ് കാഡറ്റ് ചുമതലയും വഹിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.