വിനോദസഞ്ചാരം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 50 പാലങ്ങൾ ദീപാലങ്കൃതമാക്കുമെന്ന് പി.എ മുഹമ്മദ് റിയാസ്
text_fieldsതിരുവനന്തപുരം : വിനോദസഞ്ചാരം ലക്ഷ്യമിട്ട് സംസ്ഥാനത്തെ 50 പാലങ്ങൾ വിദേശ മാതൃകയിൽ ദീപാലങ്കൃതമാക്കുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ്. പഴകുറ്റി പാലം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൊതുമരാമത്ത് വകുപ്പ് സംസ്ഥാനത്ത് കഴിഞ്ഞ രണ്ടു വർഷത്തിനിടെ 50 പാലങ്ങളുടെ പണി പൂർത്തീകരിച്ചു കഴിഞ്ഞു.
ചെറുതും വലുതുമായ 144 പാലങ്ങളുടെ പണി പുരോഗമിക്കുന്നു. 1208 കോടി രൂപയുടെ നിർമ്മാണ പ്രവർത്തികൾ ആണ് നടക്കുന്നത്. പാലങ്ങളുടെ വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തുകയാണ് സർക്കാരിൻ്റെ ലക്ഷ്യം. ഇതിനായി സഹകരണ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവരുമായി സഹകരിച്ച് എം.എൽ.എമാരുടെ നേതൃത്വത്തിൽ അടുത്ത വർഷത്തോടുകൂടി സംസ്ഥാനത്തെ 50 പാലങ്ങൾ ദീപാലങ്കൃതമാക്കുമെന്നും മന്ത്രി പറഞ്ഞു.
നെടുമങ്ങാട്, വാമനപുരം നിയോജക മണ്ഡലങ്ങളിലൂടെ കടന്നു പോകുന്ന പ്രധാന റോഡ് ആയ പഴകുറ്റി - മംഗലപുരം റോഡിന്റെ ഒന്നാം റീച്ചായ പഴകുറ്റി മുതൽ മുക്കംപാലമൂട് വരെയുള്ള റോഡിന്റെ പുനർനിർമ്മാണം നടന്നുവരികയാണ്. ആകെ 19 കിലോമീറ്റർ നീളമുള്ള ഈ റോഡ് കിഫ്ബി പദ്ധതി വഴിയാണ് നിർമാണം നടത്തുന്നത്. ഇതിൻ്റെ ഭാഗമായുള്ള ഒന്നാം റീച്ചിലാണ് പഴകുറ്റി പാലത്തിൻ്റെ നിർമാണം പൂർത്തിയാക്കിയത്. ആകെ ഏഴ് കിലോമീറ്റർ നീളമുള്ള ഒന്നാം ഘട്ടത്തിൻ്റെ പണി, പഴകുറ്റി പാലം ഉൾപ്പെടെ എഴുപത് ശതമാനത്തോളം പൂർത്തിയായി. പഴകുറ്റി പാലത്തിന് സമീപം നടന്ന ചടങ്ങിൽ മന്ത്രി ജി.ആർ അനിൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.