നവകേരള സദസ് ലോകമെമ്പാടുമുള്ള സർക്കാറുകൾക്ക് മാതൃകയെന്ന് പി.എ. മുഹമ്മദ് റിയാസ്
text_fieldsതിരുവനന്തപുരം: ലോകമെമ്പാടുമുള്ള സർക്കാരുകൾക്ക് മാതൃകയായ പ്രവർത്തനങ്ങളാണ് നവകേരള സദസിലൂടെ സർക്കാർ കാഴ്ച്ച വെക്കുന്നതെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. മൂവാറ്റുപുഴ നിയോജക മണ്ഡലതല നവകേരള സദസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരു മന്ത്രിസഭ ഗ്രാമ നഗര വ്യത്യാസമില്ലാതെ ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി ചെല്ലുന്നത്.മൂവാറ്റുപുഴ മണ്ഡലത്തിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾ സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പാക്കി. മണ്ഡലത്തിലെ വിവിധ റോഡുകൾ ആധുനിക നിലവാരത്തിലേക്ക് ഉയർത്തുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണെന്നും 41 കോടി രൂപ ചെലവിൽ മണ്ഡലത്തിലെ 39 കിലോ മീറ്റർ റോഡ് ബി.എം.ബി.സി നിലവാരത്തിലേക്ക് ഉയർത്തി ജനങ്ങളുടെ യാത്രാ ക്ലേശം പരിഹരിക്കാനായെന്നും മന്ത്രി പറഞ്ഞു.
കിഫ്ബിയിലൂടെ നിരവധി വികസന പ്രവർത്തനങ്ങളാണ് സംസ്ഥാനത്ത് പൂർത്തിയാക്കി വരുന്നത്. മലയോര ഹൈവേ, തീരദേശ ഹൈവേ , മലയാളിയുടെ ചിരകാല സ്വപ്നമായ ദേശീയ പാതാ വികസനം തുടങ്ങി പല പ്രവർത്തനങ്ങളും സർക്കാർ നടപ്പിലാക്കുന്നു. മലയോര ഹൈവേ യാഥാർത്ഥ്യമാകുന്നതോടെ കാർഷിക, ടൂറിസം മേഖലകളിൽ കുതിച്ചു ചാട്ടത്തിന് വഴിയൊരുങ്ങും.
പശ്ചാത്തല വികസനം, ജനക്ഷേമ പ്രവർത്തനങ്ങൾ, സുരക്ഷ തുടങ്ങി ജനജീവിതത്തിന്റെ സമസ്ത മേഖലയിലും തനത് മുദ്ര പതിപ്പിച്ചുകൊണ്ടാണ് സർക്കാർ മുന്നേറുന്നത്. സുതാര്യത ഉറപ്പുവരുത്തുന്ന പ്രവർത്തനങ്ങളാണ് പശ്ചാത്തല വികസന മേഖലയിൽ സർക്കാർ നടപ്പിലാക്കുന്നത്.
ആഭ്യന്തര സഞ്ചാരികളെ ആകർഷിച്ച് ടൂറിസം മേഖലയെ ഉണർത്തി. സർക്കാർ വിദ്യാലയങ്ങളെ ഹൈടെക് ആക്കി കൂടുതൽ വിദ്യാർത്ഥികളെ ആകർഷിക്കാനും അവർക്ക് മികച്ച വിദ്യാഭ്യാസം നൽകാനും സാധിച്ചു.ആരോഗ്യ മേഖലയിലും മറ്റു സംസ്ഥാനങ്ങളെക്കാൾ മികച്ച പ്രവർത്തനങ്ങൾ കാഴ്ചവെക്കാനായെന്ന് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.