ബജറ്റ് പൊതുമരാമത്ത് വികസനപ്രവര്‍ത്തനങ്ങളിൽ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് പി.എ മുഹമ്മദ് റിയാസ്
text_fieldsതിരുവനന്തപുരം: പൊതുമരാമത്ത് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ബജറ്റിലെ നിർദേശങ്ങള്‍ ഊര്‍ജ്ജം പകരുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഈ മേഖലയെ സജീവമാക്കി നിറുത്തുന്നതിന് 1,000 കോടി രൂപയുടെ പ്രത്യേക പദ്ധതികളാണ് പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ദേശീയപാതാ വികസനം ത്വരിതഗതിയില്‍ പുരോഗമിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനപാതകളുടെ വികസനത്തിന് പ്രത്യേക ഊന്നല്‍ നല്‍കുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.
ഇതിനു പുറമെ ജില്ലാ ആസ്ഥാനങ്ങളെ മറ്റ് പ്രധാന കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനത്തിനും പരിപാലനത്തിനുമായി 75 കോടി രൂപയും വകയിരുത്തി. ഗതാഗത ആവശ്യങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലകളിലെ പ്രധാന റോഡുകളുടെ വികസനത്തിന് 288.27 കോടി രൂപ അനുവദിച്ചതും സ്വാഗതാര്‍ഹമാണ്. ഇതിനു പുറമെ നിലവില്‍ നവീകരണം നടന്നുകൊണ്ടിരിക്കുന്ന 517.45 കി. മീ ദൈര്‍ഘ്യമുള്ള 37 റോഡുകള്‍ക്കായി 61.85 കോടി രൂപയും നല്‍കിയിട്ടുണ്ട്.
പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വരുന്ന സംസ്ഥാന പാതകളിലെ പാലങ്ങള്‍, കലുങ്കുകള്‍ എന്നിവയുടെ നിർമാണത്തിനും പരിപാലനത്തിനുമായി 50 കോടി രൂപ അനുവദിച്ചു. നബാര്‍ഡ് സഹായത്തോടെ പൂര്‍ത്തീകരിക്കുന്ന പാലങ്ങളുടെ നിർമാണത്തിന് 95 കോടി രൂപയും ജില്ലാ റോഡുകളിലെ പാലങ്ങള്‍ക്കും കലുങ്കുകള്‍ക്കുമായി 66 കോടി രൂപയും വകയിരുത്തി. നിലവിലുള്ള പാലങ്ങളുടെ സംരക്ഷണത്തിനും പുനര്‍നിര്‍മ്മാണത്തിനുമായി 25 കോടി രൂപയും നല്‍കിയിട്ടുണ്ട്. 236 കോടി രൂപയാണ് ഈയിനത്തില്‍ മാത്രം ലഭിച്ചതെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വിനോദസഞ്ചാരമേഖലയെക്കൂടി മുന്നില്‍ കണ്ടുകൊണ്ടാണ് കേരളത്തില്‍ റോഡ് നവീകരണം പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. കേരളത്തിലെ സംസ്ഥാനപാതകളും ജില്ലാ റോഡുകളും മികച്ച നിലവാരത്തിലാണ് നവീകരിച്ചു കൊണ്ടിരിക്കുന്നത്. നിർമാണത്തെക്കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടറിയിക്കാനുള്ള സൗകര്യം നടപ്പായതിനു ശേഷം റോഡുകളുടെ പരിചരണം മികച്ച രീതിയില്‍ സാധ്യമാകുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.