സർക്കാർ പരിപാടി പൊളിക്കുക ലക്ഷ്യം, കോൺഗ്രസിന് മറ്റൊരിടത്ത് ഫലസ്തീൻ റാലി നടത്താം -മന്ത്രി റിയാസ്
text_fieldsകോഴിക്കോട്: സർക്കാർ പരിപാടി പൊളിക്കുക എന്നതാണ് കോൺഗ്രസിന്‍റെ ലക്ഷ്യമെന്നും കോൺഗ്രസിന് മറ്റൊരിടത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി നടത്താമല്ലോയെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഫലസ്തീൻ വിഷയത്തിൽ ആത്മാർത്ഥത ഇല്ല എന്ന് വീണ്ടും കോൺഗ്രസ് തെളിയിക്കുന്നതാണ് ഈ സംഭവമെന്നും മന്ത്രി കുറ്റപ്പെടുത്തി. ബേപ്പൂർ മണ്ഡലം നവകേരള സദസ്സിന് മുന്നോടിയായി സംഘടിപ്പിച്ച റൺ ബേപ്പൂർ മാരത്തണിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സർക്കാറിന്‍റെ പരിപാടി പൊളിക്കുക എന്ന ഗൂഢലക്ഷ്യം ഇതിന് പിന്നിലുണ്ട്. കുഴപ്പമുണ്ടാക്കുക എന്ന തന്ത്രം ഇതിന് പിന്നിലുണ്ട്. ഫലസ്തീൻ വിഷയത്തിൽ ആത്മാർത്ഥമായ നിലപാട് ഉണ്ടെങ്കിൽ സർക്കാർ പരിപാടി പൊളിക്കാൻ വേണ്ടിയുള്ള മത്സരമായല്ലല്ലോ ഇതിനെ കാണേണ്ടത്. കോഴിക്കോട് നിരവധി സ്ഥലങ്ങളുണ്ട് ഫലസ്തീൻ വിഷയത്തിൽ പരിപാടി നടത്താൻ. സി.പി.എം നടത്തിയ സ്ഥലമുണ്ടല്ലോ, നിരവധി സ്ഥലങ്ങൾ വേറെയുമുണ്ട്. സർക്കാർ പരിപാടിയിൽ പോയി കുഴപ്പമുണ്ടാക്കുക എന്നത് ഫലസ്തീൻ വിഷയത്തിൽ ആത്മാർത്ഥത ഇല്ലാത്തതിന്‍റെ പ്രശ്നമാണ് -മന്ത്രി പറഞ്ഞു.
നവകേരള സദസ്സിന് നിശ്ചയിച്ച വേദിയിൽ റാലി നടത്തരുതെന്നാണ് പറഞ്ഞതെന്ന് കലക്ടറും വ്യക്തമാക്കി. 23-ാം തീയതിയാണെങ്കിൽ നവകേരള സദസ്സിന്‍റെ എല്ലാ പ്രവർത്തനങ്ങളും നിർത്തേണ്ടിവരും. അതല്ലാത്ത ബാക്കി സ്ഥലങ്ങളിൽ പരിപാടി നടത്താമെന്ന് പറഞ്ഞു. പക്ഷേ അത് അവർക്ക് സ്വീകാര്യമല്ലെന്നാണ് തോന്നുന്നതെന്നും കലക്ടർ പറഞ്ഞു.
കോൺഗ്രസിന്‍റെ ഫലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കലക്ടർ അനുമതി നിഷേധിച്ചതായി ഇന്നലെയാണ് നേതാക്കൾ അറിയിച്ചത്. നവകേരള സദസ്സിന് വേദിയൊരുക്കാനാണ് കോൺഗ്രസിന്‍റെ റാലിക്ക് അനുമതി നിഷേധിച്ചതെന്നും കലക്ടർ ആദ്യം അംഗീകരിച്ച ശേഷമാണ് അനുമതി നൽകാതിരുന്നതെന്നുമാണ് ഡി.സി.സി. പ്രസിഡന്‍റ് കെ. പ്രവീൺകുമാർ പറഞ്ഞിരുന്നത്.
നേരത്തെ തീരുമാനിച്ച പ്രകാരം കോഴിക്കോട്ട് തന്നെ കോൺഗ്രസിന്‍റെ റാലി നടത്തുമെന്ന് എം.കെ. രാഘവൻ എം.പി ഇന്നലെ പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.