പ്രതിപക്ഷ നേതാവിന്റെ പെട്ടിപിടുത്തക്കാർ ആഞ്ഞുവീശിയാൽ പതറുന്നവരല്ല മന്ത്രിമാർ -മന്ത്രി റിയാസ്
text_fieldsതിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ പെട്ടിപിടുത്തക്കാർ ആഞ്ഞുവീശിയാൽ പിന്മാറുന്നവർ അല്ല എൽ.ഡി.എഫ് സർക്കാറിൽ ഉള്ളതെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇന്ന് പ്രതിപക്ഷ നേതാവിന്റെ പെട്ടി പിടിക്കുന്നവർ പണ്ട് മറ്റു പലരുടെയും പെട്ടിപിടുത്തക്കാർ ആയിരുന്നുവെന്നും മന്ത്രി പരിഹസിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും എതിരെ വലിയ പ്രതിഷേധം കോൺഗ്രസിനകത്തുണ്ട്. നിയമസഭയിൽ ബഹളം ഉണ്ടാക്കിയാൽ കോൺഗ്രസിനകത്തെ ആഭ്യന്തര പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടില്ല എന്നാണ് ഇവരുടെ ധാരണ.
പ്രതിപക്ഷ നേതാവിനോട് വ്യക്തിപരമായ ഒരു വിരോധവും ഇല്ല. മന്ത്രി എന്ന നിലയിൽ അദ്ദേഹത്തിന്റെ മണ്ഡലത്തിലെ വികസന ആവശ്യങ്ങളിൽ പ്രത്യേക ശ്രദ്ധ ഉണ്ടാവും. ഇവിടെ രാഷ്ട്രീയമാണ് പറയുന്നത്, അത് ഇനിയും തുടരും.
ഇടതുപക്ഷ സർക്കാറുകൾ എന്നും പ്രതിപക്ഷ ബഹുമാനം പുലർത്തിയിട്ടുണ്ട്. 66 വർഷത്തെ കേരള നിയമസഭയുടെ ചരിത്രം പരിശോധിച്ചാൽ 34 അടിയന്തര പ്രമേയങ്ങളാണ് സഭ നിർത്തിവെച്ചു ചർച്ച ചെയ്തത്. 1957 മുതൽ 2016 വരെ 24 അടിയന്തര പ്രമേയങ്ങൾ. 2016 ഇൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സർക്കാർ വന്ന ശേഷമുള്ള ഈ ഏഴ് വർഷങ്ങളിൽ 10 അടിയന്തര പ്രമേയങ്ങൾ സഭ നിർത്തിവെച്ചു ചർച്ച ചെയ്തു. എന്നാൽ പ്രതിപക്ഷ നേതാവും ചില എം.എൽ.എമാരും പറയുന്നു മുഖ്യമന്ത്രി സഭയിൽ ജനാധിപത്യം അനുവദിക്കുന്നില്ല എന്ന് -റിയാസ് കുറ്റപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.