പടയപ്പ മദപ്പാടില്‍; അടുത്തേക്ക് പോകരുതെന്ന് വനംവകുപ്പ്
text_fieldsമറയൂർ: മൂന്നാർ-മറയൂർ മേഖലയിൽ കാണപ്പെടുന്ന പടയപ്പ എന്ന ഒറ്റയാൻ മദപ്പാടിലാണെന്നും ജാഗ്രത വേണമെന്നും വനം വകുപ്പ്. വരുംദിവസങ്ങളില്‍ ആന കൂടുതല്‍ അക്രമണകാരിയാകാൻ സാധ്യതുണ്ടെന്നാണ് വനം വകുപ്പിന്റെ നിഗമനം.
മറയൂര്‍-മൂന്നാര്‍ പാത, മൂന്നാര്‍ ടൗണ്‍, ഇരവികുളം നാഷനല്‍ പാര്‍ക്ക് എന്നിവിടങ്ങളിൽ കാണപ്പെടുന്ന ഒറ്റയാന് പൊതുവെ ശാന്ത സ്വഭാവക്കാരനായിരുന്നു. തോട്ടംതൊഴിലാളികളും സഞ്ചാരികളും കാട്ടാനയുടെ അടുത്ത് ചെല്ലുന്നതും പതിവ് കാഴ്ചയാണ്. ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയാല്‍ പോലും നാശ നഷ്ടം വരുത്താത്ത കാട്ടാനയായിരുന്നു പടയപ്പ.
സമീപ ദിവസങ്ങളായി മൂന്നാര്‍-മറയൂര്‍ റോഡില്‍ ചുറ്റിതിരിയുന്ന ഒറ്റയാന് പതിവിന് വിപരീതമായി അക്രമണകാരിയായിരിക്കുകയാണ്. പെട്ടിക്കടകളും വാഹനങ്ങള്‍ക്ക് നേരെയും ആളുകള്‍ക്ക് നേരെയും ആക്രമണം കാണിക്കുകയാണ്. പതിവായി റോഡരികിലാണ് പടയപ്പയുടെ നില്പ്.
കാട്ടാനയുടെ ആക്രമണ സ്വഭാവം നിരീക്ഷിച്ച വനംവകുപ്പ് ഒറ്റയാന് മദപ്പാടിലാണെന്നും പ്രദേശവാസികള്‍ മുമ്പത്തെപ്പോലെ കാട്ടാനയോട് ഇടപഴകാന്‍ ശ്രമിക്കരുതെന്നും നിർദേശം നല്കി.
മദപ്പാടിന്റെ തുടക്കമാണെന്നും വരുംദിവസങ്ങളില്‍ ആന കൂടുതല്‍ ആക്രമണകാരിയായി മാറാന്‍ സാധ്യതയുണ്ടെന്നുമാണ് മറയൂര്‍ ഡിവിഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തുന്നതെന്ന് ഡി.എഫ്.ഒ എം.ജി. വിനോദ് കുമാര്‍ പറഞ്ഞു. ഇതുവഴി ഇരുചക്രവാഹനങ്ങളിലെ രാത്രി യാത്ര പരമാവധി ഒഴിവാക്കാന്‍ ശ്രമിക്കണമെന്നും അധികൃതർ പറഞ്ഞു.
കാട്ടാനയെ കണ്ടാൽ...
മൂന്നാര്‍ മറയൂര്‍ റൂട്ടില്‍ കാട്ടാനയെ കണ്ടാല്‍ സുരക്ഷിതമായ അകലം പാലിക്കണം. മൊബൈല്‍ ഫോണ്‍ വഴി വനംവകുപ്പിന്റെ സേവനം തേടണം. വാഹനത്തിനുള്ളിലിരുന്ന് പ്രകോപനം ഉണ്ടാക്കരുത്. ഫോട്ടോ എടുക്കുന്നത് ഒഴിവാക്കുക. കാട്ടാന തേയിലത്തോട്ടത്തിനൂള്ളിലേക്ക് കയറിയ ശേഷം മാത്രം യാത്ര തുടരുക.
പ്രദേശവാസികള്‍ക്കും മറ്റ് യാത്രക്കാര്‍ക്കും പരമാവധി മുന്നറിയിപ്പ് നൽകുക. വാഹനത്തിന്റെ എൻജിന് ഓഫാക്കുകയോ ഹോൺ മുഴക്കുകയോ ചെയ്യരുത്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങാതിരിക്കുക. ഭക്ഷണം നല്കാന് ഒരു കാരണവശാലും ശ്രമിക്കരുത്.റോഡില്‍ ബ്ലോക്ക് ഉണ്ടാകുന്ന തരത്തില്‍ വാഹനം നിര്‍ത്തരുത്. കല്ലെറിഞ്ഞ് തുരത്താന്‍ ശ്രമിച്ചാൽ കൂടുതല്‍ പ്രകോപിതനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.