മൂന്നാറിൽ പടയപ്പ വിനോദസഞ്ചാരികളുടെ കാർ തകർത്തു
text_fieldsഅടിമാലി: മൂന്നാറിൽ പടയപ്പ എന്ന കാട്ടാന വീണ്ടും അക്രമാസക്തൻ. വെള്ളിയാഴ്ച പുലർച്ച മൂന്നാർ - ഉദുമൽപേട്ട റോഡിൽ നയമക്കാടുവെച്ച് സഞ്ചാരികളുടെ കാർ തകർത്തു. തുമ്പിെക്കെ ചുഴറ്റി കാറിൽ അടിക്കുകയും കൊമ്പുകൊണ്ട് കുത്തി കേട് വരുത്തുകയുമായിരുന്നു. മൂന്ന് യാത്രക്കാരാണ് കാറിൽ ഉണ്ടായിരുന്നത്. ഇവർ ഓടി രക്ഷപ്പെട്ടു. രണ്ടാഴ്ചക്കിടെ പടയപ്പ മൂന്ന് വാഹനങ്ങൾക്കുനേരെയാണ് ആക്രമണം നടത്തിയത്. കഴിഞ്ഞദിവസം മൂന്ന് യാത്രക്കാരുണ്ടായിരുന്ന ഓട്ടോയാണ് തകർത്തത്. വാഹനത്തിലെ യാത്രക്കാർ ഓടി രക്ഷപ്പെടുകയായിരുന്നു.
വന്യജീവി ശല്യം രൂക്ഷമായതിനാൽ ദേവികുളം ഡിവിഷനുകീഴിലുള്ള മൂന്നാർ, ചിന്നക്കനാൽ മേഖലയിൽ രാത്രികാല ജീപ്പ് സഫാരിക്ക് പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. മൂന്നാർ ഡിവൈ.എസ്.പിയുടെ നിർദേശപ്രകാരം ശാന്തൻപാറ സി.ഐയാണ് ഇതുസംബന്ധിച്ച് റിസോർട്ട് ഉടമകൾക്കും ജീപ്പ് ഉടമകൾക്കും നോട്ടീസ് നൽകിയത്. മൂന്നാർ, ശാന്തൻപാറ, ദേവികുളം, മറയൂർ, രാജാക്കാട് എന്നീ പൊലീസ് സ്റ്റേഷൻ അതിർത്തികളിലാണ് നിയന്ത്രണം.
സഞ്ചാരികളുമായി രാത്രി എട്ടിനുശേഷം ജീപ്പ് സഫാരി അനുവദിക്കില്ല. കാട്ടാനശല്യം രൂക്ഷമായ സ്ഥലങ്ങളിൽ രാത്രികാല ട്രക്കിങ്ങിന് നേരത്തേതന്നെ നിരോധനം ഉണ്ട്. കൂടാതെ, രാത്രികാലങ്ങളിൽ വാഹനയാത്രികർ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പും മുന്നറിയിപ്പ് നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.