താങ്ങുവില നിർണയം പാളി, വിഹിതം വെട്ടിക്കുറക്കലും
text_fieldsതിരുവനന്തപുരം: കാർഷിക വിലനിർണയ കമീഷന്റേതടക്കം നിർദേശങ്ങൾ അപ്പാടെ അവഗണിച്ച് നെല്ലിന്റെ താങ്ങുവിലയിൽ കേന്ദ്രം വരുത്തിയ നേരിയ വർധനയും പിന്നാലെ വിഹിതം വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാർ നടപടിയും കര്‍ഷകരോടു കാട്ടിയത് വലിയ ക്രൂരത.
നെല്ലിന് ആനുപാതിക വില ലഭിക്കാതെയും സംഭരിച്ച നെല്ലിന്റെ തുക നേരിട്ട് വിതരണം ചെയ്യാതെ പാഡി റസീപ്റ്റ് സ്ലിപ് (പി.ആർ.എസ്) വായ്പയാക്കി മാറ്റുകയും ചെയ്യുമ്പോള്‍ കര്‍ഷക കുടുംബങ്ങള്‍ നിത്യചെലവിനു പോലും വകയില്ലാതെ നട്ടം തിരിയുകയാണ്. സ്വാമിനാഥന് കമീഷന് റിപ്പോര്‍ട്ട് പ്രകാരം ഉൽപാദന ചെലവിന്റെ അടിസ്ഥാനത്തില്‍ മൂന്നു ഘടകങ്ങള്‍ വിലയിരുത്തിയാണ് കാര്‍ഷിക വിലനിര്‍ണയ കമീഷന് താങ്ങുവില നിശ്ചയിക്കുന്നത്. എ-2, എഫ്.എല്‍, സി-2 എന്നിങ്ങനെയുള്ള ഘടകങ്ങളാണ് നിര്‍ബന്ധമായും കണക്കാക്കാന്‍ നിര്‍ദേശിക്കുന്നത്. ഇതില്‍ എ-2 പ്രകാരം വിത്ത്, വളം, തൊഴിലാളിക്ക് നൽകുന്ന കൂലി, ഇന്ധനം, ജലസേചനം, വൈദ്യുതി, ഉപകരണങ്ങളുടെ വാടക എന്നിവ കണക്കാക്കണം. എഫ്.എല്‍ പ്രകാരം കൃഷിയുമായി നേരിട്ട് ബന്ധമുള്ള കുടുംബങ്ങളുടെ കൂലിയും സി-2 പ്രകാരം കൃഷിഭൂമിയുടെ വാടക, മുതല്‍മുടക്കിന്റെ പലിശ എന്നിവയും കണക്കാക്കണം.
എന്നാല്‍, കൃഷിയുമായി ബന്ധമുള്ള കുടുംബങ്ങളുടെ കൂലിയും കൃഷിഭൂമി വാടകയും മുതല്‍മുടക്കിന്റെ പലിശയും താങ്ങുവില നിര്‍ണയത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവില്‍ കിലോക്ക് 28.20 രൂപയാണ് നെല്ലിന് താങ്ങുവിലയായി കര്ഷകന് ലഭിക്കുന്നത്. ഇതില്‍ 20.40 രൂപ കേന്ദ്രവും 7.80 രൂപ സംസ്ഥാനവും നല്‍കും. കമീഷന് ശിപാര്‍ശ ചെയ്ത മുഴുവന്‍ ഘടകവും പരിഗണിച്ചാല്‍ താങ്ങുവില 39.60 രൂപയായി ഉയരേണ്ടതുണ്ട്.
സംസ്ഥാന വിഹിതം കൂടി ലഭിച്ചാല്‍ കര്ഷകന് ഉയര്‍ന്ന തുക ലഭിക്കുമെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അഞ്ചു ഹെക്ടര്‍ നെല്‍കൃഷി ചെയ്യുന്ന കുടുംബത്തിന് ഇപ്പോഴത്തെ സാഹചര്യത്തില്‍ സംഭരണവില കൃത്യമായി ലഭിച്ചാല്‍ പോലും 17,000 രൂപ മാത്രമാകും പ്രതിമാസ വരുമാനമെന്നാണ് കൃഷി വകുപ്പിന്റെ കണക്കുകൾ പോലും വ്യക്തമാക്കുന്നത്. തുക കൃത്യമായി ലഭിക്കാത്ത സാഹചര്യമുണ്ടായാല്‍ നഷ്ടത്തിലേക്കു പോകും. നെല്‍കൃഷിയുടെ അളവ് കുറയുന്നതിന് ആനുപാതികമായി പ്രതിമാസം വരുമാനത്തില്‍ കനത്ത ഇടിവുണ്ടാകും.
കേരളം കുറച്ചത് ഇങ്ങനെ
സംസ്ഥാനത്ത് 2021ൽ രണ്ടാം വിള നെല്ല് സംഭരിച്ചത് കിലോക്ക് 28 രൂപ നിരക്കിലായിരുന്നു. ഇതിൽ 19.40 രൂപയായിരുന്നു കേന്ദ്ര താങ്ങുവില. സംസ്ഥാന സർക്കാർ കിലോക്ക് 8.60 രൂപ പ്രോത്സാഹനവിഹിതവും ചേർത്ത് താങ്ങുവില 28 രൂപയാക്കി. 2022ൽ സംസ്ഥാന ബജറ്റിൽ കിലോക്ക് 20 പൈസകൂടി വർധിപ്പിച്ചതും ചേർത്ത് 28.20 രൂപയാക്കി. കേന്ദ്രം ഒരു രൂപ കൂടി വർധിപ്പിച്ച് താങ്ങുവില 20.40 രൂപയാക്കിയ 2022ൽ സംസ്ഥാനത്തിന്റെ പ്രോത്സാഹനവിഹിതം 7.80 രൂപയാക്കി. ഇത്തവണ സംസ്ഥാനവിഹിതം 6.37 രൂപയായും കുറച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.