നെല്ല് സംഭരണം: തുക കുറക്കാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻവാങ്ങി
text_fieldsതിരുവനന്തപുരം: നെല്ല് സംഭരണത്തിനുള്ള തുക കുറച്ച് വിപണി ഇടപെടലിന് തുക കൂട്ടാനുള്ള തീരുമാനത്തിൽനിന്ന് സർക്കാർ പിൻവാങ്ങി. ഭക്ഷ്യവകുപ്പിനായി അനുവദിച്ച 250 കോടിയിൽ നെല്ലു സംഭരണത്തിന് 180 കോടി ചെലവഴിക്കാനായിരുന്നു ആദ്യതീരുമാനം. എന്നാൽ, 190 കോടി രൂപ വിപണി ഇടപെടലിനും നെല്ല് സംഭരണത്തിന് 60 കോടി രൂപ മാത്രവും നൽകാനായിരുന്നു ധനവകുപ്പിന്റെ നീക്കം. സപ്ലൈകോ നെല്ല് സംഭരിച്ച വകയിൽ കർഷകർക്കുള്ള പ്രോത്സാഹന ബോണസായി 60 കോടി മാത്രം അനുവദിച്ച് കഴിഞ്ഞ ദിവസം ധനവകുപ്പ് ഉത്തരവ് ഇറങ്ങിയതോടെയാണ് ആശയക്കുഴപ്പം ഉണ്ടായത്.
നെൽ കർഷകർക്കുള്ള വിഹിതം കുറക്കുന്നത് പ്രതിഷേധം ക്ഷണിച്ചു വരുത്തുമെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ജി.ആർ. അനിൽ രംഗത്തുവന്നു. ഇതോടെ, ബാക്കി 190 കോടി രൂപ വിപണി ഇടപെടലിനായി അനുവദിക്കുന്ന ഉത്തരവിന്റെ നടപടികൾ ധനവകുപ്പ് മരവിപ്പിച്ചു. തുടർന്ന്, നെല്ല് സംഭരണത്തിന് 120 കോടി കൂടി അനുവദിച്ച് ബുധനാഴ്ച മറ്റൊരുത്തരവ് കൂടി ഇറക്കി പ്രശ്നം പരിഹരിച്ചു. സപ്ലൈകോ അധികൃതരും ധനവകുപ്പും തമ്മിൽ ഉണ്ടായ ആശയവിനിമയത്തിലെ പിഴവാണ് പ്രശ്നങ്ങൾക്കു കാരണമെന്നാണ് സൂചന. നെല്ല് സംഭരണത്തിനുള്ള സംസ്ഥാന വിഹിതമായി 577.50 കോടിയാണ് ഈ സാമ്പത്തിക വർഷം ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഇതിൽനിന്നാണ് ഇപ്പോൾ 180 കോടി അനുവദിച്ചത്. അതേസമയം, 250 കോടിയിൽ ബാക്കിയുള്ള 70 കോടി വിപണി ഇടപെടലിനായി അനുവദിച്ച് ഉടൻ ഉത്തരവ് ഇറങ്ങിയേക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.