നെല്ല് സംഭരണം: സപ്ലൈകോക്ക് കൂടുതൽ അധികാരം
text_fieldsകോഴിക്കോട്: നെല്ല് സംഭരണം കൈകാര്യംചെയ്യുന്ന സപ്ലൈകോയിലെ ഉദ്യോഗസ്ഥരുടെ എല്ലാ ഡെപ്യൂട്ടേഷൻ ഒഴിവുകളും സമയബന്ധിതമായി നികത്താൻ നിർദേശം നൽകി സർക്കാർ ഉത്തരവ്. നെല്ല് സംഭരണത്തിനുള്ള നടപടികൾ ആരംഭിക്കാനിരിക്കെയാണ് സർക്കാർ നിർദേശം.
ഈ മേഖലയിൽ മുൻപരിചയമുള്ള ഉദ്യോഗസ്ഥർക്ക് ഡെപ്യൂട്ടേഷനിൽ മുൻഗണന നൽകാനും കൃഷിവകുപ്പിന് ഭക്ഷ്യവകുപ്പിനോട് നിർദേശിക്കാമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. നെല്ല് സംഭരണവും കർഷകർക്കുള്ള പണം നൽകലും സപ്ലൈകോ മുഖാന്തരം നടത്താൻ മന്ത്രിസഭ ഉപസമിതിയുടെ തീരുമാനപ്രകാരമാണ് കൃഷി വകുപ്പിനോട് സർക്കാർ നിർദേശിച്ചിരിക്കുന്നത്.
മുൻകാലങ്ങളിൽ ചെയ്തതുപോലെ ഈ സീസണിലും സംഭരണ പ്രക്രിയ തുടരാൻ നോഡൽ ഏജൻസിയായ സപ്ലൈകോയെയാണ് ചുമതലപ്പെടുത്തിയത്. നെല്ലു സംഭരണത്തിന് അധിക സഹായത്തിന് കേരള ബാങ്കിന് ധനസഹായം നൽകുന്നതിനുള്ള പരിമിതികൾ കണക്കിലെടുത്ത് സപ്ലൈകോയും ബാങ്കുകളുടെ കൺസോർട്യവും തമ്മിലുള്ള നിലവിലെ സാമ്പത്തിക ക്രമീകരണം തുടരും.
സപ്ലൈകോയും ബാങ്കുകളുടെ കൺസോർട്യവും തമ്മിലുള്ള കരാറിൽ നിർദേശിച്ചതു പ്രകാരം ഇ.എസ്.സി.ആർ.ഒ.ഡബ്ല്യു അക്കൗണ്ട് ക്രമീകരണം തുടരാൻ അനുവദിക്കും. സപ്ലൈകോക്ക് അനുവദിച്ച എല്ലാ സർക്കാർ ഫണ്ടുകളും ഈ അക്കൗണ്ടിലേക്ക് നൽകും.
എന്നാൽ, ഈ ഫണ്ടിലെ തുകയുടെ നിയന്ത്രണം പൂർണമായും സപ്ലൈകോക്ക് മാത്രമായിരിക്കും. കർഷകരിൽനിന്ന് നെല്ല് സംഭരിക്കുന്ന കാര്യങ്ങളിൽ ബാങ്ക് കൺസോർട്യത്തെ ഇടപെടാൻ അനുവദിക്കില്ല. സംഭരിച്ച നെല്ലിന്റെ പണം തടസ്സമില്ലാതെ നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതും സപ്ലൈകോയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.