ചെറുപുഴ കൂട്ടമരണം: വിവാഹം ഒരാഴ്ച മുമ്പ്, ക്രൂരകൃത്യത്തിന് തൊട്ടുമുമ്പ് പൊലീസിനെ വിളിച്ചു
text_fieldsചെറുപുഴ (കണ്ണൂർ): ചെറുപുഴ പാടിയോട്ടുചാലിൽ മൂന്ന് പിഞ്ചുമക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത ദമ്പതികൾ വിവാഹിതരായത് ഒരാഴ്ച മുമ്പ്. പാടിയോട്ടുചാൽ വാച്ചാലില്‍ ബാലകൃഷ്ണന്റെ മകൾ ശ്രീജ, ഭർത്താവ് ഷാജി എന്നിവരാണ് ശ്രീജയുടെ മക്കളായ സൂരജ് (12), സുജിൻ (10), സുരഭി (8) എന്നിവരെ കൊലപ്പെടുത്തി ജീവനൊടുക്കിയത്.
ശ്രീജയും ഷാജിയും ഇക്കഴിഞ്ഞ 16 ന് ആയിരുന്നു വിവാഹം കഴിച്ചത്. ഷാജിക്ക് വേറെ ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. ആദ്യഭാര്യയെ നിയമപരമായി വിവാഹമോചനം നടത്തിയിട്ടില്ല. ശ്രീജയുടെ ആദ്യ വിവാഹത്തിലെ മക്കളാണ് കൊല്ലപ്പെട്ട മൂന്ന് കുട്ടികളും.
കുട്ടികളെ സ്റ്റെയർകേസിൽ കെട്ടിതൂക്കി കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയത്. ദമ്പതികൾ ഒരേ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. രാവിലെ വാതിൽ തുറക്കാതായതോടെ നാട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് മരണവിവരം പുറത്തറിഞ്ഞത്.
കുടുംബ പ്രശ്നങ്ങളാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി. അതേസമയം, ഏറെ കാലമായി ശ്രീജക്ക് വീട്ടുകാരുമായി ബന്ധമില്ലായിരുന്നുവെന്ന് ശ്രീജയുടെ അച്ഛൻ ബാലകൃഷ്ണൻ പറഞ്ഞു. ‘മകളും ഭർത്താവും തമ്മിൽ കുടുംബ പ്രശ്നങ്ങൾ ഉള്ളതായി അറിഞ്ഞിരുന്നില്ല. ആദ്യ ഭർത്താവുമായി വേർപിരിഞ്ഞ് ജീവിക്കുന്ന കാര്യവും ഷാജിയെ കുറിച്ചും ഒന്നും അറിയില്ലായിരുന്നു’ -അദ്ദേഹം പറഞ്ഞു.
മരിക്കുന്നതിന് തൊട്ടുമുമ്പ് പൊലീസിനെ വിളിച്ചു
ക്രൂരകൃത്യം ചെയ്യുന്നതിന് തൊട്ടുമുമ്പ് ശ്രീജ പൊലീസിൽ വിളിച്ച് മരിക്കാൻ പോവുകയാണെന്ന് അറിയിച്ചിരുന്നതായി പൊലീസ്. പുലർച്ചെ 6 മണിയൊടെയാണ് ഫോൺ വിളിച്ചത്. എന്നാൽ, പൊലീസ് എത്തിയപ്പോഴേക്കും ജീവനൊടുക്കിയിരുന്നു. കുടുംബ പ്രശ്നം തീർക്കാൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ശ്രീജയോടും ഷാജിയോടും മുൻഭർത്താവിനോടും ആവശ്യപ്പെട്ടിരുന്നതായി ഡി.വൈ.എസ്.പി പ്രേമരാജൻ പറഞ്ഞു. ശ്രീജയും ഷാജിയും തമ്മിലും പ്രശ്നങ്ങളുണ്ടായിരുന്നുവത്രെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.