പത്മ പുരസ്കാരം: സംസ്ഥാനം ശിപാർശ ചെയ്ത ഒരാളൊഴികെ 41പേരെയും കേന്ദ്രം തള്ളി
text_fieldsതിരുവനന്തപുരം: ഇക്കൊല്ലത്തെ പത്മ പുരസ്കാരങ്ങൾക്ക് സംസ്ഥാന സർക്കാർ ശിപാർശ ചെയ്ത 42 പ്രമുഖരിൽ ഒരാളൊഴികെ മുഴുവൻ പേരുകളും കേന്ദ്രസർക്കാർ തള്ളി. സംസ്ഥാന ശിപാർശയില്ലാത്ത മൂന്ന് മലയാളികൾക്ക് പുരസ്കാരം നൽകുകയും ചെയ്തു. സംസ്ഥാനം ശിപാർശ ചെയ്ത ലിസ്റ്റിൽ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റത്തിന് മാത്രമാണ് പത്മഭൂഷൺ ലഭിച്ചത്.
ആർ.എസ്.എസ് താത്വികാചാര്യൻ പി. പരമേശ്വരന് പത്മവിഭൂഷണും ഡോ. എം.ആർ. രാജഗോപാൽ, വിഷചികിത്സ നടത്തുന്ന തിരുവനന്തപുരം വിതുര സ്വദേശിനി ലക്ഷ്മിക്കുട്ടിയമ്മ എന്നിവർക്ക് പത്മശ്രീ ലഭിച്ചതും സംസ്ഥാന സർക്കാർ ശിപാർശയില്ലാതെയാണ്. പൊതുപ്രവർത്തകൻ ജോമോൻ പുത്തൻപുരക്കലിന് വിവരാവകാശ പ്രകാരം ചീഫ് സെക്രട്ടറിയുെട ഒാഫിസ് നൽകിയ മറുപടിയിലാണ് ഇൗ വിവരങ്ങൾ. എം.ടി. വാസുദേവൻ നായരുടെ പേര് മാത്രമാണ് പത്മവിഭൂഷന് ശിപാർശ ചെയ്തിരുന്നത്. കലാമണ്ഡലം ഗോപി ആശാൻ, മമ്മൂട്ടി, മോഹൻലാൽ, ചെണ്ടവിദ്വാൻ പെരുവനം കുട്ടൻമാരാർ, കവയിത്രി സുഗതകുമാരി, ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം എന്നിവർക്കാണ് പത്മഭൂഷന് ശിപാർശ ചെയ്തിരുന്നത്.
ഇതിൽ മാർ ക്രിസോസ്റ്റത്തിന് മാത്രമാണ് പത്മഭൂഷൺ ലഭിച്ചത്.
35 പേരെയാണ് പത്മശ്രീക്ക് ശിപാർശ നൽകിയത്. സൂര്യ കൃഷ്ണമൂർത്തി (കല), ചവറ പാറുക്കുട്ടി സി.എൻ, കലാനിലയം പരമേശ്വരൻ, സദനം കൃഷ്ണൻകുട്ടി നായർ (മൂവരും കഥകളി), ശിൽപി കാനായി കുഞ്ഞിരാമൻ, പണ്ഡിറ്റ് രമേശ് നാരായണൻ (സംഗീതം), ആർട്ടിസ്റ്റ് നമ്പൂതിരി (പെയിൻറിങ്), കെ.ജി. ജയൻ (സംഗീതം), പ്രഫ. എം. സുബ്രഹ്മണ്യശർമ (വയലിൻ), കലാമണ്ഡലം വിമല മേനോൻ (മോഹിനിയാട്ടം), മാതംഗി സത്യമൂർത്തി (സംഗീതം), ജി.കെ. പിള്ള (സിനിമ), പതുമന ഗോവിന്ദൻ നമ്പൂതിരി (തിടമ്പ് നൃത്തം), സി. രാധാകൃഷ്ണൻ, എം.െക. സാനു, ടി. പത്മനാഭൻ (മൂവരും സാഹിത്യം) െഎ.എം. വിജയൻ (കായികം), പഴയന്നൂർ പരമേശ്വരൻ (ഒാട്ടൻതുള്ളൽ), മാതൂർ ഗോവിന്ദൻകുട്ടി (കഥകളി), ഇ.പി. ഉണ്ണി (കാർട്ടൂണിസ്റ്റ്), നെടുമുടി വേണു (സിനിമ), പി. ജയചന്ദ്രൻ (സംഗീതം), ഡോ. വി.പി. ഗംഗാധരൻ, ഡോ. സഞ്ജീവ് വി.തോമസ്, ഡോ. ജയകുമാർ, ഡോ. ശശിധരൻ (നാലുപേരും മെഡിസിൻ), എം.കെ. രാമൻ മാസ്റ്റർ (യോഗ^ന്യൂറോപതി), ഫാ. ഡേവിസ് ചിറമേൽ, കെ.എൻ. ഗോപാലകൃഷ്ണ ഭട്ട്, ഇ. ചന്ദ്രശേഖരൻ നായർ, അഷ്റഫ് താമരശ്ശേരി (നാലുപേരും സാമൂഹിക സേവനം), എം. മാത്യൂസ് (ടൊയോട്ട സണ്ണി-മരണാനന്തരം-സാമൂഹിക സേവനം), വാണിദാസ് എളയാവൂർ, ഡോ. ബി. ഇഖ്ബാൽ (ഇരുവരും വിദ്യാഭ്യാസം), ഗ്രേഷ്യസ് ബെഞ്ചമിൻ എന്നിവർ. ഇവരിൽ ആരെയും പരിഗണിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.