പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നു; മോദി ശക്തനായ നേതാവെന്ന്
text_fieldsന്യൂഡൽഹി: കോൺഗ്രസ് വിട്ട പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി പ്രകാശ് ജാവദേക്കറിൽ നിന്നാണ് പാർട്ടി അംഗത്വം സ്വീകരിച്ചത്. മോദി ശക്തനായ നേതാവാണെന്നും മോദിയുടെ പ്രവർത്തനം ആകർഷിച്ചെന്നും പത്മജ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോൺഗ്രസിൽ നിന്ന് കുറേ വർഷങ്ങളായി അവഗണന നേരിടുകയാണ്. താനും പിതാവ് കെ. കരുണാകരനും പാർട്ടിയിൽ അസംതൃപ്തരായിരുന്നു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ രാഷ്ട്രീയം അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് പരാജയം സംബന്ധിച്ച് പരാതി നൽകിയെങ്കിലും പാർട്ടി നേതൃത്വം പരിഹാരം കണ്ടില്ല. തന്‍റെ പരാതി ചവറ്റുകൊട്ടയിൽ പോയെന്നാണ് അറിയാൻ കഴിഞ്ഞത്.
പരാജയപ്പെടുത്താനായി പ്രവർത്തിച്ചവരെ പാർട്ടി സ്ഥാനങ്ങളിൽ നിയോഗിച്ചതോടെ മണ്ഡലത്തിൽ പ്രവർത്തിക്കാനും തനിക്ക് സാധിക്കാതെ വന്നു. അതിനാൽ പാർട്ടി പ്രവർത്തനങ്ങളിൽ നിന്ന് മാറിനിന്നു. തന്നെ തോൽപിക്കാൻ ശ്രമിച്ചവരുടെ പേരുകൾ ഒരിക്കൽ പറയുമെന്നും പത്മജ വ്യക്തമാക്കി.
കോൺഗ്രസ് പ്രവർത്തകരെ കുറിച്ച് ആലോചിക്കുമ്പോൾ വിഷമമുണ്ട്. താൻ ജനിച്ചതും ഇതുവരെ ജീവിച്ചതും കോൺഗ്രസ് പാർട്ടിയിലാണ്. പിതാവ് കോൺഗ്രസ് ബന്ധം അവസാനിപ്പിച്ചപ്പോഴും താൻ പാർട്ടി വിട്ടില്ല. എത്രമാത്രം മാനസിക പ്രയാസം ഉള്ളതു കൊണ്ടാണ് പാർട്ടി വിട്ടതെന്ന് പ്രവർത്തകർക്ക് മനസിലാകും.
മോദിയുടെ കാര്യത്തിൽ തനിക്ക് രാഷ്ട്രീയമില്ല. മോദിയുടെ കഴിവും നേതൃത്വം എന്നും തന്നെ ആകർഷിച്ചിരുന്നു. അതുകൊണ്ടാവാം ബി.ജെ.പിയിൽ ചേരാനുള്ള തീരുമാനത്തിന് വഴിവെച്ചത്. ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തന്നോട് ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും ബി.ജെ.പിയിൽ തന്‍റെ റോൾ എന്തെന്ന് അറിയില്ലെന്നും പത്മജ കൂട്ടിച്ചേർത്തു.
ഇന്നലെ രാത്രിയിലാണ് പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേരുന്നതായുള്ള വാർത്തകൾ മാധ്യമങ്ങൾ പുറത്തുവിട്ടത്. നിലവിൽ കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗമായിരുന്നു പത്മജ. കെ.പി.സി.സി ജനറൽ സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. 2004ല്‍ മുകുന്ദപുരം ലോക്സഭ മണ്ഡലത്തിലും 2016ലും 2021ലും തൃശ്ശൂർ നിയമസഭ മണ്ഡലത്തിലും മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
കെ.ടി.ഡി.സി. മുന്‍ ചെയര്‍പേഴ്‌സൺ ആയിരുന്നു. ഇലക്ട്രിസിറ്റി എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍, ഐ.എന്‍.ടി.യു.സി. വര്‍ക്കിങ് കമ്മിറ്റിയംഗം, പ്രിയദര്‍ശിനി ആന്‍ഡ് രാജീവ്ഗാന്ധി സ്റ്റഡി സെന്റര്‍, എച്ച്.എം.ടി. എംപ്ലോയീസ് യൂണിയന്‍, തഴപ്പായ എംപ്ലോയീസ് യൂണിയന്‍, ടെക്‌നിക്കല്‍ എജ്യൂക്കേഷണല്‍ സൊസൈറ്റി ഓഫ് ഇന്ത്യ എന്നീ സംഘടനകളിൽ വിവിധ പദവികൾ വഹിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.