മാന്യമായി തോൽപിക്കണം, ഇതെന്തൊരു തോൽവി -പത്മജ വേണുഗോപാൽ
text_fieldsതൃശൂർ: ആരാണ് കുഴിയിൽ കൊണ്ടുപോയി ചാടിച്ചതെന്ന് കെ. മുരളീധരനോട് ചോദിക്കണമെന്ന് പത്മജ വേണുഗോപാൽ. സ്വന്തം നാട്ടിൽ തോൽവി നേരിട്ടതിൽ മുരളീധരന് വിഷമമുണ്ടാകും. തോൽപിക്കുകയാണെങ്കിൽ മാന്യമായി തോൽപിക്കണം. ഇതെന്തൊരു തോൽവിയാണെന്നും മൂന്നാമത്തെ സ്ഥാനത്തേക്കല്ലേ ഇട്ടതെന്നും പത്മജ വേണുഗോപാൽ പറഞ്ഞു.
കെ. കരുണാകരനെ തോൽപിച്ചവരുടെ തലമുറ മാറിയിട്ടുണ്ട്. അവരുടെ കൂടെ നിന്ന ഒരു വിഭാഗം ഇപ്പോഴുമുണ്ട്. അവരും പുതിയ ചില ആളുകളും ചേർന്ന് പുതിയ കമ്പനിയായിട്ടുണ്ട്. അവരെല്ലാം കൂടി ഇതെല്ലാം ചെയ്യുമെന്ന് തനിക്ക് അറിയാമായിരുന്നു. തൃശൂരിലെ അവസ്ഥയെ കുറിച്ച് മുരളീധരന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്നും പത്മജ വ്യക്തമാക്കി.
ജാതിയും വെറുപ്പിന്‍റെ രാഷ്ട്രീയവും കളിക്കുന്നത് കോൺഗ്രസ് ആണ്. കോൺഗ്രസിലെ അധികാരങ്ങൾ ചില കോക്കസുകളുടെ കൈയിലാണ്. തനിക്ക് ബുദ്ധിമുട്ടുണ്ടായപ്പോൾ ആരും കേട്ടില്ല. താനെടുത്ത തീരുമാനം തെറ്റിയില്ല. കേരളത്തിൽ ഇനിയും താമരകൾ വിരിയും.
ഉമ്മ വെക്കുന്നതും വിയർപ്പ് തുടച്ചു കൊടുക്കുന്നതും തെറ്റില്ല. തുടച്ചു കൊടുക്കുന്നത് മറ്റ് ഉദ്ദേശത്തിലാവരുതെന്നും പത്മജ ചൂണ്ടിക്കാട്ടി. തൃശൂർ ഒരിക്കലും രാശിയില്ലാത്ത സ്ഥലമായി തോന്നിയിട്ടില്ല. തൃശൂരിൽ ചിലരുള്ളിടത്തോളം കാലം രാശി ഉണ്ടാവില്ല. രാഷ്ട്രീയമായി രണ്ട് ചേരിയിലാണെങ്കിലും മുരളീധരൻ തന്‍റെ സഹോദരനാണ്. സഹോദരനെ തനിക്ക് നന്നായി അറിയാം.
തൃശൂരിലെ ജനങ്ങൾ ബുദ്ധിയുള്ളവരാണ്. സുരേഷ് ഗോപിയെ പോലുള്ള ഒരു മനുഷ്യസ്നേഹിക്ക് രാഷ്ട്രീയത്തിനപ്പുറം ബന്ധങ്ങളുണ്ട്. ഒരു വിഭാഗത്തിനും അദ്ദേഹത്തോടെ അകൽച്ചയില്ല എന്നതിന്‍റെ തെളിവാണ് ആറ് മണ്ഡലങ്ങളിൽ നിന്ന് ബി.ജെ.പിക്ക് ലഭിച്ച ഭൂരിപക്ഷം.
കോൺഗ്രസ് നേതാക്കളെ കുറിച്ച് എല്ലാ കാര്യങ്ങളും താൻ പറഞ്ഞിട്ടുണ്ട്. ഇനിയും ആവർത്തിക്കാൻ താൽപര്യമില്ലെന്നും പത്മജ വേണുഗോപാൽ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.