'ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാൻ പോകില്ല' തിരികെ കൊണ്ടുവരണമെന്ന് പത്മജ; സത്യം പറയാൻ പേടിയില്ലെന്നും വിശദീകരണം
text_fieldsതിരുവനന്തപുരം: എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോൺഗ്രസിലേക്ക് കൊണ്ട് വരണമെന്ന് പത്മജ വേണുഗോപാൽ. ഗോപിനാഥിന്‍റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് താനെന്ന് കെ.പി.സി.സി മുൻ വൈസ് പ്രസിഡന്റും നിലവിൽ നിർവാഹക സമിതിയംഗവുമായ പത്മജ വേണുഗോപാൽ ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ പറയുന്നു.
ആര് എന്തൊക്കെ പറഞ്ഞാലും ഗോപിനാഥ് ആരുടെ ചെരുപ്പും നക്കാൻ പോകില്ല എന്ന് എനിക്കറിയാം. പിന്നെ ദേഷ്യവും സങ്കടവും വരുമ്പോൾ പലതും പറഞ്ഞു എന്ന് വരും .ആ മനുഷ്യനെ എല്ലാവരും നന്നായി ദ്രോഹിച്ചിട്ടുണ്ട്. ആർക്കു ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും സത്യം പറയാൻ എനിക്ക് പേടിയൊന്നും ഇല്ലെന്നും പത്മജ പറയുന്നു.
ഒരിക്കൽ രാമനിലയത്തിൽ വെച്ച് അച്ഛൻ ഒരു കാര്യം ഗോപിനാഥിനെ ഏൽപ്പിക്കുന്നത് ഞാൻ കണ്ടു. എനിക്കു കേട്ടപ്പോൾ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാൻ അത് ചെയ്തിട്ടെ ഇനി ലീഡറുടെ മുൻപിൽ വരൂ എന്ന് പറഞ്ഞു . അതു പോലെ തന്നെ സംഭവിച്ചു. ഞാൻ അത്ഭുതപ്പെട്ടു പോയി, അങ്ങനെയുള്ള നേതാക്കളെ മാറ്റി നിർത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകർച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരണമെന്നും ഫേസ്ബുക്കിലെഴുതിയ കുറിപ്പിൽ വിശദീകരിച്ചു.
വിമത സ്വരമുയർത്തിയ എ.വി ഗോപിനാഥ് കെ.പി.സി.സി ഭാരവാഹികളുടെ 56 അംഗ പട്ടിക പുറത്ത് വന്നപ്പോൾ പട്ടികയിൽ ഇടംപിടിച്ചിരുന്നില്ല. സോണിയ ഗാന്ധി അംഗീകരിച്ച പട്ടിക വ്യാഴാഴ്ച രാത്രിയാണ് പ്രഖ്യാപിച്ചത്.
കോൺഗ്രസ് വഞ്ചിച്ചു എന്നു കരുതുന്നില്ലെന്നായിരുന്നു പട്ടികയെക്കുറിച്ച് എ.വി ഗോപിനാഥ് പ്രതികരിച്ചത്. കോൺഗ്രസിന്‍റെ പ്രാഥമികാംഗത്വം രാജിവച്ചയാളാണ് താൻ. അംഗത്വം രാജിവച്ചത് സ്വകാര്യമല്ല. കോൺഗ്രസിൽ നിന്ന് രാജിവച്ചതോടെ ചാപ്റ്റർ അടഞ്ഞുവെന്നായിരുന്നു എ.വി ഗോപിനാഥ് പ്രതികരിച്ചത്. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ കെ.പി.സി.സി പട്ടിക സംബന്ധിച്ച് കെ. മുരളീധരൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
എ.വി ഗോപിനാഥിനെ പോലുള്ളവരെ തിരിച്ചു കോൺഗ്രസ്സിലേക്ക് കൊണ്ട് വരണം. ഗോപിനാഥിന്‍റെ കഴിവ് നേരിട്ടു കണ്ടിട്ടുള്ള ഒരാളാണ് ഞാൻ.ഒരിക്കൽ രാമനിലയത്തിൽ വെച്ച് അച്ഛൻ ഒരു കാര്യം ഗോപിനാഥിനെ ഏൽപ്പിക്കുന്നത് ഞാൻ കണ്ടു. എനിക്കു കേട്ടപ്പോൾ അസാധ്യം എന്ന് തോന്നിയ ഒരു കാര്യം. ഞാൻ അത് ചെയ്തിട്ടേ ഇനി ലീഡറുടെ മുൻപിൽ വരൂ എന്ന് പറഞ്ഞു . അതു പോലെ തന്നെ സംഭവിച്ചു. ഞാൻ അത്ഭുതപ്പെട്ടു പോയി, അങ്ങനെയുള്ള നേതാക്കളെ മാറ്റി നിർത്തിയതാണ് നമുക്ക് ഇന്ന് സംഭവിച്ചിരിക്കുന്ന തകർച്ച. ഇങ്ങനെയുള്ളവരെ മുന്നിലേക്ക് കൊണ്ട് വരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.