13 വർഷം നീണ്ട കോടതി വ്യവഹാരം, ബി നിലവറ തുറക്കുമോയെന്ന ആകാംക്ഷ
text_fieldsതിരുവനന്തപുരം: നീണ്ട 13 വർഷം നടത്തിയ നിയമ പോരാട്ടത്തിന് ഒടുവിലാണ് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിെൻറ നടത്തിപ്പ് ചുമതല തിരുവിതാംകൂർ രാജകുടുംബത്തിന് ലഭിച്ചത്. എന്നാൽ ഭരണച്ചുമതല രാജകുടുംബത്തിന് ഇനി തിരികെ ലഭിക്കുക ഏറെ പ്രയാസകരമാകും. ക്ഷേത്രത്തിലെ സ്വർണം ഉൾപ്പെടെ സാധനങ്ങൾ കടത്തുന്നുവെന്ന നിലയിൽ രാജകുടുംബത്തിനെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു. മുൻസിഫ് കോടതി മുതൽ സുപ്രീംകോടതി വരെ നീണ്ട വ്യവഹാരങ്ങൾക്കൊടുവിലാണ് ഇപ്പോൾ വിധി വരുന്നത്. ക്ഷേത്രത്തിലെ ബി നിലവറ തുറക്കുമോയെന്നതാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.
കോടികളുടെ അമൂല്യ നിധി ശേഖരമുള്ള പത്മനാഭ സ്വാമി ക്ഷേത്രത്തിെൻറ നിലവറകള്‍ തുറന്നുപരിശോധിച്ചതോടെ ആഗോള ശ്രദ്ധാകേന്ദ്രമായി മാറിയ ഇവിടെ ഇനി ശേഷിക്കുന്നത് ബി നിലവറയിലുള്ള സാധനങ്ങളുടെ മൂല്യനിർണയമാണ്. മാർത്താണ്ഡവർമ്മ തൃപ്പടിദാനം ചെയ്ത ചരിത്ര പ്രാധാന്യമുള്ള ഈ ക്ഷേത്രത്തിൽ ഫലത്തിൽ ശ്രീ ചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ കാലശേഷത്തോടെ തിരുവിതാംകൂർ രാജകുടുംബത്തിെൻറ അവകാരം തീർന്നെന്നായിരുന്നു വെയ്പ്പ്. എന്നാൽ അദ്ദേഹത്തിെൻറ പിൻതലമുറക്കാരനായ ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ ആറാട്ടിൽ ഉൾപ്പെടെ അകമ്പടി സേവിക്കുകയും ക്ഷേത്രാചാരങ്ങളിലും നടത്തിപ്പിലും ഭരണത്തിലും ഇടപെടുകയും ചെയ്തതാണ് ക്ഷേത്ര വിഷയം കോടതി കയറാൻ കാരണമായത്.
നിയമപോരാട്ടം തുടങ്ങുന്നത് 2007ൽ
ക്ഷേത്രത്തിലെ അമൂല്യമായ പല വസ്തുക്കളും കടത്തുന്നതായുള്ള ആരോപണവുമായി 2007ൽ ഭക്തനായ പത്മനാഭൻ തിരുവനന്തപുരം മുൻസിഫ് കോടതിയെ സമീപിച്ചതോടെയാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര വിഷയം കോടതി കയറുന്നത്. തുടർന്ന് അന്ന് മുതൽ പലകുറി കോടതികളുടെ ഇടപെടലുകളോടെയാണ് ക്ഷേത്ര പ്രവർത്തനം നടന്ന് വന്നത്.
2007 സെപ്റ്റംബര്‍ 1
മുൻസിഫ് കോടതിയിൽനിന്നും കേസ് സബ് കോടതിയിലേക്ക് നീങ്ങി. ക്ഷേത്രത്തിലെ സ്ട്രോങ് റൂം തുറന്ന് സ്വർണം പുറത്തെടുക്കുന്നത് അനധികൃതമാണെന്നും ആചാരവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി നൽകിയ ഹരജിയിൽ 2007 സെപ്റ്റംബര്‍ 13 ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്‌ട്രോങ് റൂമുകൾ മേലിൽ ഉത്തരവുണ്ടാകുന്നതുവരെ തുറക്കരുതെന്ന് പ്രിൻസിപ്പൽ സബ്‌ജഡ്‌ജി എസ്.എസ്. വാസൻ ഉത്തരവിട്ടു. തുടർന്ന് ഡിസംബറോടെ രാജകുടുംബത്തിേൻറതല്ല ക്ഷേത്രവും സ്വത്തുക്കളുമെന്ന ഇടക്കാല വിധി വന്നതോടെ അത് രാജകുടുംബത്തിന് കനത്ത തിരിച്ചടിയുമായി.
2010 ഫെബ്രുവരി
ഇതേ തുടർന്നാണ് തിരുവിതാംകൂർ രാജകുടുംബം പ്രതിനിധിയായിരുന്ന മാർത്താണ്ഡവർമ്മ നിയമ നടപടിയുമായി രംഗത്തെത്തിയത്. 2010 ഫെബ്രുവരിയിൽ ക്ഷേത്രത്തിേൻറയും ഭണ്ഡാരം വക വസ്‌തുക്കളുടെയും മേൽ തനിക്കുള്ള ഭരണാധികാരം ചോദ്യം ചെയ്‌ത് സിവിൽ കോടതിയിലുള്ള കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ ഹൈക്കോടതിയിൽ ഹരജി നൽകി. എന്നാൽ വിഷയത്തിൽ സർക്കാർ ഇടപെട്ടു. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന വി.എസ്. അച്ചുതാനന്ദൻ തന്നെ രാജകുടുംബത്തിെൻറ നടപടികളെ പരസ്യമായി ചോദ്യം ചെയ്ത് രംഗത്തെത്തുകയും ചെയ്തു.
ക്ഷേത്രം സർക്കാറിന് നൽകി ഹൈകോടതി വിധി
2011 ജനുവരി 31:
2011 ജനുവരി 31നാണ് പത്മനാഭസ്വാമി ക്ഷേത്രം സംസ്‌ഥാന സർക്കാർ ഏറ്റെടുക്കണമെന്ന് ഹൈകോടതി സുപ്രധാന വിധി പുറപ്പെടുവിച്ചത്. മൂന്നു മാസത്തിനുള്ളിൽ ഇതിനായി ട്രസ്‌റ്റോ സമിതിയോ രൂപീകരിക്കണം. ക്ഷേത്ര സ്വത്തുക്കളും ഭരണവും ഏറ്റെടുത്ത് അനുഷ്‌ഠാനങ്ങൾ ആചാരപ്രകാരം നടത്തണം. ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയെയും പിൻമുറക്കാരെയും ‘പത്മനാഭദാസൻ’ എന്ന നിലയിൽ ആചാരാനുഷ്‌ഠാനങ്ങളിൽ പങ്കെടുപ്പിക്കണം. ക്ഷേത്ര പരിസരത്തു മ്യൂസിയം നിർമിച്ച് ക്ഷേത്രത്തിന്റെ അമൂല്യവസ്‌തുക്കൾ ഭക്‌തർക്കും സഞ്ചാരികൾക്കും കാണാൻ അവസരമൊരുക്കണമെന്നും കോടതി നിർദേശിച്ചു.
2011 മേയ് മൂന്ന്
എന്നാൽ രാജകുടുംബം കേസുമായി സുപ്രിം കോടതിയെ സമീപിച്ചു. അതിെൻറ അടിസ്ഥാനത്തിൽ 2011 മേയ് മൂന്നിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രം സംസ്‌ഥാന സർക്കാർ ഏറ്റെടുക്കണമെന്ന ഹൈകോടതി ഉത്തരവ് സുപ്രീം കോടതി സ്‌റ്റേ ചെയ്‌തു. എന്നാൽ, നിലവറകളിൽ സൂക്ഷിച്ചിരിക്കുന്ന സാധനങ്ങളുടെ വസ്‌തുവിവരപ്പട്ടിക തയാറാക്കുന്നതിെൻറ മേൽനോട്ടത്തിന് ഏഴംഗ നിരീക്ഷക സംഘത്തെ ചുമതലപ്പെടുത്തുകയും ചെയ്തു.
ക്ഷേത്രത്തിലെ നിലവറകൾ പരിശോധിക്കാൻ ഉത്തരവ്
2011 ജൂണ്‍ 28:
2011 ജൂണ്‍ 28ന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ നിലവറകളുടെ പരിശോധനയ്ക്ക് കോടതി ഉത്തവിട്ടു. അമിക്കസ് ക്യൂറിയെ നിയോഗിക്കുകയും ചെയ്തു അതിനെ തുടര്‍ന്ന് നടന്ന പരിശോധനകളില്‍ ഒന്നര നൂറ്റാണ്ടിലേറെയായി തുറന്നിട്ടില്ലെന്നു കരുതപ്പെടുന്ന രണ്ടു നിലവറകളിൽ അമൂല്യ രത്നങ്ങളും സ്വർണം, വെള്ളി ഉരുപ്പടികളും കണ്ടെത്തി.
2011 ജൂലൈ ഒന്ന്:
എന്നാൽ ബി നിലവറ തുറക്കുന്നത് ക്ഷേത്ര ആചാരത്തിെൻറ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബവും വിശ്വാസികളും രംഗത്തെത്തി. അതിെൻറ അടിസ്ഥാനത്തിൽ 2011 ജൂലൈ ഒന്നിന് ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കരുതെന്നു സുപ്രീം കോടതി ഉത്തരവായി. ക്ഷേത്രത്തിൽനിന്നു കണ്ടെടുത്ത അപൂർവ നിധിശേഖരം എങ്ങനെ സംരക്ഷിക്കാമെന്നതിനെക്കുറിച്ചു വിശദമായ ശുപാർശ സമർപ്പിക്കാൻ രാജകുടുംബത്തോടും സംസ്‌ഥാന സർക്കാരിനോടും കോടതി നിർദേശിച്ചു.
2011 ആഗസ്ത് 20:
ആഗസ്ത് 20ന് ക്ഷേത്രത്തിലെ ‘ബി’ നിലവറ തുറക്കരുതെന്നും വിദഗ്‌ധ സമിതിയുടെ നടപടികൾക്കു സംസ്‌ഥാന സർക്കാർ തുക അനുവദിക്കണമെന്നും ഉത്തരവിടണമെന്നാവശ്യപ്പെട്ട് മൂലം തിരുനാൾ രാമവർമ സുപ്രീംകോടതിയിൽ ഇടക്കാല അപേക്ഷ നൽകി.
2012 നവംബർ ഏഴ്:
2012 നവംബർ ഏഴിന് ക്ഷേത്രത്തിലെ സമ്പത്ത് ദേവേൻറതാണെന്നും അവ ക്ഷേത്രബാഹ്യമായ കാര്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കരുതെന്നും സുപ്രീം കോടതിക്കു നൽകിയ റിപ്പോർട്ടിൽ അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്‌മണ്യം ശുപാർശ ചെയ്‌തു. ക്ഷേത്ര പുനരുദ്ധാരണത്തിന് അടിയന്തര നടപടി വേണം. ക്ഷേത്രത്തിൽ രാഷ്‌ട്രീയക്കാരുടെ ഇടപെടൽ അനുവദിക്കരുത്. ക്ഷേത്ര നിലവറകളിലെ സമ്പത്ത് രാജകുടുംബവും വിശ്വാസികളും നൽകിയിട്ടുള്ളതാണ്. അതു പുറത്തേക്കു കൊണ്ടുപോകാൻ ആരെയും അനുവദിക്കരുത് എന്നും ചൂണ്ടിക്കാട്ടി.
രാജകുടുംബത്തിെൻറ നിയന്ത്രണം മാറ്റിയ ഉത്തരവ്
2014 ഏപ്രിൽ 25:
2014 ഏപ്രിൽ 25നാണ് രാജകുടുംബത്തിെൻറ നിയന്ത്രണം മാറ്റിക്കൊണ്ടുള്ള ആദ്യ ഉത്തരവ്. പത്മനാഭസ്വാമി ക്ഷേത്രം സംസ്‌ഥാന സർക്കാർ ഏറ്റെടുക്കണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. 2011 ജനുവരിയിൽ ഹൈകോടതി നൽകിയ വിധി ചോദ്യംചെയ്‌തുള്ള ഉത്രാടം തിരുനാൾ മാർത്താണ്ഡവർമയുടെ ഹർജിയിലാണു ക്ഷേത്രഭരണം രാജകുടുംബത്തിെൻറ നിയന്ത്രണത്തിൽനിന്നു മാറ്റി സുപ്രീം കോടതി ഇടക്കാല ഉത്തരവു നൽകിയത്.
2014 ഏപ്രിൽ 25ന് ക്ഷേത്രത്തിെൻറ ഭരണച്ചുമതല താൽക്കാലിക സംവിധാനമായി തിരുവനന്തപുരം ജില്ലാ ജഡ്‌ജി അധ്യക്ഷനായുള്ള അഞ്ചംഗ സമിതിയെ ഏൽപിക്കാൻ സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവും വന്നു. ഗുരുവായൂർ ദേവസ്വം മുൻ കമ്മിഷണർ കെ.എൻ. സതീഷിനെ എക്‌സിക്യൂട്ടീവ് ഓഫിസറായും മുൻ കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) വിനോദ് റായിയെ കണക്കെടുപ്പിനു നേതൃത്വം നൽകാനും കോടതി നിയമിച്ചു. രാജകുടുംബം പ്രതിനിധി മൂലംതിരുനാൾ രാമവർമ ട്രസ്‌റ്റിയായി തുടരാനും ഉത്തരവിട്ടു.
2017 ജൂലൈ അഞ്ച്:
2017 ജൂലൈ അഞ്ചിന് ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്ത് മൂല്യനിർണയം നടത്തുന്നതിനായി ‘ബി’ നിലവറ തുറക്കണമെന്നു സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ആഗസ്ത് 30ന് ‘ബി’ നിലവറ തുറക്കാനാവില്ലെന്ന നിലപാടിലുറച്ചു തിരുവിതാംകൂർ രാജകുടുംബം രംഗത്തെത്തി. നിലവറ തുറക്കാൻ തന്ത്രിമാർ തീരുമാനിച്ചാൽ നടപടികളിൽനിന്നു വിട്ടുനിൽക്കുമെന്നും രാജകുടുംബാംഗം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായി പറഞ്ഞു. തുടർന്ന് വിഷയം അനിശ്ചിതത്വത്തിലായി. അതിനിടയിൽ സംസ്ഥാന സർക്കാർ ക്ഷേത്രത്തിൽ അധികാരം സ്ഥാപിക്കാനെത്തുന്നുവെന്ന ആരോപണങ്ങളും വിവാദമായി. അതിനിടയിൽ തന്നെ ക്ഷേത്രത്തിെൻറ സുരക്ഷാ ക്രമീകരണങ്ങളും ശക്തമാക്കി.
2019 ജനുവരി 23:
എന്നാൽ 2019 ജനുവരി 23ൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസുകളിൽ അവസാനവാദം രണ്ടു ദിവസമായി കേൾക്കുമെന്നു സുപ്രീം കോടതി ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
2019 ജനുവരി 30:
ക്ഷേത്രം പൊതുക്ഷേത്രമാണെന്നും പ്രതിഷ്ഠയ്ക്കാണ് സ്വത്തിൽ അവകാശമെന്നും ജനുവരി 30ന് തിരുവിതാംകൂർ രാജകുടുംബം സുപ്രീം കോടതിയിൽ വ്യക്തമാക്കി. ക്ഷേത്രത്തിെൻറ സ്വത്തിൽ രാജ കുടുംബത്തിെൻറ അവകാശവും ചൂണ്ടിക്കാട്ടി.
2020 ജൂലൈ 13:
നടത്തിപ്പ് അവകാശങ്ങളിൽ രാജകുടുംബത്തിനുള്ള അധികാരം അംഗീകരിച്ച് ഭരണകാര്യങ്ങൾക്കായി ഇടക്കാല സമിതി രൂപീകരിക്കണമെന്നാണ് 2020 ജൂലൈ 13ന് സുപ്രീംകോടതി നിർദേശിച്ചത്. ഫലത്തിൽ ക്ഷേത്രത്തിെൻറ ഭരണകാര്യങ്ങളിൽ രാജകുടുംബത്തിെൻറ അധികാരം നഷ്ടപ്പെട്ടുവെെന്നാണ് സാരം. ഇനി ബി നിലവറ തുറക്കുമോയെന്നാണ് കാണേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.