ഇലന്തൂർ നരബലി: പത്മയുടെ മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറി
text_fieldsപത്തനംതിട്ട: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൊല്ലപ്പെട്ട പത്മയുടെ മൃതദേഹാവശിഷ്ടം ബന്ധുക്കൾക്ക് കൈമാറി. കൊല്ലപ്പെട്ടത് റോസ്ലിനും പത്മയുമാണെന്ന് ഡി.എൻ.എ പരിശോധനയിലൂടെ സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ ബന്ധുക്കൾക്ക് കൈമാറാൻ തീരുമാനിച്ചത്. പത്മയുടെ മൃതദേഹം ഇന്നുതന്നെ ധർമപുരിയിലേക്ക് കൊണ്ടുപോകും. ഇന്ന് വൈകീട്ടോടെ സംസ്കാരം നടക്കുമെന്ന് മകൻ സെൽവരാജ് പറഞ്ഞു.
ശനിയാഴ്ച വൈകീട്ടോടെ കോട്ടയം മെഡിക്കൽ കോളജിൽ മൃതദേഹം ഏറ്റുവാങ്ങാനെത്തണമെന്ന് പത്മയുടെ മകൻ സെൽവരാജിനെ അന്വേഷണസംഘം അറിയിച്ചിരുന്നു. എന്നാൽ, വൈകീട്ട് മൃതദേഹം വിട്ടുകിട്ടിയാൽ നാടായ തമിഴ്നാട്ടിലെ ധർമപുരിയിലെത്തുമ്പോൾ അർധരാത്രി കഴിയും. അത്രയും വൈകിയെത്തുന്നത് പ്രയാസമുണ്ടാക്കുമെന്ന് സെൽവരാജ് അന്വേഷണ സംഘത്തെ അറിയിച്ചു. അതേ തുടർന്നാണ് ഞായറാഴ്ച രാവിലെ ഒമ്പതിന് മുമ്പ് മൃതദേഹം വിട്ടുകൊടുക്കാൻ തീരുമാനമായത്.
ഒമ്പതര മണിക്കൂറിലേറെ യാത്ര ചെയ്താൽ മാത്രമേ വീട്ടിലെത്തുകയുള്ളൂ. അർധരാത്രിയെത്തിയാൽ സംസ്കാരമടക്കമുള്ള ചടങ്ങുകൾക്ക് നേരം വെളുക്കുന്നത് വരെ കാത്തിരിക്കണം. ഇനിയും അമ്മയുടെ ചടങ്ങുകൾ വൈകിപ്പിക്കാനാവില്ല. ആ ആത്മാവിന് ശാന്തികിട്ടണം. വീടിനടുത്തുള്ള പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിക്കുകയെന്നും സെൽവരാജ് 'മാധ്യമ'ത്തോട് പറഞ്ഞു. അതിനുള്ള ഒരുക്കം നാട്ടിൽ തുടങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.