സ്വപ്നചിറകുകളെ തേടി പത്മശ്രീയെത്തി
text_fieldsതിരൂരങ്ങാടി: സാക്ഷരത പ്രവർത്തന രംഗത്ത് ശ്രദ്ധേയയായ കെ.വി. റാബിയയെ തേടി പത്മശ്രീ പുരസ്കാരവുമെത്തി. ഏതാനും വർഷങ്ങളായി രോഗബാധിതയായി വീട്ടിൽ കിടപ്പിലാണ് റാബിയ. ശരീരം തളർന്നതോടെ വീട് വിട്ടിറങ്ങാൻ സാധിക്കാതെ ദുരിതക്കിടക്കയിലിരിക്കുമ്പോഴാണ് പത്മശ്രീ സന്തോഷമെത്തുന്നത്. വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്ന് റാബിയ പറഞ്ഞു.
പ്രതീക്ഷിച്ചിരുന്നില്ലെന്നും അവർ പറഞ്ഞു. വീൽചെയറിലിരുന്ന് ശാരീരിക വൈകല്യങ്ങളെ മനക്കരുത്ത് കൊണ്ട് തോൽപിച്ച റാബിയ സാക്ഷരത പ്രവർത്തനങ്ങളിലും മറ്റു സാമൂഹിക-സേവനപ്രവർത്തന രംഗങ്ങളിലും സജീവമായിരുന്നു. 1990കളിൽ സാക്ഷരത പ്രവർത്തന രംഗത്തേക്ക് കടന്നുവരുന്ന റാബിയ ഗ്രാമത്തിലെ നൂറോളം നിരക്ഷരർക്ക് അക്ഷരവെളിച്ചമേകി.
14ാം വയസ്സുവരെ സാധാരണ കുട്ടികളെപ്പോലെയായിരുന്ന ഇവർ പിന്നീട് പോളിയോ ബാധിച്ചപ്പോഴും മാനസികമായ കരുത്തോടെ നിലകൊണ്ടു. 1994ല്‍ 'ചലനം ചാരിറ്റബിള്‍ സൊസൈറ്റി' പേരില്‍ വനിത വികസനവും സാക്ഷരതയും ലക്ഷ്യമാക്കി സംഘടനക്ക് രൂപം നല്കി. പ്രവര്‍ത്തനങ്ങള്‍ക്ക് യു.എന്‍ മികച്ച സാക്ഷരത പ്രവര്‍ത്തകക്കുള്ള അവാര്‍ഡ് നല്കി ആദരിച്ചു.
1993ൽ ദേശീയ പുരസ്കാരം, സംസ്ഥാന സർക്കാറിന്റെ വനിതരത്നം അവാർഡ്, മുരിമഠത്തിൽ ബാവ അവാർഡ്, സംസ്ഥാന സാക്ഷരത മിഷൻ അവാർഡ്, കണ്ണകി സ്ത്രീശക്തി പുരസ്കാരം, സീതി സാഹിബ് അവാർഡ്, യൂനിയൻ ചേംബർ ഇന്റർനാഷനൽ അവാർഡ്, നാഷനൽ യൂത്ത് അവാർഡ്, സംസ്ഥാന സാക്ഷരത മിഷൻ അവാർഡ്, ഐ.എം.എ അവാർഡ്, കണ്ണകി സ്ത്രീശക്തി അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്കാരങ്ങളും തേടിയെത്തി.
വിഷമതകൾക്കിടയിലും ചെറുപ്പം മുതലേ വായന ശീലമാക്കിയ റാബിയ അതിലൂടെ സ്വായത്തമാക്കിയ അറിവുകളും അനുഭവങ്ങളും രൂപപ്പെടുത്തി ചില കൃതികളും രചിച്ചു. തിരൂരങ്ങാടി വെള്ളിലക്കാട് മൂസക്കുട്ടി ഹാജിയുടെയും ബിയാച്ചുട്ടി ഹജ്ജുമ്മയുടെയും മകളാണ്. ഭർത്താവ്: ബങ്കാളത്ത് മുഹമ്മദ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.