ചുവടുതെറ്റാത്ത കളരി ഗുരുക്കൾക്ക് പത്മശ്രീയുടെ ആദരം
text_fieldsതൃശൂർ: 91ാം വയസ്സിലും അടവും ചുവടും തെറ്റാത്ത കളരി ഗുരുക്കളെ തേടിയെത്തിയത് രാജ്യത്തിന്റെ പത്മശ്രീ ആദരം. കേരളത്തിന്റെ തനതു ആയോധന കലയായ കളരിപ്പയറ്റിൽ നിരവധി ശിഷ്യഗണങ്ങളുള്ള ചാവക്കാടിന്റെ ഉണ്ണിഗുരുക്കൾക്കാണ് (ശങ്കരനാരായണ മേനോൻ) പത്മശ്രീ ലഭിച്ചത്. ചാവക്കാട് വല്ലഭട്ട കളരി സംഘത്തിന്റെ കളരിയാശാനും ഗുരുവുമാണ്.
2019ലെ കേരള ഫോക്ലോർ അക്കാദമി ഗുരുപൂജ അവാർഡും ഉണ്ണി ഗുരുക്കൾക്കായിരുന്നു. മലപ്പുറം തിരൂരിനടുത്ത് നിറമരുതൂരിൽ കളരിപ്പയറ്റ് വിദഗ്ധരുടെ കുടുംബമായ മുടവങ്ങാട്ട് തറവാട്ടിലെ ശങ്കുണ്ണി പണിക്കരുടെയും ചുണ്ടയിൽ കല്യാണിക്കുട്ടിയമ്മയുടെയും മൂന്നാമത്തെ പുത്രനായി 1929ലാണ് ജനനം. ഏഴാം വയസ്സ് മുതൽ കളരിപ്പയറ്റ് പരിശീലനം തുടങ്ങി.
മുടവങ്ങാട്ട് ഗൃഹത്തിലെ വല്ലഭട്ട കളരിയിലും സ്വഗൃഹത്തിലെ കളരിയിലുമായിരുന്നു പരിശീലനം. 14ാം വയസ്സിൽ മുടവങ്ങാട്ട് കളരിയിൽവെച്ച് അരങ്ങേറ്റം കുറിച്ചു. ഇപ്പോഴും ചാവക്കാട് വല്ലഭട്ട കളരിയിൽ ഗുരുക്കളുടെ നിറ സാന്നിധ്യത്തോടെ കളരിപ്പയറ്റിന്റെ ഈരടികൾ പുതു തലമുറക്ക് പകർന്നുനൽകുന്നു.
മലപ്പുറം ഒഴൂർ കോഴിശ്ശേരി പുന്നക്കൽ തറവാട്ടിലെ സൗദാമിനിയമ്മയാണ് ഭാര്യ. മക്കൾ: കൃഷ്ണദാസ് (കേരള കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്), രാജീവ്, ദിനേശൻ (കളരിപ്പയറ്റ് അസോസിയേഷൻ തൃശൂർ ജില്ല സെക്രട്ടറി), നിർമല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.