പത്മശ്രീയിൽ തളിപ്പറമ്പിന് ഇരട്ടി മധുരം
text_fieldsതളിപ്പറമ്പ്: ഇത്തവണത്തെ പത്മശ്രീ അവാർഡുകൾ പ്രഖ്യാപിച്ചപ്പോൾ തളിപ്പറമ്പിന് ഇരട്ടി മധുരം. കഥകളി രംഗത്തെ പ്രഗത്ഭനായ സദനം ബാലകൃഷ്ണനെയും തെയ്യം കനലാടി ഇ.പി നാരായണ പെരുവണ്ണാനെയുമാണ് പുരസ്കാരം തേടിയെത്തിയത്.
സദനം ബാലകൃഷ്ണൻ എന്നറിയപ്പെടുന്ന സദനം പുതിയ വീട്ടിൽ ബാലകൃഷ്ണൻ, ഇന്ത്യയിൽ നിന്നുള്ള, ഇന്ത്യൻ ക്ലാസിക്കൽ നൃത്തത്തിന്റെ രൂപമായ കഥകളിയുടെ വക്താവാണ്. 1944ൽ കണ്ണൂർ തളിപ്പറമ്പിൽ എ.വി. കൃഷ്ണന്റെയും ഉമയമ്മയുടെയും മകനായാണ് അദ്ദേഹം ജനിച്ചത്. 2003ൽ സംഗീത നാടക അക്കാദമി അവാർഡ്, 2020-ൽ കേരള സംസ്ഥാന കഥകളി അവാർഡ്, 2017ൽ കേരള കലാമണ്ഡലം ഫെലോഷിപ്പ് തുടങ്ങി നിരവധി ശ്രദ്ധേയമായ അവാർഡുകൾ ലഭിച്ചിട്ടുണ്ട്. 1974 മുതൽ 2006 വരെ ഡൽഹിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ കഥകളിയിൽ ബാലകൃഷ്ണൻ കഥകളി പഠിപ്പിച്ചു. കൊണ്ടിവീട്ടിൽ നാരായണൻ നായരിൽ നിന്ന് ആദ്യം കഥകളി അഭ്യസിച്ച അദ്ദേഹം പിന്നീട് ഗാന്ധി സേവാസദനം കഥകളി അക്കാദമിയിൽ തേക്കിൻകാട്ടിൽ രാമുണ്ണി നായരുടെയും കീഴ്പാടം കുമാരൻ നായരുടെയും കീഴിൽ കേന്ദ്രസർക്കാറിന്റെ സ്കോളർഷിപ്പോടെ പത്തുവർഷം പഠിച്ചു. കല്ലുവഴി കഥകളി അവതരണത്തിൽ പ്രാവീണ്യം നേടിയിട്ടുണ്ട്. 1974ൽ ഡൽഹിയിലെ ഇന്റർനാഷണൽ സെന്റർ ഫോർ കഥകളിയിൽ കഥകളിയിൽ അധ്യാപകനായി ചേർന്ന അദ്ദേഹം 1980ൽ അതിന്റെ പ്രിൻസിപ്പലും ചീഫ് ആർട്ടിസ്റ്റുമായി പ്രവർത്തിച്ചു. 2006ൽ വിരമിച്ചു. നിരവധി പുസ്തകങ്ങളും എഴുതിയിട്ടുണ്ട്. ഇപ്പോൾ മകനൊപ്പം എറണാകുളത്താണ് താമസം. അഡയാറിലെ അധ്യാപനാണ്.
തെയ്യം കനലാടി പാലകുളങ്ങരയിലെ ഇ.പി. നാരായണൻ പെരുവണ്ണാനെ (68) തേടി രാജ്യത്തിന്റെ പത്മശ്രീ എത്തിയത് അർഹതക്കുള്ള അംഗീകാരമായി. 1956 ഒക്ടോബർ 13ന് പനക്കാട്ട് ഒതേന പെരുവണ്ണാന്റേയും മാമ്പയിൽ പാഞ്ചുവിന്റെയും മകനായി ജനിച്ച നാരായണൻ നാലാം വയസ്സിൽ അമ്മയുടെ ചെറുജന്മാവകാശത്തിലുള്ള പ്രദേശങ്ങളായ തളിപ്പറമ്പ് വില്ലേജിലെ തൃഛംബരം, പാലകുളങ്ങര ഭാഗങ്ങളിൽ ആടിവേടൻ കെട്ടിയാടിയാണ് തെയ്യാട്ട രംഗത്തേക്ക് പ്രവേശിച്ചത്.
പതിമൂന്നാം വയസ്സിൽ തെയ്യാട്ടത്തിലേക്കും ചുവട് വെച്ചു. പനക്കാട് ഒതേന പെരുവണ്ണാൻ, ചുഴലി ചിണ്ട പെരുവണ്ണാൻ, അഴീക്കോട് കൃഷ്ണൻ പെരുവണ്ണാൻ എന്നിവരായിരുന്നു ഗുരുനാഥന്മാർ. പതിനാലാം വയസ്സ് മുതൽ അഴീക്കോട് കൃഷ്ണൻ പെരുവണ്ണാനിൽ നിന്ന് ഗുരുകുല സമ്പ്രദായ രീതിയിൽ കളരിയഭ്യാസമുറകളും, തോറ്റംപാട്ട്, മുഖത്തെഴുത്ത്, അണിയല നിർമ്മാണം, വാദ്യം എന്നിവയും അഭ്യസിച്ചു. ഇതിനകം നൂറോളം കാവുകളിൽ തെയ്യാട്ടം നടത്തി. തളിപ്പറമ്പിലെ കീഴാറ്റൂർ വെച്ചിയോട്ട് കാവിൽ തുടർച്ചയായി 50 വർഷം ബാലിത്തെയ്യം കെട്ടിയാടിയതും നാറാത്ത് പുതിയ ഭഗവതി ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ തവണ പുതിയ ഭഗവതി തെയ്യം കെട്ടിയാടിയതും ഇദ്ദേഹമാണ്.
വളപട്ടണം മുച്ചിലോട്ട് കാവിൽ 30 വർഷം തുടർച്ചയായി മുച്ചിലോട്ടമ്മയുടെ തിരുമുടിയണിഞ്ഞു. നിരവധി തെയ്യങ്ങളുടെ തോറ്റംപാട്ടുകളും ഹൃദിസ്ഥമാക്കി. തെയ്യം, തെയ്യച്ചമയം രംഗത്ത് കഴിഞ്ഞ 45 വർഷക്കാലമായി നൽകിയ സംഭാവനകളെ മാനിച്ച് കേരള ഫോക് ലോർ അക്കാദമിയുടെ 2009 ലെ ഗുരുപൂജ പുരസ്കാരവും 2014 ൽ ഉത്തര മലബാർ തെയ്യം അനുഷ്ഠാന അവകാശ സംരക്ഷണ സമിതി കേന്ദ്ര നിർവ്വാഹക സമിതി കണ്ണൂർ നൽകിയ പുരസ്കാരവും 2018ൽ തെയ്യം കലാ രംഗത്ത് നൽകിയ വിശിഷ്ട സംഭാവനകൾ പരിഗണിച്ച് കേരള ഫോക് ലോർ അക്കാദമിയുടെ ഫെല്ലോഷിപ്പും ഇതിനകം നേടിയിട്ടുണ്ട്. തളിപ്പറമ്പ് സർവ്വീസ് സ്ഹകരണ ബാങ്കിന്റെ ഡയറക്ടറായും പ്രവർത്തിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.