ലക്ഷദ്വീപുകാരുടെ ജീവിതത്തിൽ കൈകടത്തിയാൽ പ്രശ്നങ്ങളുണ്ടാകും - അലി മണിക്ഫാൻ
text_fieldsകോഴിക്കോട്: ആവശ്യമില്ലാത്ത നിയമങ്ങൾ ലക്ഷദ്വീപിൽ നടപ്പാക്കരുതെന്ന് പത്മശ്രീ ജേതാവും ഗോളശാസ്ത്രജ്ഞനുമായ അലി മണിക്ഫാൻ. ജനങ്ങളുമായി ജീവിത രീതിയും സംസ്കാരവും പഠിച്ച് അവരുമായി കൂടിയാലോചന നടത്തി വേണം അധികാരികൾ കാര്യങ്ങൾ ചെയ്യേണ്ടത്.
അഡ്മിനിസ്ട്രേറ്റർക്ക് തോന്നുന്നതാണ് ഇപ്പോൾ ലക്ഷദ്വീപിൽ നടപ്പാക്കുന്നത്. നിരവധി അഡ്മിനിസ്ട്രേറ്റർമാർ ദ്വീപിൽ ഭരണം നടത്തിയിട്ടുണ്ട്. ദ്വീപ് നിവാസികളുടെ ജീവിതം പഠിച്ച ശേഷമാണ് അഡ്മിനിസ്ട്രേറ്റർമാർ ഭരണം നടത്താറുള്ളത്. ദ്വീപുകാരുടെ ജീവിതത്തിൽ കൈകടത്തിയാൽ പ്രശ്നങ്ങളുണ്ടാകുമെന്നും മണിക്ഫാൻ വ്യക്തമാക്കി.
ലക്ഷദ്വീപ് കുറ്റകൃത്യങ്ങളോ പ്രശ്നങ്ങളോ ഇല്ലാത്ത സ്ഥലമാണ്. ഗുണ്ടാ നിയമത്തിന്‍റെ ആവശ്യമില്ല. വെറുതേ കുറച്ചു പേർക്ക് ജോലി കൊടുക്കാൻ വേണ്ടിയാണ് ദ്വീപിൽ പൊലീസ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുള്ളത്. ലക്ഷദ്വീപിന് പ്രത്യേക നിയമം തന്നെയുണ്ട്. അതാണ് ഇത്രയും കാലമായി നടപ്പാക്കിയിരുന്നത്. വളരെ സമാധാനത്തോടെ കഴിയുന്ന ജനങ്ങളാണ് ദ്വീപിലുള്ളതെന്നും മണിക്ഫാൻ പറഞ്ഞു.
പട്ടിക വർഗവിഭാഗത്തിലാണ് ദ്വീപിലുള്ളവരെ സർക്കാർ ഉൾപ്പെടുത്തിയിട്ടുള്ളത്. മറ്റുള്ളവരെ പോലെ ദ്വീപ് നിവാസികളെ കാണാൻ സാധിക്കില്ല. ആദിവാസി നിയമത്തിന്‍റെ സംരക്ഷണമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഗോവധ നിരോധനത്തിന്‍റെ ആവശ്യമില്ല. ഒരാൾ കഴിക്കുന്നത് തന്നെ മറ്റൊരാൾ കഴിക്കണമെന്ന് നിർബന്ധിക്കാൻ ആർക്കും അവകാശമില്ല. ഏത് ഭക്ഷണം കഴിക്കാനും ഇന്ത്യൻ ഭരണഘടന സ്വാതന്ത്ര്യം നൽകുന്നുണ്ട്.
ആദ്യം മിനിക്കോയി ദ്വീപിൽ മാത്രമാണ് മത്സബന്ധനം ഉണ്ടായിരുന്നത്. പിന്നീടാണ് ലക്ഷദ്വീപ് ഭരണകൂടമാണ് മറ്റ് ദ്വീപ് നിവാസികളെ മത്സബന്ധനം പഠിപ്പിച്ചത്. വള്ളങ്ങൾ നിർത്തിയിടാനുള്ള താൽകാലിക ഷെഡുകൾ മാത്രമാണ് തീരത്തുള്ളതെന്നും മീഡിയവണിന് നൽകിയ അഭിമുഖത്തിൽ അലി മണിക്ഫാൻ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.