ഭീകരാക്രമണം മുസ്ലിം വിരുദ്ധ പ്രചരണത്തിന് ഉപയോഗപ്പെടുത്തുന്നവർ രാജ്യത്തോട് ചെയ്യുന്നത് കൊടിയ ചതി; കുറിപ്പുമായി സന്ദീപ് വാര്യർ
text_fieldsകോഴിക്കോട്: പഹൽഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ നടക്കുന്ന മുസ്ലിം വിരുദ്ധ രാഷ്ട്രീയ പ്രചരണത്തിനെതിരെ മുന്നറിയിപ്പുമായി കോൺഗ്രസ് വക്താവ് സന്ദീപ് വാര്യർ. കശ്മീരിൽ പാകിസ്താൻ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെ ഇന്ത്യൻ മുസൽമാന്‍റെ പിരടിക്ക് വച്ച് കെട്ടുന്നത് ആർക്കാണ് ഗുണം ചെയ്യുകയെന്ന് സന്ദീപ് ഫേസ്ബുക്ക് കുറിപ്പിൽ ചോദിച്ചു.
നാടൊന്നിച്ച് ഭീകരതക്കെതിരെ അണിനിരക്കുമ്പോൾ ഒരു കൂട്ടർ ഹിന്ദു മുസ്ലിം വിഭജനമുണ്ടാക്കാൻ സമൂഹമാധ്യമങ്ങളിലൂടെ കിണഞ്ഞ് പരിശ്രമിക്കുകയാണെന്നും സന്ദീപ് കുറ്റപ്പെടുത്തി. തെക്കൻ കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്കുനേരെ നടന്ന ഭീകരാക്രമണത്തിൽ ഒരു മലയാളി ഉൾപ്പെടെ 29 പേരാണ് കൊല്ലപ്പെട്ടത്.
സന്ദീപ് വാര്യറുടെ പോസ്റ്റിന്‍റെ പൂർണരൂപം;
രാജ്യമൊട്ടാകെ കാശ്മീരിൽ നടന്ന ഭീകരാക്രമണത്തിനെതിരായ ജനവികാരമുയരുന്നു. കാശ്മീരികൾ തന്നെ തീവ്രവാദികൾക്കും പാക്കിസ്ഥാനുമെതിരെ പ്രതിഷേധിച്ച് തെരുവിലിറങ്ങിയിരിക്കുന്നു . ശക്തമായ നിലപാട് സ്വീകരിക്കാൻ എല്ലാ പ്രതിപക്ഷ പാർട്ടികളുടെയും ആവശ്യമുയർന്നിട്ടുണ്ട്. നാടൊന്നിച്ച് ഭീകരതക്കെതിരെ അണിനിരക്കുമ്പോൾ ഒരു കൂട്ടർ ഹിന്ദു മുസ്ലിം വിഭജനമുണ്ടാക്കാൻ സോഷ്യൽ മീഡിയയിലൂടെ കിണഞ്ഞ് പരിശ്രമിക്കുകയാണ് . കാശ്മീരിൽ പാക്കിസ്ഥാൻ നടത്തുന്ന തീവ്രവാദ പ്രവർത്തനങ്ങളെ ഇന്ത്യൻ മുസൽമാൻ്റെ പിരടിക്ക് വച്ച് കെട്ടുന്നത് ആർക്കാണ് ഗുണം ചെയ്യുക ? വാസ്തവത്തിൽ സംഘികൾ ഇന്ത്യൻ മുസൽമാൻ്റെ ദേശക്കൂറ് ചോദ്യം ചെയ്യാൻ കാശ്മീർ തീവ്രവാദ അക്രമത്തിൻ്റെ പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോൾ വിജയിക്കുന്നത് പാക്കിസ്ഥാൻ്റെ നറേറ്റീവ് ആണെന്ന ബോധം പോലും ഇവർക്കില്ലേ ? സ്വാത്രന്ത്യം കിട്ടിയ ദിവസം മുതൽക്ക് തുടങ്ങിയ പാക്കിസ്ഥാൻ്റെ ചൊറിച്ചിൽ നമ്മൾ കാലാകാലങ്ങളിൽ തീർത്തു കൊടുത്തിട്ടുണ്ട്. ഇന്ത്യക്കാർ ഒറ്റക്കെട്ടായി നിന്നാൽ മാത്രമേ ശത്രുവിനെതിരെ വിജയിക്കാനാകൂ . അതല്ലാതെ ഈ ഒരു തീവ്രവാദി ആക്രമണം മുസ്ലിം വിരുദ്ധ രാഷ്ട്രീയ പ്രചരണത്തിന് ഉപയോഗപ്പെടുത്തുന്നവർ രാജ്യത്തോട് കൊടിയ ചതിയാണ് ചെയ്യുന്നത് . ഇന്ത്യൻ മുസൽമാൻ്റെ ദേശക്കൂറ് ചോദ്യം ചെയ്യുന്ന സംഘികൾ മറന്നു പോകരുതാത്ത ഒരു പേര് ഞാൻ പറയാം. 1965 ലെ പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ മാത്യരാജ്യത്തിനായി വീറോടെ പോരാടി വീരമൃത്യു വരിച്ച ഹവിൽദാർ അബ്ദുൾ ഹമീദ് . രാജ്യം പരംവീർ ചക്ര നൽകിയാണ് ആ പോരാട്ട വീര്യത്തെയും ദേശസ്നേഹത്തെയും ആദരിച്ചത്. പറഞ്ഞു വന്നത് ഇന്ത്യൻ മുസൽമാൻ്റെ ദേശസ്നേഹത്തിന് സംഘികളുടെ സർട്ടിഫിക്കറ്റ് വേണ്ട എന്നാണ്. തീവ്രവാദത്തിനെതിരായ പോരാട്ടത്തിൽ മതം പറഞ്ഞ് ഇന്ത്യക്കാരുടെ ഐക്യം തകർക്കാനിറങ്ങിയാൽ നിങ്ങൾക്ക് കാലം മാപ്പു നൽകില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.