മുഴുവൻ പെൻഷനും നൽകിയെന്ന് സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്
text_fieldsകൊച്ചി: പെൻഷൻ വിതരണം താളംതെറ്റിയത് വിവാദമാകുമ്പോൾ, സർക്കാർ വിതരണം ചെയ്യാൻ ഉത്തരവിട്ട എല്ലാ പെൻഷനും കുടിശ്ശികയില്ലാതെ കൈമാറിയിട്ടുണ്ടെന്ന മറുപടിയുമായി കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്. 11,556.87 കോടിയുടെ കടബാധ്യതയിലാണ് സ്ഥാപനമെന്നും അധികൃതർ വ്യക്തമാക്കുന്നു. കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡിന്റെ കീഴിൽ സാമൂഹിക സുരക്ഷാ പെൻഷനടക്കം 17 പെൻഷനാണ് വിതരണം ചെയ്യുന്നത്. ഇതിലെ 16 എണ്ണവും ക്ഷേമനിധി ബോർഡുകളുടെ പെൻഷനാണ്. 2024 ഫെബ്രുവരിയിലെ കണക്ക് പ്രകാരം പെൻഷനുകളുടെ വിതരണത്തിന് 756.55 കോടിയാണ് ആവശ്യമായി വന്നത്. തുക കണ്ടെത്താൻ കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ്, കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ, കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ്, പ്രാഥമിക സഹകരണ സംഘങ്ങളുടെ കൺസോർട്യം, കേരള ഫിനാൻഷ്യൽ കോർപറേഷൻ എന്നിവിടങ്ങളിൽ നിന്നായിട്ടാണ് കോടികൾ വായ്പയെടുത്തിട്ടുള്ളത്.
2022 -23 സാമ്പത്തിക വർഷത്തിലെ കണക്കുപ്രകാരം ഇത്തരത്തിൽ വായ്പയായി തുക സ്വീകരിച്ച വകയിൽ 833.17 കോടി പലിശയും നൽകിയിട്ടുണ്ട്. കൊച്ചിയിലെ പ്രോപ്പർചാനൽ സംഘടന പ്രസിഡൻറ് എം.കെ. ഹരിദാസിന് വിവരാവകാശ നിയമപ്രകാരം സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ് നൽകിയ മറുപടിയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കുന്നത്. അതേസമയം, ഏതൊക്കെ പെൻഷനുകൾക്ക് എത്ര മാസത്തെ കുടിശ്ശികയുണ്ട് എന്ന ചോദ്യത്തിന് സർക്കാർ നൽകിയ ഉത്തരവുകൾ പ്രകാരമുള്ള പെൻഷൻ തുക കുടിശ്ശികയില്ലാതെ വിതരണം ചെയ്തിട്ടാണ് അധികൃതർ വിശദീകരിക്കുന്നത്. നിലവിൽ ആറുമാസത്തെ ക്ഷേമ പെൻഷൻ കുടിശ്ശിക ആയിരിക്കെ ഒരു മാസത്തേത് വിതരണം ചെയ്യാൻ ധനവകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. സെപ്റ്റംബറിലെ പെൻഷൻ മാർച്ച് 15ന് വിതരണം ആരംഭിക്കും എന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
വായ്പയെടുത്ത സ്ഥാപനം, തുക
- കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എൻറർപ്രൈസസ് -2520.69 കോടി
- കേരള സ്റ്റേറ്റ് ബിവറേജസ് കോർപറേഷൻ -1000 കോടി
- കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് -2000 കോടി
- പ്രാഥമിക സഹകരണ സംഘം കൺസോർട്യം -5546.18 കോടി
- കേരള ഫിനാൻഷ്യൽ കോർപറേഷൻ - 500 കോടി
- ആകെ 11,566.87 കോടി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.