ചിത്രകാരൻ അശാന്തൻ അന്തരിച്ചു
text_fieldsകൊച്ചി: പ്രശസ്ത ചിത്രകാരനും ശില്പിയുമായ അശാന്തൻ (മഹേഷ് - 50) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് ഇടപ്പള്ളി അമൃത ആശുപത്രിയിലാണ് മരണം. ഫോർട്ടുകൊച്ചി ഏക ആർട്ട് ഗാലറിയിലെയും ഇടപ്പള്ളി ചങ്ങമ്പുഴ സ്മാരക ഗ്രന്ഥശാലയിലെയും ചിത്രകല-വാസ്തുകലാ അദ്ധ്യാപകനായിരുന്നു. സംസ്കാരം ഇന്ന് (ബുധൻ) വൈകിട്ട് അഞ്ചിന് ഇടപ്പള്ളി ശ്മശാനത്തിൽ.
1998, 99, 2007 വർഷങ്ങളിലെ കേരള ലളിതാ കലാ അക്കാദമി അവാർഡ് ലഭിച്ചിട്ടുണ്ട്. വിദേശങ്ങളിൽ ഉൾപ്പടെ 200 ഓളം സ്ഥലങ്ങളിൽ ചിത്രപ്രദർശനങ്ങൾ നടത്തി. 90ലേറെ കലാക്യാമ്പുകളിലും പങ്കെടുത്തു.
അമേച്വർ നാടക രംഗത്തും ഏറെക്കാലം പ്രവർത്തിച്ചു. നാടക സംവിധാനവും അഭിനയവും കലാസംവിധാനവും നിർവഹിച്ചിട്ടുണ്ട്. ചിത്രകലയിലും ശില്പകലയിലും ഡിപ്ളോമ നേടിയ അശാന്തൻ കമേഴ്സ്യൽ ആർട്ട്സ് രംഗത്ത് നിന്ന് സമ്പൂർണമായും വിട്ടുനിന്നു. ചിത്രകലയുടെ മിക്കവാറും എല്ലാ മേഖലയിലും അസാമാന്യമായ പാടവം പ്രദർശിപ്പിച്ചയാളാണ്. ഏറെക്കാലും വൈദിക വിദ്യാഭ്യാസവും നടത്തി. ചങ്ങമ്പുഴയുടെ 'രമണൻ' പെൻസിൽ സ്കെച്ചുകളിലൂടെ ചിത്രരൂപത്തിലാക്കി വരികയായിരുന്നു.
പോണേക്കര പീലിയാട് തമ്പിൽ പരേതരായ കുട്ടപ്പന്റെയും കുറുമ്പയുടെയും മകനാണ്. ഭാര്യ: മോളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.