പാക് ആക്രമണത്തിൽ മലയാളി ജവാനടക്കം അഞ്ച് മരണം
text_fieldsജമ്മു/ആലപ്പുഴ: അതിർത്തി മേഖലയിൽ രണ്ടാം ദിവസവും പാകിസ്താൻ സൈന്യം നടത്തിയ ആക്രമണത്തിൽ മലയാളി ജവാൻ ഉൾപ്പെടെ അഞ്ച് മരണം. മാവേലിക്കര പോനകം തോപ്പില്‍ എബ്രഹാം ജോണ്‍-സാറാമ്മ ദമ്പതികളുടെ മകന് ലാൻസ് നായിക് സാം എബ്രഹാം (34), ബി.എസ്.എഫ് ഹെഡ്കോൺസ്റ്റബ്ൾ ജഗ്പാൽ സിങ്(49) എന്നിവരും മൂന്നു സിവിലിയന്മാരുമാണ് മരിച്ചത്.
നിയന്ത്രണരേഖയിൽ ജമ്മുവിലെ അഹ്നൂര്‍ ജില്ലയില്‍ സുന്ദര്‍ബെനിയിലാണ് സംഭവം. നിയന്ത്രണരേഖ ലംഘിച്ച് നടത്തിയ ആക്രമണത്തിലാണ് ആറാം മദ്രാസ് െറജിെമൻറിലെ ലാന്‍സ് നായിക് സാം എബ്രഹാം കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച ഉച്ചക്ക് 1.45ഓടെ ആയിരുന്നു വെടിവെപ്പ്. വൈകീട്ട് ആറുവരെ ഇന്ത്യൻ-പാക് സൈനികര്‍ മുഖാമുഖം ആക്രമണം നടത്തി. പൂര്‍ണമായും വെടിവെപ്പ് നിലച്ച് വൈകീട്ട് 6.30 ഓടെയാണ് മൃതദേഹം സംഭവസ്ഥലത്തുനിന്ന് മാറ്റാന്‍ സാധിച്ചത്.
ജമ്മുവില്‍ സൈന്യത്തിലെ സിഗ്നല്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന സഹോദരന് സാബുവിനെ വിവരം അറിയിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ഔദ്യോഗിക സ്ഥിരീകരണവും ഉണ്ടായി. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്. ഭാര്യ: അനു. മകള്‍: രണ്ടര വയസ്സുള്ള എയ്ഞ്ചല്‍. മറ്റൊരു സഹോദരന്: സജി.
ആർ.എസ്. പുര, അർനിയ, രാംഗഢ് സെക്ടറുകളിൽ വെള്ളിയാഴ്ച രാവിലെ 6.40നാണ് പാക് ആക്രമണം തുടങ്ങിയതെന്ന് ബി.എസ്.എഫ് അറിയിച്ചു. വൈകുന്നേരം കത്തുവ ജില്ലയിലേക്കും വെടിവെപ്പ് വ്യാപിച്ചു. 82 എം.എം മോർട്ടാർ ബോംബുകളുപയോഗിച്ചാണ് 45 അതിർത്തി പോസ്റ്റുകളിലേക്ക് പാകിസ്താൻ ആക്രമണം നടത്തിയത്. 35 കി.മീ. അന്താരാഷ്ട്ര അതിർത്തി പ്രദേശത്ത് ആക്രമണം ഉണ്ടായി. ശക്തമായ തിരിച്ചടി നൽകിയതായി ബി.എസ്.എഫ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.