Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘പകൽവീടു’കളോട്​...

‘പകൽവീടു’കളോട്​ മുഖംതിരിക്കേണ്ടതുണ്ടോ..?

text_fields
bookmark_border
vayoyuvam
cancel
പ്രായമായ വ്യക്തികൾക്ക് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും വൈദ്യസഹായം സ്വീകരിക്കാനും സമപ്രായക്കാരുമായി ഇടപഴകാനും കഴിയുന്ന അന്തരീക്ഷം ഒരുക്കുകവഴി ഒറ്റപ്പെടലിനെയും ആശങ്കകളെയും ഒരുപരിധിവരെ ചെറുക്കാൻ കഴിയും

നമ്മുടെ സമൂഹത്തിൽ പ്രായമായ വ്യക്തികൾ അനുഭവിക്കുന്ന ഏകാന്തത പലപ്പോഴും ആഴത്തിലുള്ളതും നിരവധി പ്രശ്നങ്ങളടങ്ങിയതുമാണ്​. ജോലിയിൽനിന്നുള്ള വിരമിക്കൽ, ആരോഗ്യപ്രശ്നങ്ങൾ, അവ സൃഷ്ടിക്കുന്ന ദൈനംദിന ജീവിതത്തിലെ പരിമിതികൾ, ജീവിതപങ്കാളിയുടെയും അടുത്ത സുഹൃത്തുക്കളുടെയും വിയോഗം തുടങ്ങിയ നിരവധി കാരണങ്ങളാണ്​ പ്രായമായവർ അഭിമുഖീകരിക്കേണ്ടിവരുന്നത്.

കൂട്ടുകുടുംബ വ്യവസ്ഥ ഇല്ലാതാവുകയും അണുകുടുംബങ്ങളിലേക്കുള്ള പെട്ടെന്നുള്ള മാറ്റങ്ങളും മുതിർന്ന പൗരന്മാരെ ആരോഗ്യപ്രശ്നങ്ങൾക്ക്​ പുറമെ ഒറ്റപ്പെടൽ, ശൂന്യത, വിഷാദം തുടങ്ങിയ മാനസിക പ്രതിസന്ധികളിലേക്കും നയിച്ചേക്കാം.

പതിറ്റാണ്ടുകൾക്ക്​ മുമ്പുതന്നെ, ഇത്തരം അവസ്ഥകളിലൂടെ കടന്നുപോകേണ്ടി വന്ന പാശ്ചാത്യ രാജ്യങ്ങളിൽ ഇതിന്​ പരിഹാരമായി രൂപംകൊണ്ട സംവിധാനങ്ങളാണ്​ വൃദ്ധസദനങ്ങൾ. എന്നാൽ, ഇന്ത്യൻ കുടുംബങ്ങൾക്ക്​​ ഇത്തരമൊരു സങ്കൽപത്തെ സ​ങ്കോചത്തോടെയല്ലാതെ സ്വീകരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ല.

അതിന് പ്രധാനകാരണം കുടുംബവ്യവസ്ഥിതിയിൽ പരമ്പരാഗതമായി നിലനിന്നു​പോന്നിരുന്ന മൂല്യങ്ങളിലധിഷ്ഠിതമായ ജീവിതമാതൃകകൾ തന്നെയാണ്​. മുതിർന്ന വ്യക്തികളെ കുടുംബനാഥന്മാരായും നാഥകളായും പരിഗണിച്ച്​ സ്​നേഹവും സംരക്ഷണവും ഉയർന്ന സ്ഥാനവും നൽകിയായിരുന്നു കഴിഞ്ഞ തലമുറവരെ ജീവിച്ചുവന്നിരുന്നത്​.

ഈ സംവിധാനങ്ങൾക്കു കീഴിൽ മുതിർന്ന പൗരന്മാർക്ക്​ എല്ലായ്പോഴും സ്വത്തിന്‍റെ ഉടമസ്ഥാവകാശത്തോടൊപ്പം അധികാരത്തിന്‍റെ പിൻബലവുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇവർക്ക്​ പറയത്തക്ക ഒറ്റപ്പെടലോ അവഗണനയോ അഭിമുഖീകരിക്കേണ്ടിവന്നിരുന്നില്ല.

എന്നാൽ, അടുത്തകാലത്തായി അതിവേഗത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന സാമൂഹികമാറ്റങ്ങൾ ഇത്തരം പരമ്പരാഗത ജീവിതമാതൃകകളെ മുഴുവനായിത്തന്നെ അപ്രത്യക്ഷമാക്കിയിരിക്കുകയാണ്​. പുതിയ തലമുറ വിവാഹത്തോടനുബന്ധിച്ച്​ സ്വന്തം വീടുകളിലേക്ക്​ മാറിത്താമസിക്കാൻ തുടങ്ങിയതോടെ മുതിർന്ന പൗരന്മാരുടെ സംരക്ഷണവും പരിപാലനവും പ്രതിസന്ധികളിലായി.

ഇവർ മക്കൾ താമസിക്കുന്ന പലയിടങ്ങളിലും പലതരത്തിലുമുള്ള വീടുകളിലും സാഹചര്യങ്ങളിലും മാറിമാറി താ​മസിക്കേണ്ടിവരുകയോ സ്വന്തം വീട്ടിൽ ഒറ്റക്ക്​ കഴിയേണ്ടിവരുകയോ ചെയ്തു. മക്കൾ താമസിക്കുന്ന വീടുകളിലാകട്ടെ സ്​ത്രീ, പുരുഷ ഭേദമെന്യേ എല്ലാ അംഗങ്ങളും ജോലിക്കും കുട്ടികൾ പഠനാവശ്യങ്ങൾക്കും പുറത്തേക്ക്​ പോകുന്നതോടെ വീടുകളിൽ ഇവർ ഒറ്റപ്പെട്ട്​ കഴിയേണ്ട അവസ്ഥയായി.

ടെലിവിഷൻ, സിനിമ, വായന, ഫോൺ വഴിയുള്ള സാമൂഹിക ബന്ധങ്ങൾ, അയൽക്കാരുമായുള്ള ബന്ധം, വിശ്വാസപരമായ കൂടിച്ചേരലുകൾ, മറ്റ്​ വിനോദമാർഗങ്ങൾ എന്നിവ ഒരു പരിഹാരമാർഗമായി ചൂണ്ടിക്കാണിക്കാമെങ്കിലും ‘ഒറ്റപ്പെടൽ’ എന്ന മാനസികാവസ്​ഥയെ അതിജീവിക്കാൻ പൂർണമായ തോതിൽ ഇവക്ക് കഴിയാറില്ല. അതുകൊണ്ടുതന്നെ ​ഈ പ്രതിസന്ധിയെ മറികടക്കാനുള്ള മാർഗങ്ങളെക്കുറിച്ച്​ ഗൗരവമായി ചിന്തിച്ചുതുട​ങ്ങേണ്ട സാഹചര്യമാണിത്​.

വൃദ്ധസദനങ്ങളെ അനാഥർക്കുള്ള അഭയകേന്ദ്രമായും മനുഷ്യത്വരഹിതമായ നിലപാടുകളുടെ പ്രതിഫലനമായുമാണ്​ നമ്മുടെ സമൂഹം കാണുന്നത്​. അതുകൊണ്ടുതന്നെ പരമ്പരാഗത കുടുംബസംവിധാനങ്ങളെയും ആധുനിക ജീവിതരീതിയെയും സമന്വയിപ്പിച്ചുകൊണ്ടുള്ള ഒരു സമീപനമായിരിക്കും ഇന്ത്യൻ സാഹചര്യത്തിൽ അഭികാമ്യം.

ഇത്തരമൊരു പരിഹാരസാധ്യതയിൽ ഏറ്റവും പ്രായോഗികമായ ഒന്നാണ്​ ‘പകൽവീടുകൾ’. രാവിലെ എത്തിച്ചേരുകയും വൈകുന്നേരം വീടുകളിലേക്കുതന്നെ മടങ്ങുകയും ചെയ്യുന്ന രീതിയിലാണ്​ ​‘പകൽവീടുകൾ’ സംവിധാനംചെയ്തിരിക്കുന്നത്​.

മുതിർന്ന പൗരന്മാരുടെ സാമൂഹികവും ആരോഗ്യപരവുമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിൽ ഇത്തരം കേന്ദ്രങ്ങൾക്ക്​ നിർണായക പങ്കുവഹിക്കാനാകും. പ്രായമായ വ്യക്തികൾക്ക് വിവിധ പ്രവർത്തനങ്ങളിൽ ഏർപ്പെടാനും ആവശ്യമെങ്കിൽ വൈദ്യസഹായം സ്വീകരിക്കാനും സമപ്രായക്കാരുമായി ഇടപഴകാനും കഴിയുന്ന അന്തരീക്ഷം ഒരുക്കുകവഴി അവർ അനുഭവിക്കുന്ന ഒറ്റപ്പെടലിനെയും ആശങ്കകളെയും ഒരുപരിധിവരെ ചെറുക്കാൻ കഴിയും.

പ്രായമായവരുടെ പ്രത്യേക ആവശ്യങ്ങൾക്കനുസൃതമായി വിനോദ പരിപാടികൾ, സാംസ്കാരിക പ്രവർത്തനങ്ങൾ എന്നിവക്കു​ പുറമെ സഹായികളും ആരോഗ്യപ്രവർത്തകരും അടങ്ങുന്നതായിരിക്കണം ഇവയുടെ പ്രവർത്തനം. ഇതുവഴി സുരക്ഷിതവും സൗകര്യപ്രദവുമായ അന്തരീക്ഷത്തിൽ തങ്ങളുടെ പ്രിയപ്പെട്ടവരെ നന്നായി പരിപാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിക്കൊണ്ട്​ കുടുംബാംഗങ്ങൾക്ക്​ ജോലിക്ക്​ പോകാനോ മറ്റ് ഉത്തരവാദിത്തങ്ങളിൽ ഏർപ്പെടാനോ കഴിയും.

ഇതിനുപുറമെ സജീവമായ വാർധക്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക ബന്ധങ്ങൾ വർധിപ്പിക്കുന്നതിനും മുതിർന്നവരുടെ മൊത്തത്തിലുള്ള ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ഇത്തരം കേന്ദ്രങ്ങൾക്ക്​ കഴിയുകയും ചെയ്യും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ സർക്കാർ നേരിട്ടോ സന്നദ്ധസംഘടനകളുടെ ആഭിമുഖ്യത്തിലോ മറ്റ്​ കൂട്ടായ്മകളുടെ കീഴിലോ ഇത്തരം ‘പകൽവീടുകൾ’ ഉയർന്നുവരേണ്ടതുണ്ട്. കേരളത്തിൽ ചിലയി​ടത്തെല്ലാം പകൽവീടുകൾ പ്രവർത്തനം തുടങ്ങിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PakalveeduKerala NewsVayoyuvam
News Summary - pakalveedu -why they avoid
Next Story