Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്‍ലിംകൾക്ക് പാക്...

മുസ്‍ലിംകൾക്ക് പാക് പതാക: ഏഷ്യാനെറ്റ് രീതി വർഗീയ ധ്രുവീകരണം എങ്ങനെയുണ്ടാക്കാം എന്നതിന്റെ തെളിവ് -ഡോ. തോമസ് ഐസക്

text_fields
bookmark_border
മുസ്‍ലിംകൾക്ക് പാക് പതാക: ഏഷ്യാനെറ്റ് രീതി വർഗീയ ധ്രുവീകരണം എങ്ങനെയുണ്ടാക്കാം എന്നതിന്റെ തെളിവ് -ഡോ. തോമസ് ഐസക്
cancel

തിരുവനന്തപുരം: ജനസംഖ്യ കണക്കുകൾ വളച്ചൊടിച്ച് വർഗീയ ധ്രുവീകരണം എങ്ങനെയുണ്ടാക്കാം എന്നതിന്റെ തെളിവാണ് കന്നഡ ഏഷ്യാനെറ്റിന്റെ വാർത്ത​യെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം ടി.എം. തോമസ് ഐസക്. ജനസംഖ്യ ബാർ ഡയഗ്രത്തിൽ ഹിന്ദുക്കളെ അടയാളപ്പെടുത്താൻ ദേശീയ പതാകയും മുസ്‍ലിംകളെ അടയാളപ്പെടുത്താൻ പാകിസ്താൻ പതാകയുമാണ് ചാനൽ ഉപയോഗിച്ചത്. എത്ര പെട്ടെന്നാണ് ജനസംഖ്യാ പരിണാമത്തിൽ നിന്ന് വർഗ്ഗീയതയിലേക്ക് എത്തിയത്. മോദിയുടെ ജനപ്പെരുപ്പ ജിഹാദ് ഏതറ്റംവരെ പോകുമെന്നുള്ളതിനുള്ള ദൃഷ്ടാന്തമാണ് ഏഷ്യാനെറ്റിന്റെ കന്നഡ ചാനലിലെ ചർച്ച -അദ്ദേഹം ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.

2001 മുതൽ മുസ്‍ലിംകളുടെ ജനസംഖ്യാ വർധന കുറഞ്ഞു തുടങ്ങിയെന്നും എന്നാൽ, അത് പരിഗണിക്കാതെ വർഗ്ഗീയവാദികൾ 1950 മുതലുള്ള ജനസംഖ്യാ വളർച്ചയെ ഒറ്റഘട്ടമായി പരിഗണിച്ച് കണക്ക് തയ്യാറാക്കുകയാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. 1992-93-ൽ 4.41 മക്കൾ എന്ന തോതിൽനിന്ന് 2019-21 ആയപ്പോഴേക്കും 2.36 ആയി മുസ്‍ലിം ജനസംഖ്യ തോത് കുറഞ്ഞിട്ടുണ്ട്. മുസ്‍ലിംങ്ങൾക്കിടയിലാണ് സമീപകാലത്ത് ശീഘ്രഗതിയിൽ പ്രജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ അധികം താമസിയാതെ ഈ സമുദായ അന്തരങ്ങൾ പ്രായോഗികമായി ഇല്ലാതാകും. എന്നാൽ, ഇത് പരിഗണിക്കാതെ തെറ്റായ സ്ഥിതിവിവര കണക്ക് രീതി ഉപയോഗപ്പെടുത്തി ഊതിവീർപ്പിച്ച് സമുദായ സ്പർദ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത് -തോമസ് ഐസക് പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

മോദിയുടെ ജനപ്പെരുപ്പ ജിഹാദ് ഏതറ്റംവരെ പോകുമെന്നുള്ളതിനുള്ള ദൃഷ്ടാന്തമാണ് ഏഷ്യാനെറ്റിന്റെ കന്നഡ ചാനലിലെ ചർച്ച. 1950-2015 കാലയളവിൽ ജനസംഖ്യയിൽ ഹിന്ദുക്കളുടെ ശതമാനം 6.62 ശതമാന പോയിന്റ് കുറഞ്ഞു. അതേസമയം മുസ്ലിംങ്ങളുടേത് 4.25 ശതമാന പോയിന്റ് വർദ്ധിച്ചു. ജനസംഖ്യാ തോതിലുണ്ടായ ഈ മാറ്റത്തെ ശതമാന കണക്കിലാക്കിയപ്പോൾ ഹിന്ദുക്കളുടെ തോതിൽ 7.8 ശതമാനം കുറഞ്ഞൂവെന്നും മുസ്ലീംങ്ങളുടേത് 43.2 ശതമാനം വർദ്ധിച്ചെന്നുമുള്ള ഞെട്ടിപ്പിക്കുന്ന കണക്ക് കിട്ടി. ഇതുവച്ച് വർഗ്ഗീയ ധ്രുവീകരണം എങ്ങനെയുണ്ടാക്കാം? ഇതിനുള്ള രീതിയാണ് കന്നഡ ഏഷ്യാനെറ്റിന്റെ സ്ക്രീൻ ഷോട്ടിൽ കാണാവുന്നത്.

തോതിലുണ്ടായ മാറ്റത്തെ ശതമാനമായി നൽകിയിരിക്കുന്ന ചിത്രത്തിലെ ബാർ ഡയഗ്രത്തിൽ ഹിന്ദുക്കളെ അടയാളപ്പെടുത്താൻ ദേശീയ പതാകയും മുസ്ലിംങ്ങളെ അടയാളപ്പെടുത്താൻ പാകിസ്ഥാൻ പതാകയുമാണ് ഉപയോഗിച്ചിരിക്കുന്നത്. എത്ര പെട്ടെന്നാണ് ജനസംഖ്യാ പരിണാമത്തിൽ നിന്ന് വർഗ്ഗീയതയിലേക്ക് എത്തിയത്.

ജനസംഖ്യാ പരിണാമം ചില സാമൂഹ്യനിയമങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണെന്ന ശാസ്ത്രമാണ് വർഗ്ഗീയവാദികൾ തമസ്കരിക്കുന്നത്. ജനസംഖ്യാ ശാസ്ത്രത്തിലെ ബാലപാഠമാണിത്. പരമ്പരാഗത കാർഷിക സമ്പദ് വ്യവസ്ഥയിൽ നിന്ന് ആധുനിക വ്യവസായ വ്യവസ്ഥയിലേക്കുള്ള പരിണാമം ജനസംഖ്യാ വളർച്ചയേയും ഗാഡമായി സ്വാധീനിക്കും. പരമ്പരാഗത സമൂഹങ്ങളിൽ വളരെ ഉയർന്ന മരണനിരക്കും ജനനനിരക്കും ആയിരിക്കും. അതുകൊണ്ട് അസൽ ജനസംഖ്യാ വർദ്ധനവ് വളരെ തുച്ഛമായിരിക്കും. ഇതാണ് ജനസംഖ്യാ പരിണാമത്തിലെ ആദ്യഘട്ടം.

ഉദാഹരണത്തിന് 13-ാം നൂറ്റാണ്ടിലെ ജനസംഖ്യ തന്നെയാണ് 17-ാം നൂറ്റാണ്ടിലും യൂറോപ്പിൽ ഉണ്ടായിരുന്നത്. എന്നാൽ 18, 19 നൂറ്റാണ്ടുകളിൽ വ്യവസായങ്ങൾ പുഷ്ടിപ്പെടാനും സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകാനും തുടങ്ങിയതോടെ ജനസംഖ്യ ശീഘ്രഗതിയിൽ ഉയരാൻ തുടങ്ങി. ഇതിനു കാരണം മരണനിരക്ക് കുറയാൻ തുടങ്ങിയതാണ്. പകർച്ചവ്യാധികൾ നിയന്ത്രണവിധേയമായി. പുതിയ ആരോഗ്യശീലങ്ങളും പ്രതിരോധ മരുന്നുകളും മരണനിരക്ക് കുറയുന്നതിന് സഹായിച്ചു. ജനനനിരക്കാവട്ടെ, പഴയതുപോലെതന്നെ തുടർന്നു. ഇതിന്റെ ഫലമായിട്ടാണ് ജനസംഖ്യാ വിസ്ഫോടനം ഉണ്ടായത്. ഇതാണ് ജനസംഖ്യാ പരിണാമത്തിലെ രണ്ടാംഘട്ടം.

എന്തുകൊണ്ട് ജനന നിരക്ക് കുറഞ്ഞില്ല? പരമ്പരാഗത സമൂഹത്തിൽ വളരെ ഉയർന്ന ജനന-മരണ നിരക്കാണ് ഉണ്ടായിരുന്നതെന്നു പറഞ്ഞല്ലോ. ഉയർന്ന മരണനിരക്കുമൂലം കൂടുതൽ കുട്ടികൾ ഉണ്ടെങ്കിലേ ഒന്നോ രണ്ടോ പേർ പ്രായപൂർത്തിയിലെത്തൂ. ഇതാണ് വലിയ കുടുംബ സങ്കൽപ്പത്തിന്റെ മൂല്യബോധത്തിന്റെ അടിസ്ഥാനം. ആധുനിക കാലഘട്ടത്തിൽ മരണനിരക്ക് കുറഞ്ഞു തുടങ്ങിയിട്ടും ഈ കുടുംബസങ്കല്പത്തിൽ പെട്ടെന്നു മാറ്റം വന്നില്ല. അങ്ങനെ ഇടിയുന്ന മരണനിരക്കും ഉയർന്നു തുടരുന്ന ജനനനിരക്കും എന്ന പ്രതിഭാസം പ്രത്യക്ഷപ്പെടുന്നു. ജനപ്പെരുപ്പവും ഉണ്ടാകുന്നു.

എപ്പോഴാണ് കുടുംബ സങ്കല്പത്തിൽ മാറ്റം വരികയും ജനനനിരക്ക് കുറയുകയും തുടങ്ങുക? വിദ്യാഭ്യാസ-ആരോഗ്യ സൗകര്യങ്ങളുടെ വ്യാപനത്തോടെയാണ് പുതിയ കുടുംബ സങ്കല്പങ്ങൾ രൂപംകൊള്ളുക. കുറച്ചു കുട്ടികൾ മാത്രം ഉണ്ടെങ്കിലും കുടുംബം നിലനിർത്താനാകുമെന്നത് അനുഭവബോധ്യമായി മാറുന്നു. അപ്പോഴാണ് ജനന നിരക്ക് കുറയുക. ഇതിന്റെ ഫലമായി ജനസംഖ്യാ വർദ്ധനവിന്റെ തോത് കുറയാൻ തുടങ്ങും. ഇതാണ് ജനസംഖ്യാ പരിണാമത്തിന്റെ മൂന്നാംഘട്ടം.

ജനസംഖ്യാ പരിണാമത്തിന്റെ അവസാനഘട്ടത്തിൽ മരണനിരക്ക് 1000-ത്തിന് 10-ൽ താഴെയായി മാറുന്നു. ജനനനിരക്കാവട്ടെ താഴ്ന്ന് മരണനിരക്കിന് അടുത്തുവന്ന് നിൽക്കുന്നു. ചെറിയ കുടുംബം സംതൃപ്ത കുടുംബം എന്ന ആശയം പരപ്രേരണയൊന്നും കൂടാതെ സാർവ്വത്രികമായി അംഗീകരിക്കപ്പെടുന്നു. അങ്ങനെ താഴ്ന്ന മരണനിരക്കും താഴ്ന്ന ജനനനിരക്കുംമൂലം ജനസംഖ്യയുടെ വളർച്ച നാമമാത്രമായി തീരുന്നു. ഇതാണ് ജനസംഖ്യാ പരിണാമത്തിന്റെ നാലാംഘട്ടം.

വിദ്യാഭ്യാസ-ആരോഗ്യ മേഖലയിൽ വളരെ മുന്നിട്ടു നിൽക്കുന്ന കേരളം പോലുള്ള സംസ്ഥാനങ്ങൾ ജനസംഖ്യാ പരിണാമത്തിന്റെ നാലാംഘട്ടത്തിലേക്കു പ്രവേശിച്ചുകഴിഞ്ഞു. എന്നാൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന വടക്കേ ഇന്ത്യയിലെ ഹിന്ദി സംസ്ഥാനങ്ങളിൽ ഇപ്പോഴും ജനസംഖ്യാ പരിണാമത്തിന്റെ രണ്ടാംഘട്ടത്തിലാണ്.

വിവിധ പ്രദേശങ്ങളുടെ പരിണാമത്തിന്റെ ഘട്ടങ്ങൾ വ്യത്യസ്തമായിരിക്കുന്നതുപോലെ തന്നെ സമുദായാടിസ്ഥാനത്തിൽ പരിശോധിച്ചാലും വ്യത്യസ്തതകൾ കാണാം. ഇതിന്റെ അടിസ്ഥാനം മതവിശ്വാസമല്ല. മറിച്ച്, ആ സമുദായങ്ങളുടെ വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യ സാഹചര്യങ്ങളാണ്. ക്രിമീലെയർ ഉണ്ടെങ്കിലും ഇന്ത്യയിലെ മുസ്ലിം സമുദായം പൊതുവേ എടുത്താൽ നില പട്ടികജാതിക്കാരേക്കാൾ പല കാര്യങ്ങളിലും താഴ്ന്ന നിലയിലാണെന്ന് സച്ചാർ കമ്മിറ്റി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതുമൂലമാണ് സ്വാതന്ത്ര്യത്തിന്റെ ആദ്യദശകങ്ങളിൽ മുസ്ലിം ജനസംഖ്യയിൽ മറ്റു സമുദായങ്ങളെ അപേക്ഷിച്ച് ഗണ്യമായ വർദ്ധനയുണ്ടായത്. എന്നാൽ ഈ സ്ഥിതിവിശേഷം അതിവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്.

1991 മുതൽ ഹിന്ദുക്കളുടെ ജനസംഖ്യാ വർദ്ധനയും 2001 മുതൽ മുസ്ലിംങ്ങളുടെ ജനസംഖ്യാ വർദ്ധനയും കുറഞ്ഞു തുടങ്ങി. 1992-93-ൽ ഹിന്ദു സ്ത്രീക്ക് ശരാശരി 3.3 മക്കളും മുസ്ലിം സ്ത്രീക്ക് 4.41 മക്കളുമാണ് ഉണ്ടായിരുന്നത്. ഇത് 2019-21 ആയപ്പോഴേക്കും യഥാക്രമം 1.94-ഉം 2.36-ഉം ആയി കുറഞ്ഞു. മുസ്ലിംങ്ങൾക്കിടയിലാണ് സമീപകാലത്ത് ശീഘ്രഗതിയിൽ പ്രജനനനിരക്ക് കുറഞ്ഞുകൊണ്ടിരിക്കുന്നത്. ഈ സ്ഥിതി തുടർന്നാൽ അധികം താമസിയാതെ ഈ സമുദായ അന്തരങ്ങൾ പ്രായോഗികമായി ഇല്ലാതാകും.

അനിവാര്യമായ ഈ നിഗമനത്തെ മറികടക്കുന്നതിന് വർഗ്ഗീയവാദികൾ കണ്ടെത്തിയ മാർഗ്ഗമാണ് 1950 മുതലുള്ള ജനസംഖ്യാ വളർച്ചയെ ഒറ്റഘട്ടമായി പരിഗണിച്ച് കണക്ക് തയ്യാറാക്കുകയെന്നത്. അതുതന്നെ തെറ്റായ സ്ഥിതിവിവര കണക്ക് രീതി ഉപയോഗപ്പെടുത്തി ഊതിവീർപ്പിച്ച് സമുദായ സ്പർദ സൃഷ്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dr thomas isaacpakistan flagAsianet Suvarna News
News Summary - Pakistan Flag for Muslims: Dr. Thomas Isaac against Asianet kannada
Next Story