'പാകിസ്താൻ വിസ നിഷേധിച്ചിട്ടില്ല'; വിശദീകരണവുമായി ശിഹാബ് ചോറ്റൂർ
text_fieldsപാകിസ്താൻ വിസ നിഷേധിച്ചെന്ന വാർത്തയിൽ വിശദീകരണവുമായി ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്ക് കാൽനടയായി യാത്രതിരിച്ച ശിഹാബ് ചോറ്റൂർ. പാകിസ്താൻ തനിക്ക് വിസ നിഷേധിച്ചിട്ടില്ലെന്നും കാറ്റഗറിയിൽ വന്ന പ്രശ്‌നം മൂലമാണ് തടസ്സം നേരിടുന്നതെന്നും അദ്ദേഹം യൂട്യൂബിലും ഫേസ്ബുക്കിലും പോസ്റ്റ് ചെയ്ത വിഡിയോയിൽ അറിയിച്ചു.
തനിക്ക് ഇപ്പോൾ അനുവദിച്ച ടൂറിസ്റ്റ് വിസ ഒരു മണിക്കൂർ കൊണ്ട് ലഭിക്കുമായിരുന്നു. എന്നാൽ, വേണ്ടത് ട്രാൻസിറ്റ് വിസയാണ്. ടൂറിസ്റ്റ് വിസയിൽ പോയാൽ തനിക്ക് പാകിസ്താൻ സന്ദർശിച്ച് തിരികെ ഇന്ത്യയിലേക്ക് വരാം. എന്നാൽ, പാകിസ്താനിലെത്തി ഇറാനിലേക്ക് പോകാൻ ട്രാൻസിറ്റ് വിസയാണ് വേണ്ടത്. വാഗ അതിർത്തി വഴി പാകിസ്താനിൽ കയറി ഇറാനിലെ തഫ്താൻ ബോർഡർ വഴിയാണ് തനിക്ക് പ്രവേശിക്കേണ്ടതെന്നും ഇതിനായി വിദേശകാര്യ മന്ത്രാലയത്തിന്റെ ഒരു രേഖ കൂടി വേണമെന്നും അത് ലഭിച്ചാൽ ട്രാൻസിറ്റ് വിസ ലഭിക്കുമെന്നും ശിഹാബ് വ്യക്തമാക്കി.
യാത്രക്ക് തടസ്സം നേരിടാതിരിക്കാനാണ് ഇത്തരം കാര്യങ്ങൾ വെളിപ്പെടുത്താതിരുന്നത്. മറ്റുള്ള വാർത്തകൾ മാത്രം പ്രചരിച്ച് കാര്യങ്ങൾ വഷളായതിനാലാണ് ഇത് പറയുന്നത്. പ്രശ്‌നമുണ്ടെങ്കിൽ വിഡിയോ നീക്കം ചെയ്യും. മൂന്നു മാസത്തെ വിസയാണ് ഇറാഖും ഇറാനും അനുവദിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ ഒരു വർഷത്തെ വിസയാക്കി തന്നിട്ടുണ്ട്. സൗദി ഒരു വർഷത്തെ വിസ നൽകിയിട്ടുണ്ട്. ഇറാനും ഇറാഖും മൾട്ടിപ്പിൾ എൻട്രിയാണെന്നും സൗദി ടൂറിസ്റ്റ്-ബിസിനസ് വിസയും നടന്ന് ഹജ്ജിന് പോകാനുള്ള വിസയും നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രേഖകളൊക്കെ ശരിയാക്കി എംബസി വാക്ക് തന്നതിന് ശേഷമാണ് യാത്ര തുടങ്ങിയത്. വിസ ലഭിച്ച ശേഷം ദീർഘമായ യാത്ര തുടങ്ങാനാകുമായിരുന്നില്ല. ഇതിന് മുമ്പ് ആരും ഈ രീതിയിൽ യാത്ര ചെയ്യാത്തതിനാൽ മുൻകാല അനുഭവങ്ങൾ ചോദിച്ചു മനസ്സിലാക്കാനാകില്ല. 3200 കിലോമീറ്റർ നടന്ന് അതിർത്തിയിൽ എത്തിയിട്ടുണ്ടെങ്കിൽ ദൈവഹിതത്താൽ പാകിസ്താനും ഇറാനും കടന്ന് മക്കയിലെത്തി ഹജ്ജ് ചെയ്യും. മരണത്തിനല്ലാതെ ഒന്നിനും തന്നെ തടയാനാകില്ല -ശിഹാബ് പറഞ്ഞു. തന്റെ യാത്രയുമായി ബന്ധപ്പെട്ട് പല വ്യാജ വിവരങ്ങളും യൂട്യൂബിലും മറ്റും പലരും പ്രചരിപ്പിക്കുന്നുണ്ടെന്നു അദ്ദേഹം കുറ്റപ്പെടുത്തി. പാകിസ്താൻ അതിർത്തിയിൽ പലരും തന്നെ കാത്തിരിക്കുന്നുണ്ടെന്നും ഇന്ത്യൻ സർക്കാർ പിന്തുണക്കുന്നുണ്ടെന്നും ശിഹാബ് പറഞ്ഞു.
പാകിസ്താൻ ശിഹാബിന് വിസ നിഷേധിച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. പാകിസ്താനിലേക്ക് പ്രവേശിക്കാനാവാതെ പഞ്ചാബിലെ വാഗാ അതിർത്തിയിൽ 16 ദിവസത്തോളമായി ശിഹാബ് തുടരുകയാണെന്നായിരുന്നു റിപ്പോർട്ടുകൾ.
ജൂൺ രണ്ടിനാണ് ശിഹാബ് വിശുദ്ധ ഹജ്ജിനായി മക്കയിലേക്ക് യാത്ര തിരിച്ചത്. ബുധനാഴ്ച യാത്ര 126 ദിവസം പിന്നിട്ടു. സെപ്റ്റംബർ ഏഴിന് പഞ്ചാബിലെത്തിയ ശിഹാബ് ഇപ്പോൾ വാഗയിലെ ഖാസയിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.