സമവായശ്രമങ്ങൾ തുടരുന്നു; മതനേതാക്കളുടെ യോഗം വൈകീട്ട് തിരുവനന്തപുരത്ത്
text_fieldsതിരുവനന്തപുരം: പാലാ ബിഷപ്പിന്‍റെ വംശീയ പരാമർശങ്ങളിലെ വിവാദം തുടരുന്നതിനിടെ സമവായശ്രമങ്ങൾ പുരോഗമിക്കുന്നു. ഇതിന്‍റെ ഭാഗമായി മതനേതാക്കളുടെ യോഗം വൈകീട്ട് മൂന്നിന് തിരുവനന്തപുരത്ത് ചേരും. ക്രൈസ്തവ, മുസ് ലിം, ഹിന്ദു വിഭാഗങ്ങളുടെ പ്രതിനിധികൾ പങ്കെടുക്കും. മലങ്കര സഭ മേജർ ആർച്ച് കർദിനാൾ മാർ ബസേലിയോസ് ക്ലിമീസ് കത്തോലിക്ക ബാവ മുൻകൈ എടുത്താണ് യോഗം വിളിച്ചത്.
പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ, പാളയം ഇമാം വി.പി. ശുഹൈബ് മൗലവി, സ്വാമി ഗുരുരത്നം ജ്ഞാനതപസ്സി, ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം, ഡോ. ഹുസൈൻ മടവൂർ, ലത്തീൻ സഭ ആർച്ച് ബിഷപ്പ് ഡോ. സൂസൈപാക്യം അടക്കമുള്ളവർ പങ്കെടുക്കും.
പാലാ ബിഷപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാനായി മതനേതാക്കളുടെ യോഗം വിളിക്കണമെന്ന നിർദേശം ചാനൽ ചർച്ചയിൽ ഹുസൈൻ മടവൂർ മുന്നോട്ടു വെച്ചിരുന്നു. ഇതിന് ക്ലിമീസ് ബാവ മുൻകൈ എടുക്കണമെന്നും അദ്ദേഹം നിർദേശംവെച്ചു. ഈ നിർദേശം അംഗീകരിച്ച ക്ലിമീസ് ബാവയാണ് വിവിധ വിഭാഗങ്ങളുമായി സംസാരിച്ച് ഇന്ന് യോഗം ചേരാൻ ധാരണയായത്.
സമവായശ്രമങ്ങളുടെ ഭാഗമായി കെ.പി.സി.സി നേതൃത്വം വിവിധ മതനേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് ചർച്ചകൾ നടക്കുന്നത്. കൂടാതെ, സമുദായ നേതാക്കളുടെ യോഗം വിളിക്കുമെന്നും കെ.പി.സി.സി അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.